വെറുതെ ... വെറും വെറുതെ ...

വേണ്ടിനിയൊരു പത്രികയും
വേണ്ടിനിയൊരു ഫലകവും ...
വേറിട്ടതെന്നു മറ്റുള്ളോര്‍ ചൊല്ലുമീ
സ്വഭാവമിങ്ങനെ തന്നെയൊതുങ്ങി ,
മറവിയിലാണ്ടു പോകുമൊരു നാള്‍ .

സത്ഗുണ സമ്പന്നനല്ലെന്നാകിലും

ചൊന്നതൊക്കെയും നേരു തന്നെയായിരുന്നു .
നേരിന്നഗ്നിയില്‍ ജീവിതമെരിച്ചപ്പോള്‍
പുകഞ്ഞത് തല മാത്രം ...

ലാഭേച്ഛ കൂടാതെ നന്മ മാത്രം ചിന്തിക്ക -

രുതിനിയാരും എന്ന പാഠം
പഠിച്ചെന്നു പഠിപ്പിക്കുന്നൂ ഇന്നു ഞാനെന്നെ ...
ലോലമല്ലെന്‍ ഹൃത്തെന്നു വരുത്തുവാന്‍
പാഴ്വേലകളൊത്തിരി കാട്ടിക്കൂട്ടി വയ്പൂ ...

എന്നിട്ടും പഠിക്കാത്ത വിഡ്ഢീ ,

എന്തിനു പഠിക്കുന്നൂ , നീയിനി-
യെന്തിനായ്‌ ശ്രമിക്കുന്നൂ പഠിക്കുവാന്‍ ...
എന്തേ മറന്നു നീ , പോയ്‌മറഞ്ഞയാ-
നല്ല കാലം ... ഇനി വരുമോ ആ കാലം ...

കഥകള്‍ ചമയ്ക്കാനറിയായ്കയല്ല ,

എന്നാലുമെനിക്കിഷ്ടം കഥകയില്ലാ -
ക്കഥകളുടെയീ കൊച്ചു ലോകം .
ഇനിയും വരുമാ കാഴ്ചകളെന്നു
പ്രവചിക്കുവാന്‍ ആരു നല്‍കീ
അമാനുഷികതകള്‍ ...?

കഥയും പാട്ടും ഇഴചേരുമ്പോള്‍ ,

ഒരു പുതു വസന്തം സ്വപ്നം കാണുവാന്‍
മോഹിക്കുന്ന തരളിത ഭാവങ്ങള്‍ക്ക് ,
ആരൊക്കെയോ നല്കിടുന്നൂ ഉറപ്പുകള്‍ ...
ഉള്ളുപൊള്ളയാണെന്ന് അറിയാത്ത
വെറും പുറംപൂച്ചുകള്‍ ....

അറിയാം , എല്ലാമുരുക്കിക്കളയുന്ന

അഗ്നിയുടെ മുകളിലാണ് നമ്മുടെ വാസമെന്ന് ...
കെടാതെ ഞാനുമുള്ളില്‍ സൂക്ഷിക്കട്ടെ ,
അതില്‍ നിന്ന് കുറച്ചു കനല്‍ക്കൂമ്പാരം

തീരാക്കഥകള്‍

ഏഴാം വയസ്സില്‍ തനി -
ച്ചാക്കിപ്പോയ താതനെ
യോര്‍ത്ത് എഴുപതിന്‍റെ
നിറവിലും കണ്ണുകള്‍
നിറയുമായിരുന്ന ,
ഒരു മകനായിരുന്നു
എന്‍റെയച്ഛന്‍ .

അതോര്‍ത്തു നിറയുന്ന
മിഴികളൊപ്പുവാന്‍
നീളുന്ന പിഞ്ചു കരങ്ങളില്‍
നാളെയുടെ കണ്ണാടികള്‍ .
പ്രതിഫലിക്കുന്നത്
നിഴല്‍പ്പാടുകളില്ലാത്ത
ഇന്നലെകള്‍ .

