ആത്മഗതം

ഇരുളിന്നാഴങ്ങളില്‍ എവിടെ നിന്നോ
ഇണക്കിളികള്‍ തന്‍ ആത്മവേദന
നേര്‍ത്തൊരീണമായ്, നൊമ്പരമായ്‌ ,
പ്രപഞ്ചമേറ്റു വാങ്ങീടവേ
ഉന്മേഷമില്ലാതുണരുന്ന അര്‍ക്കനിലും
തെളിയുന്നതിന്‍ പ്രതിഫലനം .

നെഞ്ചോടൊട്ടിയ ഓര്‍മ്മകളെ
കമ്പിളിയില്‍ പൊതിഞ്ഞു വച്ച്
വീണ്ടും കാണാമെന്ന പാഴല്ലാതൊരു
വാക്കും നല്‍കി പുറപ്പെട്ടത്‌
ഓര്‍മ്മ പോലും അല്ലാതാകുന്ന
ഇന്നിന്‍ ചാരം മൂടിയ കനല്‍
വാരിയെടുക്കാനായിരുന്നു എന്നത്
വൈചിത്ര്യം ആയിരിക്കാം .

അകക്കാമ്പില്‍ തെളിയുന്ന
ചിത്രങ്ങളില്‍ ഏതിനു നിറ-
മേതിനു നിഴലിന്‍ നിഴലു-
മെന്നതും അജ്ഞാതം .

പിടി തരാതലയുന്ന വന്ധ്യമേഘങ്ങളെ
പിന്തുടരാന്‍ മനസ്സ് വെമ്പിയതും
ഏതോ ഭ്രമാത്മകമാം ചിന്തകളാല്‍
ഒപ്പം യാത്രയാകാന്‍ പ്രേരിതമായതും
ജീവിതത്തിന്‌ നാനാര്‍ത്ഥങ്ങള്‍
കണ്ടെത്താനുള്ള ശ്രമം ആയിരുന്നിരിക്കാം.

അല്ലെന്നും , ഒരെയൊരര്‍ത്ഥം മാത്രം,
ഇതാണ് നേരായ വഴിയെന്നും
മന്ത്രിച്ചത് ഹൃദയം തന്നെയായിരുന്നു.
ഇളം കാറ്റേകിയ സുഗന്ധവും
കൊടുങ്കാറ്റിന്‍ രൌദ്രതയും
ഏറ്റു പാടിയ കവി തൊണ്ട-
പൊട്ടിയലറിയതും അതു തന്നെ
ആയിരുന്നു എന്നത് കാലത്തിന്‍
വികൃതി മാത്രമായിരിക്കാം .

സന്ധ്യയ്ക്ക്‌ കൂടണഞ്ഞ്
ഓര്‍മ്മകള്‍ തിരഞ്ഞവര്‍ക്ക്
നെറ്റിയില്‍ തൊടാനോ അതോ,
ഉമ്മറത്ത് തൂക്കാനോ,
ഇന്നിന്‍ ചാരം നല്‍കിയതെന്നത്‌
ഒരു കടങ്കഥയുമായിരിക്കാം.

അറിവും തിരിച്ചറിവും

ഉറയ്ക്കാത്ത ചുവടുകള്‍
മുറ്റാത്ത ചിറകുകള്‍
അരിഞ്ഞു വീഴ്ത്തുന്ന കാടത്തം
നിരത്തുന്ന നീതി ശാസ്ത്രം,
പിളരുന്ന ഹൃദയത്തിന്‍ നേര്‍ ‍പകുതി
ഉണക്കി സ്മാരകമാക്കണമെന്നത്രേ .

ഉപ്പുലായനിയില്‍ മുക്കിയും പൊക്കിയും
പിന്നെ ഉണക്കിയും രസിക്കട്ടെ ..
അതു കണ്ടുണങ്ങുന്നത്
സ്വഹൃദയമെന്നറിയുമ്പോള്‍ പിന്നീടൊരു
സ്മാരകം വേണ്ടെന്നതു തിരിച്ചറിവാകും .

