വളപ്പൊട്ടുകള്‍

എന്തേ തല്ലിപ്പൊട്ടിച്ചൂ
നിന്‍ കുപ്പിവളകള്‍
എന്തിനായ്‌ തച്ചുടച്ചൂ
നീ അവയൊക്കെയും…
പിറന്നാള്‍ സമ്മാനമായ്‌
ഞാനണിയിച്ച വളകള്‍
ഇന്നെന്തിനായ്‌ പൊട്ടിച്ചു നീ
പൊട്ടിപ്പെണ്ണേ…

എന്നെയും നിന്നെയും നമ്മളെന്ന
ഒറ്റക്കമ്പി നാദത്തില്‍
ലയിപ്പിച്ച സ്വപ്‌നങ്ങള്‍
ഇത്രവേഗം ഉടച്ചു കളഞ്ഞതെന്തിനേ...
നിസ്സാരമൊരു ചൊടിയോടെ
എന്തിനെറിഞ്ഞൂ നിന്‍ സ്വപ്‌നങ്ങള്‍
എന്നെയെവിടെ കളഞ്ഞൂ നീ...?
നിന്‍ ഹൃദയത്തില്‍ നിന്നെന്നെ
എങ്ങു കളഞ്ഞു കൂട്ടുകാരീ...?

ശൂന്യമായ നിന്‍ കൈത്തണ്ടകളില്‍
നിസ്സംഗമായൊരു മനസ്സല്ല
കാണുവതു ഞാന്‍ ...
ഇനി അണിയിക്കുവാന്‍ സ്വപ്നങ്ങളില്ല,
ഇനി പെയ്യുവാന്‍ കാര്‍മേഘങ്ങള്‍ വരില്ല ...

കൂടിച്ചേരാനാകാതെ തേങ്ങുമീ
വളപ്പൊട്ടുകള്‍ തന്‍ ദുഃഖം
കാണ്മതില്ലേ പ്രിയ തോഴീ ...
കിനാവുകള്‍ക്ക് കൂട്ടായ് ,
ചിതറിയ വളപ്പൊട്ടുകള്‍ക്കിടയില്‍
ചില ചുവപ്പു തുള്ളികളായ് ഞാനും...

കാലവിശേഷം

കലികാലമല്ല ഇതു
കലിയ്ക്കും കഷ്ടകാലം .
കാലക്കേട്‌ മാറാനായ്
കലി നോമ്പു നോല്‍ക്കും കാലം.

കരുവാളിച്ച ദിനങ്ങളുടെ
പെരുക്കപ്പട്ടിക കണ്ടു
മടുക്കും കാലമിത്‌.
കടവു തേടിയലയുന്ന
തോണികളുടെ എണ്ണവും,
നിലയില്ലാക്കയത്തില്‍ മുങ്ങി –
ത്താഴുന്നവരുടെ എണ്ണവും
പരസ്പരപൂരകങ്ങള്‍
ആകുന്ന കാലം …

അനുവാചകന്‍റെ കാതില്‍
ഈയമുരുക്കിയൊഴിച്ചു,
സുഷുപ്തിയിലാണ്ടു കൊള്ളാന്‍
കല്‍പ്പിക്കുന്നവന്‍റെ കാലമിത്‌ ...
അശ്ലീലം ശ്ലീലമാകാന്‍
കൊമ്പത്തിരിക്കുന്നന്‍ മൊഴിഞ്ഞാല്‍
മതിയാകുന്ന കാലം.

മരിച്ചതല്ല, കൊന്നതാണ്,
ഞാനൊന്നൊതുക്കി തീര്‍ത്തതേയുള്ളൂ...
അതവരുടെ കാലം കഴിയും
നേരത്തായ് വന്നു ചേര്‍ന്നതാണെന്‍
കത്തിമുനയില്‍ എന്ന് പുലമ്പുന്നവന്‍റെ
വല്ലാത്ത കാലമിത്‌ …

മണ്ണുമാന്തി യന്ത്രങ്ങള്‍
ചുരണ്ടിയെടുക്കുന്നത് ജീവിതങ്ങള്‍
മാത്രമാകുന്നത്
അവയുടെ കാലം മോശ -
മായതിനാലാവാം …

രഹസ്യമായ് കാലവിശേഷം
പറയുന്നവരുടെ കാലദോഷം
മാറിടുവാനായ്,
ആരുടെയൊക്കെയോ കഴുത്തിലും
തലയിലും പിന്നെ മാനത്തുമായ്‌
അകന്നു പോയ മുത്തുകളെ
നോക്കി നെടുവീര്‍പ്പിടുന്നവന്‍റെ
സങ്കടങ്ങളുടെ കാലം ...