മൂന്നു നേരം

രാവിലെ ,

കഴിഞ്ഞ രാവു മുഴുവന്‍
തല പുകച്ചതിന്‍ ഫലമായ്
ഒരു കവിത പിറന്നൂ ..
വരണമെല്ലാവരും
അനുഗ്രഹിക്കണം
വില കൂടുതലായതു
കൊണ്ടു തന്നെ ,
ഇത്തിരി പൊന്നുരച്ചു
നാവില്‍ പുരട്ടിക്കൊടുക്കണം .

ഉച്ചയ്ക്ക് ,

വിശാലമായി സദ്യയുണ്ട് ,
തേന്മാവിന്‍ ചോട്ടിലിരുന്ന് ,
തളിര്‍ വെറ്റിലയില്‍ നൂറു തേച്ച്
വിശാലമായി മുറുക്കിത്തുപ്പി ,
പുകഴ്ത്തണം
കവിത ഗംഭീരമെന്ന് …
പക്ഷേ , സദ്യയ്ക്ക് പായസം
രണ്ടുണ്ടായിരുന്നെങ്കില്‍ ….

രാവില്‍ ,

വൈകിട്ടത്തെ പരിപാടി കഴിഞ്ഞ് ,
കൊത്തിനുറുക്കണം
അതേ കവിത ..
പിന്നെ ,
പൊരിച്ച കോഴിക്കാലിനൊപ്പം
കടിച്ചു കീറണം ...
വെട്ടിവിഴുങ്ങണം മൂക്കുമുട്ടെ .
ഏമ്പക്കമൊന്നു നീട്ടി വിടാന്‍
മറക്കരുതെന്നു മാത്രം .

ഒരു ചന്ദനത്തിരിയുടെ ദിനക്കുറിപ്പ്

എതിരാളിയുടെ വലയിലേയ്ക്ക്
എത്ര പന്തു വേണമെങ്കിലും
അടിച്ചിടുക ...
അവരൊക്കെ കളി നിര്‍ത്തി പോയതൊന്നു
മാത്രം മറന്നിടാതെ .

ആര് , ആരെ ജയിച്ചുവെന്നത്‌
എന്‍റെയോ നിന്‍റെയോ സ്വകാര്യമല്ലെന്നും ,
കളികള്‍ നിയന്ത്രിക്കാനാകാതെ ആരൊക്കെയോ
നെടുവീര്‍പ്പിടുകയും , നെരിപ്പോടാവുകയും
ചെയ്യുന്നുവെന്നുമറിയുക ….

കനകമെത്ര വാരിയിട്ടിട്ടുമാ
തുലാഭാരത്തട്ട് താഴ്ന്നു -
നില്‍ക്കുന്നത് ആരുടെയൊക്കെയോ
പ്രാര്‍ത്ഥനാഫലം … അപ്പോഴും ,
കറുത്തപൊന്ന് നോക്കി രുദ്രാക്ഷമെന്നു
പറയുന്നത് , കാര്യമായെന്തോ
പിണഞ്ഞുവെന്നതിന്‍ തെളിവല്ലയോ …. ?

വല തകര്‍ത്തു പാഞ്ഞുപോയ ചില പന്തുകള്‍
വല്ലാതലഞ്ഞു വലയുന്നു ചുറ്റിലും .
പ്രായേണ വന്നിടും കളിക്കളത്തി -
ലവയെന്നു മോഹിച്ചവര്‍ക്ക്
ഹിമാലയത്തോളം മഞ്ഞു സ്വന്തം ...

ഉരുകുമത് ഏതെങ്കിലുമൊരു വേനലില്‍ ,
അനിവാര്യമായത് സമയം തെറ്റിയെത്തുമ്പോള്‍ ...
ഉറഞ്ഞുതുള്ളുമുള്ളത്തെ നിയന്ത്രണത്തിലൊതുക്കുവാന്‍ ,
അറിഞ്ഞതൊന്നും പോരാതൊരുനാള്‍ വലയുമായിരിക്കാം .

