പറയാതിരുന്നത്


തിരശീലയ്ക്കു പിന്നിലായ്‌
താതനെന്ന ഓര്‍മ്മയല്ല
ഇന്നിന്‍റെ നീറ്റലായ് മാറിടുവത്...
ഒരു നോക്കു കാണുവാന്‍ കൊതിച്ച നേരം
ഒരു വാക്കു മിണ്ടുവാന്‍ കൊതിച്ച നേരം
ആ ചാരെയണയുവാനായില്ലല്ലോ...
അതിന്‍ കനല്‍ കെടില്ല ഇനിയുള്ള കാലം.

തൊട്ടരികെ, കൈയെത്തും ദൂരെ,
അല്ല, കൈയ്ക്കുള്ളില്‍ അവന്‍റെ
തണുപ്പ് അരിച്ചു കയറും നേരം
ആരോടിനി യാചിക്കേണ്ടൂ ഒരു
നിമിഷമെങ്കിലും എനിക്കായ്‌
നല്കിടുവാന്‍ എന്നറിയാതെ
വിതുമ്പാതെ വിതുമ്പിയ നേരം …
വിയോഗം തീര്‍ക്കും ശൂന്യതയെക്കാള്‍
മൃത്യുവിതാ വന്നെത്തുന്നുവെന്ന
അറിവെത്ര ദുഖകരം എന്നറിഞ്ഞ നേരം …

ഇന്നെങ്ങും തേടുവതിത്ര മാത്രം .,
ബന്ധനത്തിലായ നാവിനാല്‍
അന്യമാക്കിയ വാക്കുകള്‍ തന്‍ മധുരം,
സ്നേഹ മുത്തങ്ങളുടെ ചൂട്,
കൈവെള്ളയില്‍ നിന്നൂര്‍ന്നു പോയ
സ്നേഹ സാന്ത്വനം…

ഇനിയില്ല ഒന്നുമെന്നറിവില്‍ നിന്നും
മുന്പുണ്ടായിരുന്നവയുടെ തിളക്കം
കൂടുന്നതും അറിയുന്നു …
തിളങ്ങുന്ന ഓര്‍മ്മകള്‍ ഇന്നിന്‍റെ
ഇരുള്‍ മായ്ക്കുമെന്നൊരു വ്യാമോഹവും
പിടിമുറുക്കുന്നു, അയഞ്ഞു പോകുന്ന
ഹൃദയ തന്ത്രികള്‍ ആരിനി മുറുക്കുവാന്‍ …
ആരിനി മീട്ടുവാന്‍ … ആരിനി കേള്‍ക്കുവാന്‍…