പ്രിയ മുത്തുകളെ കോര്‍ത്തെടുക്കുവാന്‍,
ഇഴകളേറെ പിരിച്ചു ചേര്‍ത്തിട്ടുമാ
ചരടിനു ബലമില്ലാതെ പോകുന്ന
നിസ്സഹായതയുടെ കാലമിത്‌ ...
ഏറെ പറഞ്ഞാല്‍ കലിയ്ക്കും ,
കലി വരും കാലമിത്‌ ...

എന്തിനെന്നറിയാതെ

എഴുതിത്തീര്‍ന്നു,
എല്ലാം എഴുതിത്തീര്‍ന്നു ...
ഇനി പൂര്‍ണ്ണ വിരാമം മാത്രം...
എഴുത്തിനും, എഴുത്തുകാരനും
വെറുമൊരു ബിന്ദുവില്‍
ഏറെ തുടക്കങ്ങളുടെ ഒടുക്കം മാത്രം …

കാലമെത്ര കഴിഞ്ഞു ഈ വല്മീകത്തില്‍ ...
സ്വയം തീര്‍ത്ത കുരുക്കുകളില്‍
കുടുങ്ങി എണ്ണിത്തീര്‍ന്ന ദിനരാത്രങ്ങള്‍ ,
കണ്ണടച്ചാല്‍ തെളിയുന്നതു വേര്‍തിരിച്ചറിയാന്‍
കഴിയാത്ത ഒരായിരം കറുത്ത പൊട്ടുകള്‍ ,
വലിയൊരു ബിന്ദുവായ്‌ രൂപാന്തരം
പ്രാപിച്ച പോലെ…

ദേശാടനമെല്ലാം എന്തന്വേഷിച്ചായിരുന്നു-
വെന്നത്, മറ്റാര്‍ക്കൊക്കെയോ കൈമോശം
വന്നതെല്ലാം വീണ്ടെടുക്കാന്‍ മാത്രം
ആയിരുന്നുവെന്നത്‌,
നാളെകള്‍ അന്യമായിരിക്കുമെന്ന
നഗ്നസത്യം മറച്ചു വച്ച ഇന്നുകളുടെ
വെറുമൊരു നേരമ്പോക്കെന്നോ...

നിറം മങ്ങിയ പ്രണയത്താളുകളില്‍
ഇന്നു തെളിഞ്ഞു കാണുവതെല്ലാം
കണ്ണീര്‍ത്തുള്ളികള്‍ എന്നോ വരുത്തിയ
നിറഭേദങ്ങളുടെ നിറഞ്ഞ മൌനം മാത്രം …

പറയാതെ പറഞ്ഞും, കരയാതെ കരഞ്ഞും
കാലം കഴിക്കുവാന്‍ , യാന്ത്രികമാം ജീവിതത്തിന്‌
തീരെ മധുരമി ല്ലെന്നതും സത്യം ...
ആഗ്രഹങ്ങള്‍ ചെറുതാകുമ്പോള്‍,
വിശാലമായ പാതകളില്‍ സന്തോഷത്താല്‍
മതിമറക്കുക വെറും സ്വാഭാവികം ...
ആനന്ദത്തിന്‍ നിറ വെളിച്ചത്തില്‍ കാഴ്ചകള്‍
വലുതായതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്നല്ലോ ...

പുതു വെളിച്ചം ജീവിതത്തിനും
ജീവനുമേകിയ ഊര്‍ജ്ജം
എന്തിനെന്നറിയാതെ എങ്ങോ ചോര്‍ന്നു പോകവേ
ഇനിയെന്ത് കാംക്ഷിക്കുവാന്‍ പുതുതായ്‌...
അര്‍ത്ഥമില്ലാതൊന്നുമില്ല ഈ ലോകത്തെന്ന
സത്യം പുലരണമെങ്കില്‍ ,
നിരര്‍ത്ഥകമായ ഈ ജീവിതം
ഇനിയുമെന്തിനുന്തണം മുന്നോട്ട് …

ഏതു രൂപത്തിലേതു ഭാവത്തില്‍
എന്നു വരും നീയെന്നരികെ
മരണമേ, നീ പുല്‍കും നാള്‍ കാതോര്‍ത്തിരിപ്പൂ...
നീളെ നീളെ എന്നു പറയിപ്പിക്കാതെ
തണുത്തുറഞ്ഞ കരങ്ങളാല്‍ പുണരുക നീ..
അല്ലെങ്കില്‍ , അനുവദിക്കുക നിന്നെ പുണരുവാന്‍ ,
ആ കൊടും തണുപ്പില്‍ ചേര്‍ന്നൊന്നാകാന്‍ .