പിന്നിട്ട കാലത്തിന്‍ പാഠങ്ങള്‍
തീച്ചൂളയിലെരിഞ്ഞുപോയ ഓര്‍മ്മക്കൂമ്പാരങ്ങള്‍
എന്തു നല്‍കുന്നു നാളേയ്ക്കെന്നത്
പാഴ്വാക്കാകുന്നതും കണ്ട്‌
കണ്‍കള്‍ പാറപോലെ വരണ്ടുപോകുന്നത്
കാലത്തിന്‍ മായാത്ത മുദ്ര …

വട്ടിന്‍റെ പുതു പാലാഴി

അല്പം പൊളിയും പിന്നൊരു
വളയും ചേര്‍ന്നൊരുക്കിയാല്‍
സമസ്യാപൂരണം
സ്വന്തമായ് നടത്താം .

അപ്പോഴാര്‍ക്കും ബോധിക്കാത്ത
ഉത്തരങ്ങള്‍ താങ്ങാന്‍
ഒരു ഗൗളി പോലും
വരില്ലെന്നുമറിയുക .

സമാന്തരപാതകളെ
ബന്ധിപ്പിനായ് വരുന്നുണ്ട്
കണ്ണികള്‍ , കൃത്യമായ
അകലത്തില്‍ .

എങ്കിലും , കല്‍ക്കരിയില്‍
നിന്നും വൈദ്യുതിയിലേയ്ക്കുള്ള
ദൂരത്തെക്കാള്‍ കുറവാണ്
മടക്കയാത്രയെന്ന്‌ ഓര്‍ക്കാത്തത് ,
ആരുടെ ബോധാബോധങ്ങളുടെ
വ്യതിയാനം …?

ചതിക്കുഴികള്‍ അറിയാത്തവര്‍
പടുകുഴികളില്‍ക്കിടന്നു
നിലവിളിച്ചാല്‍ , കൂട്ടിനായ്
നാലതിരുകള്‍ മാത്രമേയുള്ളൂ -
വെന്നും ഓര്‍ത്തിടുക …

കുടിച്ച വെള്ളത്തില്‍
എന്തലിഞ്ഞു ചേര്‍ന്നിരുന്നുവെന്നത്
കുടിച്ചവനറിഞ്ഞില്ലെങ്കിലും
വെള്ളമെങ്കിലും അറിയേണ്ടതല്ലേ … ?

സമദൂരം

മനസ്സും മനസ്സും സമദൂരം
പാലിയ്ക്കാത്തയിടത്താണ്
മദ്യവും മദിരയും ഇണ -
ചേര്‍ന്നൊന്നായ് തീരുന്നത് .

മദ്യവും വിദ്യയും സമദൂരം
പാലിയ്ക്കാത്തയിടത്ത് നിന്നു
തന്നെയാണ് ആസുര താളങ്ങള്‍
ആടിത്തിമിര്‍ക്കപ്പെടുന്നത് .

സ്നേഹവും സ്നേഹവും
സമദൂരം എന്തെന്നറിയാതെ
വരുമ്പോഴാണ് അമ്മത്തൊട്ടിലുകള്‍
താരാട്ടിനു കാതോര്‍ക്കുന്നത് .

സദ്യയും വേദവും സമദൂരമ -
റിയാതെ പോകുമ്പോള്‍
ജഠരാഗ്നി, ഹോമാഗ്നിയ്ക്ക്
പകരക്കാരനായ് ഭാവിക്കുന്നത് .

നൊമ്പരങ്ങളും കാലവും എല്ലാ -
ദൂരവും വിട്ടകലുമ്പോഴാണ്
കണ്‍തടങ്ങളില്‍ ഉപ്പടിഞ്ഞു കൂടുന്നത് .