വേദനകള്‍ക്കു പകരം വേദാന്തം
വിളമ്പി ഊരിന്‍ മാനം ,
മാനം മുട്ടെ വളര്‍ത്തുമ്പോള്‍
ചിതറിത്തെറിക്കുന്ന തൂവലുകളില്‍
രക്തക്കറ ഉണങ്ങിത്തുടങ്ങിയിരുന്നില്ല
എന്നാതാരറിഞ്ഞു ...?

അലറി വിളിച്ച വായ്
അടയാതെ തന്നെ നില കൊള്‍കെ
വായ്ക്കരി തേടി പോയവന്‍റെ പിണം
വഴി വക്കില്‍ ഉറുമ്പരിക്കുന്നു .
പൂക്കള്‍ ഒത്തുചേര്‍ന്ന് ഉരുണ്ടുരുണ്ട്‌
അവന്‍റെ നെഞ്ചില്‍ സ്ഥാനമുറപ്പിക്കുന്നു .

പുഞ്ചിരിയാല്‍ പുഷ്പ ഹാരങ്ങള്‍
മുന്നില്‍ നിരന്ന നാളുകളില്‍ ,
പിന്നിലെ കത്തികള്‍ കാണ്‍കെ
ആര്‍ത്തിയോടെ ആ നെഞ്ചിലേക്കു
പടരാന്‍ അവ വെമ്പിയതും കണ്ടതില്ല .
ദംഷ്ട്രകള്‍ തിളങ്ങുന്നു ,
നാവു നൊട്ടി നുണയുന്നു..
അറിയാതെ പോകുന്ന പിന്നാമ്പുറ-
ക്കാഴ്ചകള്‍ നല്‍കുമോ ,
മലരുകള്‍ക്കു പുത്തന്‍ കോലങ്ങള്‍ ?

ചാക്രികം

പഴുത്തിലയ്ക്കു യാത്രാമൊഴി ചൊല്ലാന്‍
പൂതിയോടെ കാത്തിരുന്ന പച്ചില വീണു.
ഏതോ വിരലുകളാല്‍ നുള്ളിയെറിയപ്പെടവേ
ഒരു തുള്ളി കറയിറ്റിച്ച് പാഥേയമൊരുക്കുന്നു താതന്‍ ...

വേരുകള്‍ ആലിംഗനം ചെയ്തെങ്കിലും
മാരുതനുടെ മനം മയക്കും പ്രലോഭനത്താല്‍
എങ്ങോ മറഞ്ഞ പച്ചില തന്‍ തേങ്ങലുകള്‍
ഉലച്ചതിനാലോ, അറിയാതെ പോയീ,
പഴുത്തിലയുടെ വിധി ആ മാതൃഹൃദയം...
അന്ത്യ കര്‍മ്മത്തിന്നായ് ഒരു തുള്ളി കറയിറ്റിയില്ല..
ആലിംഗനം ചെയ്തില്ല ശാഖകളുമേ ...

ഗുണമേറും മണ്ണു തേടി പാഞ്ഞ വേരുകള്‍
രക്തത്തെ തിരിച്ചറിയവേ,
തളിരുകളില്‍ തെളിഞ്ഞത് ഇന്നലെ
കണ്ടവരുടെ കരച്ചിലുറങ്ങിയ
പുഞ്ചിരിയായിരുന്നു ..

തായ് വേരിന്‍ മനം തുടിച്ചത്‌
ആ ഇളം തളിരിനെ പുണരാനായിരുന്നു.
എന്നിട്ടുമാ നാവു ചൊന്നത്
അറിയാതെ പോലും നോക്കരുതീ
നൂല്‍ ബന്ധങ്ങളെ എന്നായിരുന്നു.
തലയുയര്‍ത്തി തുള്ളിച്ചു തുള്ളിച്ചു
നിന്‍ ജീവിതം മുന്നോട്ടുന്തുക …

കൊടുങ്കാറ്റില്‍ സഹായിക്കും
നിന്നെ ആ ചില്ലകളെന്നാലും
അതുമൊടിഞ്ഞു വരിക താഴേയ്ക്ക്
എന്നത് ആ പടുമനസ്സിന്‍
ദുശ് ചിന്തകള്‍ മാത്രവും .