വേദാന്തം

ആരോ ചെവിയിലോതിയ
വേദം കേട്ടു പഠിച്ച പോത്ത്
സന്യസിക്കുവാന്‍ പോയി…
പുറപ്പെട്ടു പോയ പോത്തിനൊരു
പകരക്കാരനെ വേണം ...
പകരക്കാരനെ വേണം...

പല നാവിന്‍ രസമുകുളങ്ങളും,
മസാലക്കൂട്ടുകളും , പച്ചയിറച്ചി
കെട്ടിത്തൂക്കാനുള്ള കൊളുത്തുകളും,
ചോരകുടിച്ചു വീര്‍ത്ത തടിക്കട്ടയും,
കാലങ്ങളായി തേച്ചു മിനുക്കിയ കത്തിയും,
അവസാന പിടച്ചില്‍ പോലും
അന്യമാക്കാന്‍ ഒരു പിടി കയറും,
ജീവശ്വാസമിടയ്ക്കു നിറുത്തുന്ന പാപം
കഴുകാനെന്ന പോല്‍ വായിലൊഴിക്കാന്‍
ഒരു കൈക്കുമ്പിള്‍ ജലവും,
പിന്നെ,
കൊന്തയും തലപ്പാവും,
രഹസ്യമായി ഭസ്മവും,
കാത്തിരിക്കുന്നു …

അമ്പിളിക്കലയില്‍ നിന്നു
നക്ഷത്രങ്ങളോട് പിണങ്ങിപ്പോയ
ജിന്നുകളെ ഭസ്മം മണക്കുന്ന
കുരിശെടുത്ത് ഓടിക്കുന്നു …
കുരിശിന്‍റെ കണ്ണുവെട്ടിച്ചു
പാഞ്ഞ സാത്താന്‍
ചന്ദ്രക്കീറിന്‍റെ വാളിനെ ഭയന്ന്
അമവസിയെത്തേടിപ്പോയീ ...
ശൂല മുനകളെ ഭയന്നോടിയ
മാടനും മറുതയും,
നിലാവത്തു തിളങ്ങുന്ന
കുരിശു കണ്ടമ്പരന്നു
അന്ധകാരം തേടി
പാതാളത്തിലേക്ക് പോയി...
പക്ഷേ,
ആരുമെവിടെയും പോത്തിനെ കണ്ടില്ലാ...
പകരക്കാരനെയും കണ്ടില്ലാ...

പാത്രത്തില്‍ കാടി കലക്കി വച്ചു
പിന്നിലൊളിപ്പിച്ച കത്തിയുമായി
നില്‍പ്പവരെക്കണ്ടാ പോത്ത്
കടലില്‍ച്ചാടി ആത്മഹത്യ ചെയ്തെന്ന
വാര്‍ത്ത അറിഞ്ഞില്ലാരും ....

അകലങ്ങളില്‍

നിനക്കായ് കരുതിയോരു പാരിജാതമിതാ
ചൂടുക നിന്‍ കൂന്തലില്‍ ...
ഇതളുകളോരോന്നും ചൊല്ലിടുമെന്‍
പ്രണയാര്‍ദ്ര നിമിഷങ്ങള്‍ തന്‍
വേദനയില്‍ ചാലിച്ച മധുരരാഗങ്ങള്‍ ...
ചുടുക നിന്‍ കൂന്തലില്‍ ...

കാത്തിരുന്നതെത്ര നാള്‍
ഇതെനിക്കായ്‌ വിരിയുവാനായ്‌...
നെയ്തുകൂട്ടിയ സ്വപ്നങ്ങളെത്ര
നീയൊന്നരികത്തെത്തുവാനായ്‌...

ഇന്നതു വിരിഞ്ഞ നേരം,
നീയെന്നരികത്തെത്തിയ നേരം
എന്‍ കരങ്ങള്‍ നിശ്ചലമല്ലോ
കാണുന്നു ഞാനാ പുഷ്പമെന്നാലും
കാണിച്ചു തരുവനാകുന്നില്ലല്ലോ
ഒരു നോട്ടത്താല്‍ പോലുമേ ...

എന്‍ പ്രണയ സുഗന്ധം പോലും
നീ അറിയാതെ പോകുവാനായ്‌
മാത്രമാണ് ഈ വകകളെല്ലാം
ഇന്നിവടെ പുകച്ചു തീര്‍ക്കുവതെന്നോ ...?

ചുറ്റിലും നിറഞ്ഞ കപടതകള്‍
കള്ളിമുള്‍ച്ചെടികളാല്‍ തീര്‍ത്ത-
മതിലുകള്‍ക്കിടയില്‍ ഞാന്‍ നട്ട
പാരിജാതമിതാ വച്ചു നീട്ടുന്നു ,
ആദ്യ പുഷ്പം, നിനക്കായ് ...
ചൂടുക, കാണട്ടെ ഞാനത്
അവസാനമായ്‌...