മനുഷ്യനും മനുഷ്യത്വവും
അകലുകയും , കത്തിയുമതിനേക്കാള്‍
മൂര്‍ച്ചയുള്ള വാക്കുകളും ,
സമദൂരത്തിന്നര്‍ത്ഥം മറക്കുമ്പോഴാണ്
ഹൃദയങ്ങളില്‍ സുഷിരങ്ങള്‍ വീഴുന്നതും ,
മണ്ണു ചുവക്കുന്നതും ,
ചില നേത്രങ്ങള്‍ക്ക് മാത്രം ഭംഗി -
തോന്നിപ്പിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍
പിറവിയെടുക്കുന്നതും,
ഭൂമി കരയുന്നതും.

കടമകളും കര്‍മ്മങ്ങളും
സമദൂരമെന്തെന്നു അറിയാത്തയിടത്ത്
പേറ്റുനോവും കണ്ണീരും ബാക്കിയാകുന്നു .

ദേഹവും ദേഹിയും
സമദൂരം വിട്ടൊഴിയുമ്പോഴാണ്‌
അഗ്നിയും ഈറനും
സമദൂരം വിട്ട്‌ അടുക്കുന്നത് .

കറുപ്പും വെളുപ്പും

കറുപ്പില്ലെങ്കില്‍ വെളുപ്പിന്നഴകുണ്ടാകുമോ –
യെന്ന ചിന്തയില്‍ നിന്ന് മുളപൊട്ടിയത് ,
വെളുപ്പില്ലെങ്കില്‍ കറുപ്പെങ്ങനെ കറുപ്പാകുമെന്ന
മറു ചിന്തയും , അതിന്നേഴഴകുണ്ടാകില്ലെന്ന
തോന്നലുകളുമായി പരിണമിച്ചു .

ചിന്തകളെ തൊട്ടിലാട്ടിയുറക്കി -
ക്കിടത്തി വെളുപ്പില്‍ നിന്ന് അവള്‍
കറുപ്പിലേയ്ക്ക് നടന്നു മറഞ്ഞു .
ആയിരം കൈകളവളെ വലിച്ചടുപ്പിച്ചീടവേ ,
റുപ്പിനാണ് അഴകെന്നുറപ്പിയ്ക്കാമെ –
ന്നവള്‍ ഉറപ്പിയ്ക്കുകയായിരുന്നു . ..

വെളുപ്പ്‌ കറുപ്പിനെ വിഴുങ്ങിയപ്പോള്‍
തന്‍റെ കാലുകള്‍ ഛെദിയ്ക്കപ്പെട്ടുവെന്നും
മേനി നഗ്നമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍
ഉറപ്പിച്ചതൊക്കെ തച്ചുടച്ചവള്‍ …

പാഞ്ഞു വരുന്ന കൂര്‍ത്ത കല്ലുകളെ
ഇരുകൈയാല്‍ തടുത്തു കൊണ്ടവള്‍
അലറി വിളിച്ചത് ,
വെട്ടി മാറ്റൂ ഈ തലയും കൂടി
എന്നായിരുന്നു . ..

ഇല്ലെന്നും , നിന്‍ വദനമിപ്പോഴും
കറുപ്പിനെ വിഴുങ്ങാന്‍ പ്രാപ്തമാന്നെന്നും
കാതിലാരോ മന്ത്രിച്ചപ്പോള്‍
തിരിച്ചറിയുകയായിരുന്നവള്‍ ,
കറുപ്പ് , വെളു വെളാന്നും
വെളുപ്പ്‌ , കറുകറാന്നുമാണെന്ന് .

ആ ഉറപ്പ്‌ ഒരിയ്ക്കലുമവള്‍
ഉടച്ചെറിയില്ലെന്നു തന്നെ
വിശ്വസിച്ചോട്ടെ ഞാന്‍ .

കാര്യങ്ങള്‍

കാര്യം പറയുന്നതിലല്ല കാര്യം
കാര്യമെങ്ങനെ പറയുന്നു -
വെന്നതിലത്രേ കാര്യം .
കാര്യമാരു ചൊന്നാലും
കാര്യമായെടുക്കേണ്ടതു മാത്ര
മെടുക്കലാണ് കാര്യം .