കാലവും ഞാനും

കരയരുത് നീയിനി കരയരുത്
കടലുകള്‍ നിന്‍ കണ്ണീരിന്‍
ഉപ്പു ഏറ്റു വാങ്ങുമെന്ന്
കരുതരുത് ...
അവയ്ക്കുണ്ട് മറ്റു ധര്‍മ്മങ്ങള്‍
എന്നത് മറക്കരുത് .

ചിരിക്കരുത് ...
അത് ഭ്രാന്തിന്‍റെ തുടക്കവും
ഒടുക്കവുമെന്നു വിധിയെഴുതാന്‍
കച്ചകെട്ടിയ വമ്പന്‍ ഭ്രാന്തുകളിവിടെ
കാത്തിരിക്കുന്നു ... മറക്കരുത് ...

മിണ്ടരുത് ...
നിന്‍ വാക്കുകള്‍
തേനില്‍ മുക്കിയ വിഷമെന്നും
വിഷം പുരട്ടിയ ശരമെന്നും
വിലപിക്കുവാന്‍ തൂലികകള്‍
ഉറക്കമിളയ്ക്കുന്നു .

എന്നിട്ടും ,
നിന്‍ മിഴികള്‍ വരണ്ടുണങ്ങുന്നതു വരെ
ചിരിച്ചു കൊണ്ടു നീ പുലമ്പുന്നുവോ ..
നിന്‍ ഭാഷണങ്ങള്‍ പതിച്ച കര്‍ണ്ണങ്ങള്‍
കണ്ണ് ചൂഴ്ന്നെടുക്കപ്പെടുന്ന കുരുന്നുകളുടെ
നിലവിളികള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നുവോ ...?
അറിയാ തീരത്തെവിടെയോ
ഉപ്പു പരലുകള്‍ തിരയുന്നുവോ
ആ വിരലുകള്‍ ..?

ചക്രവാളങ്ങള്‍ മൌനം പാലിക്കുന്നത്
നിന്‍ തേങ്ങലുകള്‍ക്ക് കാതോര്‍ക്കാനെന്നോ ...
ചിറകടിച്ചു പറന്നകലുന്നത്
മോക്ഷം തേടുന്ന ആത്മാക്കളെന്നോ ...
അപ്പോഴും ,
മുന്നിലും പിന്നിലും എന്നിലും
നിറയുന്ന ശൂന്യതയില്‍ മുഴങ്ങുന്നത്
നിന്‍ പ്രഭാഷണങ്ങളല്ലോ
എങ്ങും പ്രതിധ്വനിക്കുന്നതും അവയല്ലോ ...

അരുതുകള്‍ ഒത്തിരി ..
എന്നിട്ടുമെന്തേ ഇന്നു നീയെനിക്കു
നല്‍കിയീ മഹാ ശൂന്യത ..?
കാലമേ നിയതമാം നിന്‍ വഴിക്കു നീ പോകവേ
കഥയറിയാതെ ആട്ടം കാണുവോര്‍ ഞങ്ങള്‍
പിന്നാലെയും...
നമ്മെ ബന്ധിപ്പിക്കുവാന്‍
കാലപാശവും ...

പ്രിയ സഖീ

മയില്‍പ്പീലിയഴകായ് വരൂ സഖീ
നീയെന്‍ ചാരെ അണയൂ സഖീ

സുരലോക റാണിയായ് നീ വരും നേരം
പ്രകൃതി തന്‍ പുണ്യമായി വര്‍ഷവും വരും.

ഓരോ മഴത്തുള്ളിയിലും നിന്‍ രൂപമല്ലൊ-

രായിരം മുത്തുകളുടെ തിളക്കമായിരുന്നുവല്ലോ .
നിന്‍ ചിരിയില്‍ അലിഞ്ഞു പോയതെന്‍
ദുഖമല്ലതു ഞാനായിരുന്നുവല്ലോ .