അറിഞ്ഞതില്‍ കാര്യമില്ലെങ്കില്‍
തലയിലേറ്റാതിരിക്കലും കാര്യം
തലയിലേറിയ കാര്യം
ഇറക്കി വിടാതിരിക്കലും കാര്യം .

ഹരിച്ചും ഗുണിച്ചും
കാര്യമാക്കുന്ന കാര്യങ്ങള്‍
ഹിതമല്ലെങ്കില്‍ വലിച്ചെറിയുന്നതാണ്
കാര്യമെന്നറിയലാണ് കാര്യം .

കാര്യകാരണ സഹിതം
വിളമ്പുന്ന കാര്യങ്ങള്‍ ,
വെറുമൊരു നോക്കിനാല്‍
കാര്യമല്ലാതാകുമെന്നതും കാര്യം .

കാലക്കേടിന് പല ചെറു കാര്യങ്ങളും
കാലപാശമായിടുമെന്നതും കാര്യം .
കലികാലത്തെ പഴിയ്ക്കുന്നതിലല്ല കാര്യം
കലിയെങ്ങനെയീ കാലത്തെ വെല്ലുന്നുവേന്നത്
കാലഹരണപ്പെടാത്ത വലിയ കാര്യം .

കാര്യങ്ങളിങ്ങനെ ചൊല്ലിയിരുന്നാലെന്‍
കിടാങ്ങളുടെ പശി മാറീടുവാന്‍
വേറെ കാര്യം നോക്കണമെന്നത്
അതിലേറെ വലിയ കാര്യം .

ഇന്നലത്തെ തൂവലുകള്‍ ...

പറയണമെന്നു തോന്നിയപ്പോഴെല്ലാം
കേള്‍ക്കാന്‍ നീയുണ്ടായിരുന്നില്ല...
നിന്‍റെ ഓര്‍മ്മകളിലെങ്കിലും
ഞാനുണ്ടാകുമെന്നോര്‍ത്ത്
എത്രയോ കടലാസുകളില്‍ വരച്ചിരുന്നു
അസ്വസ്ഥമാം മനസ്സിന്‍റെ നിഴല്‍ച്ചിത്രങ്ങള്‍ ...

ചാഞ്ഞും ചരിഞ്ഞും ഓര്‍മ്മകള്‍ക്ക്
മഞ്ഞിന്‍ നനുത്ത സ്പര്‍ശമേകിയും
പിന്നാലെ കൂടിയ അഴകോലും തൂവലുകള്‍
ഇന്നലെ ചിതറിയെന്നറിയുന്ന നൊമ്പരം ...

കുറിച്ചിട്ട വരികളില്‍ കുടുങ്ങി
പ്രാണന്‍ വെടിഞ്ഞ വാക്കുകള്‍ ,
മിന്നാമിന്നികളായ് അലയുന്നു...
തെളിഞ്ഞ ആകാശത്തിന്‍ കീഴെ .

കലങ്ങിയ മഴവെള്ളത്തില്‍
ഉറ്റു നോക്കുന്നൊരു കൊറ്റി...
പരല്‍ മീനവിടില്ല , അതവള്‍
പണ്ടേ മിഴികളില്‍ നിന്നെടുത്തു
പുഴയ്ക്കു കടം നല്‍കിയതറിയാതൊരു കൊറ്റി.
കാറ്റിലുലയുന്ന മുളം തണ്ടുകള്‍
പണ്ടു പൊഴിച്ച സംഗീതമോര്‍ത്തു
നെടുവീര്‍പ്പിടുന്നൊരു പുഴയും,
ഇന്നു തേടുന്നതതേ പരല്‍മീനിനെത്തന്നെയല്ലോ ...

നിര്‍വൃതി

ഇരുന്നു പോയീ മെഴുകു പ്രതിമ തന്‍ നാവുമായി
ഉരുകിയ മെഴുകെനിക്കു ദാഹമകറ്റുവാനായ് തന്നിടവേ ...
പറയാതെ കേട്ട വാക്കുകള്‍ക്കു നിങ്ങളേകിയ
നിര്‍വ്വചനങ്ങള്‍ പുലബന്ധമില്ലായ്കയാല്‍
ചേക്കേറിയതോ നിങ്ങള്‍ തന്‍ കുടക്കീഴില്‍
ചാക്കിലാക്കിയ രഹസ്യ സമ്പാദ്യമായി സൂക്ഷിച്ചിടുകയൊക്കെയും .

ഫലിക്കാതെ പോയ പ്രവചനങ്ങള്‍ ദുഖത്തിലാഴ്ത്തിയോ
ഫലകങ്ങളുടെ നിഴല്‍ വിരിയിച്ചുവോ മോഹതീരങ്ങളില്‍ ...
കാത്തിരിപ്പിന്നൊടുവില്‍ എത്തിയതേതു പ്രജാപതി തന്‍
കത്തിത്തീരാരായ കനവുകള്‍ക്കു ചാരെ .

വേദനയിലും കെടാതെ സൂക്ഷിച്ച പുഞ്ചിരി
കദനമാക്കുവാന്‍ കൊതിച്ചവര്‍ തന്‍ നിരാശ !
കാണ്‍കെ എന്തു ചെയവേണ്ടൂ അവര്‍ക്കായ് ....
കണ്‍കളില്‍ തെളിയുന്ന ഭാവ വ്യതിയാനങ്ങളാല്‍ ,
കാര്‍മേഘമില്ലാതൊരു മാനം നിര്‍ത്താതെ പെയ്യുന്നു .

മറച്ചിട്ടും എങ്ങുനിന്നോ മിന്നുന്ന പൊന്‍പ്രഭയാല്‍
മരിക്കാത്ത ചിന്തകളില്‍ ജീവിക്കുവാനായ്
മരണത്തെ നോക്കിയെനിക്കു ചിരിക്കുവാന്‍
മറക്കുടയിലൊളിപ്പിക്കാതിരിക്ക പുണ്യതീര്‍ത്ഥം .

എന്‍ഡോസള്‍ഫാന്‍

ഈ കൊടും വിഷം ഇനി മേല്‍ വേണ്ട
ഈ നാടിനും നാട്ടാര്‍ക്കും
ഗോസായിമാരാരെങ്കിലും കിമ്പളം
തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുന്ടെങ്കില്‍
മിണ്ടരുത് ഈ മണ്ണില്‍ ഇനിയുമതിന്‍
തേരോട്ടത്തിനായ് ....

ഏതെങ്കിലുമൊരമ്മ ,
തനിക്കു താങ്ങാനാകാത്ത
മകന്‍റെ ശിരസ്സ്‌ കണ്ടു
പൊള്ളിയോരു മാതൃ ഹൃദയം,
വിരലൊന്നു ചൂണ്ടിയാല്‍
ഭാസ്മമാകുമെല്ലാ അലങ്കാരങ്ങളും ...
പൊള്ളയായ പൊള്ളത്തരങ്ങളുടെ
ഗ്വാ ഗ്വാ വിളികളുടെ
ശവസംസ്കാരായിരിക്കുമന്ന്‌ ...

പ്രണയം മുതല്‍ പ്രണയം വരെ

1) ജീവന്റെ കണിക തേടി യാത്രയായാല്‍
ചെന്നെത്തുക ,
ജീവനും ഭൂമിയും പ്രണയിച്ചയിടത്തു
തന്നെയാകും.
ആര് , ആരെ പ്രണയിച്ചുവെന്നു
തേടിച്ചെന്നാല്‍ എത്തുക,
പ്രണയമെന്ന വികാരത്തോട് പോലും
പ്രണയം സൂക്ഷിച്ച ഹൃദയങ്ങളുടെ അടിത്തട്ടിലാകും .
ആശയ പ്രകടനത്തിന്
വാക്കുകള്‍ രൂപപ്പെട്ട നാളുകളില്‍ ,
പ്രണയമെന്ന വാക്കിനെയും പ്രണയിച്ച
സുമനസ്സുകളുടെ
ശ്രുതി ലയ മേലനങ്ങളിലാകും .