നിന്‍ തപ്ത നിശ്വാസങ്ങള്‍ മൂലമോ
നിന്‍ ഹൃത്തിന്‍ ചലന ചടുതയാലോ
കാര്‍മേഘങ്ങള്‍ ഇത്ര വേഗമണയുന്നതെന്ന
സന്ദേഹം ഒട്ടുമേ മറയ്ക്കുവതില്ല ഇന്നു ഞാന്‍ .

ഒട്ടു ഞാനൊന്നു കാതോര്‍ക്കട്ടെ പ്രിയേ
ആ നെഞ്ചകത്തിന്‍ സ്വരലയത്തിന് .
ഇന്നാ താളത്തില്‍ അലിഞ്ഞു ചേര്‍ന്ന
എന്നെ ഞാനൊന്നു കണ്ടു കൊള്ളട്ടെ .

നന്ദി സഖീ നിനക്കൊരായിരം നന്ദി

എന്‍ ഹൃദയത്തെ കാത്തു സൂക്ഷിക്കുവാന്‍
എന്തു കാരണമെന്നറിവില്ലെന്നാലും അറിയുക,
നീ നേടിയത് പ്രണയമല്ലെന്‍ പ്രാണന്‍ തന്നെയല്ലോ .

ഇണക്കവും പിണക്കവും

മനസ്സേ എന്തേ നില്‍ക്കാത്തൂ
നീയെന്‍ കൂടെ .
മലകള്‍ കയറുന്ന ഞാനെങ്ങനെ
നീയില്ലാതെ മുകളിലെത്തും ..
മുള്ളുകള്‍ നിറഞ്ഞ വഴിത്താരകളില്‍
നീയില്ലാതെങ്ങനെ ലക്‌ഷ്യം കാണും .

സ്വപ്ന ലോകത്തേയ്ക്ക് പോകുമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
മരണ തീരത്തേയ്ക്ക് നടക്കുന്നു നീ ..
മരണ തീരത്തേയ്ക്ക് ഞാന്‍ പോകും നേരമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
പൂക്കളില്‍ നോക്കുന്നു നീ.

വെള്ളച്ചാട്ടങ്ങളിലൂടെ പതഞ്ഞൊഴുകുന്നത്
ലഹരിയാണെന്നു തെറ്റിദ്ധരിപ്പിച്ച്
എങ്ങു മറഞ്ഞു നീയെന്‍ മനസ്സേ ...
സമാന്തര രേഖകള്‍ക്ക് മുകളിലൂടെ
അലറിപ്പായുനത് ജീവിത സത്യമെന്നു
ചൊല്ലി മോഹിപ്പിക്കുനുവോ ..
അഗ്നിക്ക് തണുപ്പാണെന്ന് ചൊന്ന
നിന്നെ ഞാന്‍ പരിഹസിച്ചില്ലല്ലോ ..
സിരകളിലൊഴുകുന്നത് പാഴ്ജലമാണെന്നും
ഈ സമര ഭൂവില്‍ വളക്കൂറേകാനുള്ള -
താണെന്നും പറഞ്ഞതല്ലേ ഞാന്‍ .

പിന്നെന്തിനു നീയവയ്ക്കു നല്‍കീ
അക്ഷര രൂപങ്ങള്‍ ?
ഇന്നവയുമെന്നെ മാടിവിളിക്കുന്നു .
തൂലികത്തുമ്പില്‍ നിന്നൂര്‍ന്ന പൈതങ്ങള്‍
കുഞ്ഞരിപ്പല്ലുകള്‍ കാട്ടി വിളിക്കുന്നു
അവരുടെ ലോകം വിശാലമത്രേ ...
പ്രണയത്തില്‍ അവിശ്വസിച്ചവര്‍ പറയുന്നു
ഇവിടെ നിത്യ സത്യം പ്രണയം മാത്രമെന്ന് ...
ധീര വിപ്ലവകാരികള്‍ അഭിമാനത്തോടെ വിളിക്കുന്നു
വരിക ... സുവര്‍ണ്ണ സുന്ദര -
സമത്വ പൂര്‍ണ്ണമീ മായാലോകം...

നിലാവില്‍ തിളങ്ങുന്ന ശുഭ്ര വസ്ത്രം
ധരിക്കാനിനി എത്രയെത്ര പാഴ്വേലകള്‍
ചൊല്ലിത്തരും നീ
ദശാസന്ധികളില്‍ പതറാതെ
നീയെന്‍ കൂടെ വന്നാല്‍ നല്‍കാം
നിനക്കായ് ഞാനൊരു മണിമാളിക .
താഴേയ്ക്ക് പണിയുന്ന കൊട്ടാരത്തില്‍
സുല്‍ത്താനായ് വാഴിക്കാം ,
നമുക്കൊന്നായ് തുടരാം .

തിരഞ്ഞെടുപ്പ്

വരവായ് കാഴ്ചക്കോമരങ്ങള്‍
നാനാവിധ കാഴ്ച്ചകളുമായ് ..
കഴുതകളുടെ കാലുതൊട്ടു അനുഗ്രഹം -
തേടും ഭക്തരുടെ ആനന്ദാതിരേകം
കണ്ടു കോള്‍മയിര്‍ കൊള്‍ക ...

ഇന്നലെ ഇരുളിന്‍ മറവില്‍
വെട്ടിമാറ്റിയ തലയില്ലാ ഉടലിനു
ഇന്ന് കണ്ണീരോടെ പൂക്കളര്‍പ്പിക്കുന്ന
അധികാര മൃഗതൃഷ്ണ..

ദന്ത പരിപാലകര്‍ക്ക് ശുക്രകാലം
തെളിയുന്നിവരുടെ പുഞ്ചിരി തെളിച്ച്
എന്തും പറയാം ആര്‍ക്കുമിന്നേരം
മനം മയക്കും മന്ദസ്മിതത്താല്‍
ക്ഷമയുടെ പര്യായമാകുന്ന
അഭിനവ ആചാര്യന്‍മാര്‍ കാട്ടുന്ന
പാത പിന്തുടരാന്‍ കുട്ടിക്കഴുതകള്‍
പിന്നാമ്പുറത്തു കുപ്പായം ഒരുക്കുന്നു .

കൊമ്പത്തേറാന്‍ ‍ മത്സരിപ്പോര്‍
ചൊല്ലുന്നതൊക്കെയും വേദവാക്യമായി
കണ്ടോരു തലമുറ മറഞ്ഞ വിവരം
അറിയാത്ത ഇന്നത്തെ കഴുതകള്‍ ആര്?

ഇന്നലെ കടിച്ചോരു പാമ്പിനെ
ഇന്ന് പാലൂട്ടി തോളേറ്റുന്ന
കാഴ്ചകള്‍ മറയ്ക്കാന്‍ പലരും
നെട്ടോട്ടമോടുമ്പോള്‍ അറിയുക
നിങ്ങള്‍ക്കായി ഒരുങ്ങുന്നു വടികള്‍
ജനഹൃദയങ്ങളില്‍ ഏറെയേറെ .

കാറ്റത്തു പാറിയ പൊടിമണ്ണില്‍
മക്കള്‍ തന്‍ ചോരമണം അറിയുന്ന
അമ്മമാരുടെ തേങ്ങലുകള്‍
ഓര്‍ക്കുക നാം ഇത്തരുണം ...
പണത്തിന്നായ് നാടിനെ ഒറ്റിയ
പിണങ്ങളെ തിരിച്ചറിയുക നാം ...
ഭരണം മറന്ന അധികാരികളുടെ
നിഷ്ക്രിയത്വം കുരുക്കിട്ട
കര്‍ഷകര്‍ തന്‍ ദുര്‍വിധി മറക്കരുത് നാം ...
ബാലികമാരില്‍ കാമപ്പേക്കൂത്ത് നടത്തിയ
പിശാചുക്കളെ നിയമ പുസ്തകത്തിലൊളിപ്പിച്ച
അധികാര കോണിപ്പടികളെ തകര്‍ക്കുക നാം ...

ഇല്ലെങ്കില്‍ ,
ദിശാസൂചി നേര്‍ ദിശയിലല്ലെങ്കില്‍
ഇനി ഉറങ്ങുക ...
ചൂണ്ടു വിരല്‍ മടക്കി ഉറങ്ങുക നാം ...