ജീവ കണികയുടെ അന്ത്യം
തേടിച്ചെന്നാലും എത്തിപ്പെടുക ,
പ്രണയം നിറം ചാലിച്ച
നീര്‍ക്കുമിളകളുടെ വര്‍ണ്ണക്കാഴ്ച്ചകളിലാകും .

അപ്പോഴും , പ്രണയത്തിനു പ്രണയം
ആദിയന്ത്യത്തോടു മാത്രമാവില്ല ,
ഓരോ നിമിഷവും ജീവസ്സുറ്റ
സ്മരണകളാക്കി മാറ്റിക്കൊണ്ടിരിക്കും ...
പ്രണയിച്ചു കൊണ്ടിരിക്കും ...

പ്രണയത്തിനു ചുറ്റുമാണ്
പ്രപഞ്ചമെന്നും ,
പ്രണയം അതില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും
അറിയാതെ പോകുന്നത് ,
ജീവിതം കഴിച്ചു കൂട്ടുവാന്‍ മാത്രം
തീരുമാനിച്ചുറപ്പിച്ചവര്‍ എന്നത് ,
ആരും സമ്മതിക്കാത്ത സത്യം …
സമ്മതം ആവശ്യമില്ലാത്ത സത്യവും ..

*******************************
2) പ്രണയിച്ചു പ്രണയിച്ച്
അവളുടെ ഹൃദയത്തിലേയ്ക്ക്
ഒടുവില്‍
കലഹിച്ചു കലഹിച്ച്
പിന്നിലേയ്ക്ക്
വീണ്ടും ഒരു പടി മുന്നിലേയ്ക്ക്
പിന്നെ .....

ഇന്നവള്‍
പ്രണയത്തിനും
കലഹത്തിനും
ഇടയില്‍പ്പെട്ടു ഞെരിഞ്ഞമര്‍ന്ന്
വേദനയുടെ മൂര്‍ദ്ധന്യതയില്‍
സ്വയം രക്തമൂറ്റിക്കളഞ്ഞു
ആരോ തെളിയ്ക്കുവാന്‍
കാക്കുന്ന
ഒരന്തിത്തിരിയായ് ...
...................................


അവനിപ്പുറത്ത്
ഒരു ചെറു മണ്‍കുടത്തില്‍
നിമജ്ജനം ചെയ്‌വാന്‍
ഒരിക്കലും എത്താനിടയില്ലാത്ത
കരങ്ങളെ കാത്ത് .........

യാത്ര

നീണ്ട കഥയാണു ജീവിതം ...
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...

പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...

ജനിച്ചവന്‍ ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...

ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...

ആറാറു മാസം കാടിനും നാടിനും പകുത്തു നല്‍കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...

ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം

മഞ്ഞുമലയുടെ നെറുകയില്‍
സ്വപ്ന കംബളം വിരിക്കുന്ന ,
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...

എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .

കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...

മനസ്സിലാക്കാത്തത് മനസ്സ് മാത്രം..
മനുഷ്യനറിയാത്തതും അതു മാത്രം..
മറന്നു വയ്ക്കുന്നതും അതത്രേ ..
മരണം ബാക്കി വയ്പതും അതു തന്നെ …


താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍ ,
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...

പ്രണയത്തിനു പ്രാണന്‍ നല്‍കിയവന്‍റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ,
പിടയുന്ന ജീവന്‍റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …

പ്രണയത്തിനു ജീവന്‍റെ വില നല്‍കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..

സ്നേഹത്തിന്‍റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്‍റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...

വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...

ഹൃത്തിന്‍ മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന്‍ അഗാധതയില്‍ നിന്നും പ്രാണന്‍
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .

മഴയുടെ ഈണം

എന്‍റെ എല്ലാ മഴയിലും നീ ഒപ്പമുണ്ടായിരുന്നു
കുളിരായ് നീയെന്നെ പുണര്‍ന്നിരുന്നു
നിന്‍റെ മഴയിലും ഒപ്പമുണ്ടായിരുന്ന ഞാന്‍
നനവായ് നിന്നിലലിഞ്ഞിരുന്നു .

ഇലച്ചാര്‍ത്തുകള്‍ കാത്തു വച്ചത് നമ്മുടെ
സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു...
പിന്നീടവ പൊഴിച്ചത് നമ്മുടെ
കുഞ്ഞുങ്ങളെയായിരുന്നു ...
അവര്‍ക്കുള്ള താരാട്ടായിരുന്നു
താരാട്ടിന്നീണങ്ങളായിരുന്നു ...

മരുഭൂമിയിലെ മഴയ്ക്ക്‌ പ്രണയത്തിന്‍റെ
മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ടോയെന്നു
കളിയായും കാര്യമായും നീ ചോദിച്ചിരുന്നു ...
പ്രണയത്തിന്‍റെ ഉന്മാദ ഭാവം തന്നെയാണു
മരുഭൂവില്‍ മഴ നല്‍കുന്നതെന്ന്
കാര്യമായിത്തന്നെ ഞാനറിയിച്ചിരുന്നു .

പിന്നീട് പൊഴിയുവാനായ് നമ്മുടെ മനസ്സിലായിരുന്നു
കാത്തു വച്ചിരുന്നതെന്നു മാത്രം ...
സ്വപ്നങ്ങളിലെ നമ്മുടെ കുരുന്നുകള്‍ക്കായ്
താരാട്ടിന്നീണം തേടി നമുക്കലയേണ്ടി വന്നിരുന്നില്ല .
പരസ്പരം കണ്‍കളില്‍ നോക്കി നമ്മള്‍ വായിച്ചിരുന്നു .
രാവേറെ ചെല്ലുവോളമത് മൂളിയിരുന്നു ..
സുഖദുഖങ്ങളുടെ ഏറ്റിറക്കങ്ങള്‍
ഈണങ്ങളായ് നമ്മള്‍ പകര്‍ന്നിരുന്നു ...

വേഴാമ്പലിനെ പോല്‍ കാത്തിരുന്നു നമ്മള്‍
പ്രണയം പൊഴിയുന്ന മഴകള്‍ക്കായ് ...
കുഞ്ഞുങ്ങള്‍ക്ക്‌ മറ്റൊരു താരാട്ടിന്നായ് ,
അവര്‍ക്കു കൂട്ടിന് ഇനിയുമേറെ
സ്വപ്ന സന്താനങ്ങള്‍ക്കായ് ...

ഇന്നു കാര്‍മേഘങ്ങള്‍ കാണ്‍കെ
മനസ്സു തേങ്ങിയത് ,
എന്‍ മനവും മാനവും ഒരു പോല്‍
തേടിയത് നിന്നെ മാത്രമായിരുന്നു ...

എന്നെ ത്തേടി എങ്ങോ അലയുന്ന
നിന്നെ ഞാനിനി എങ്ങു നിന്ന് കണ്ടെത്തുവാന്‍
മഴയുടെ ഇരമ്പലിനൊപ്പം ഞാന്‍ കേള്‍ക്കുന്നു
നിന്‍ മനസ്സു മൂളുന്ന ആ അപൂര്‍വ്വ രാഗം ...
പ്രണയത്തില്‍ ചാലിച്ചെടുത്ത,
നമുക്ക് മാത്രം അറിയാവുന്ന ,
കേള്‍ക്കാവുന്ന നമ്മുടെ സ്വന്തം ഈണം ...

ഈ മഴയിലെങ്കിലും എന്നില്‍ വീണ്ടും നീയലിഞ്ഞു
ചേരുമോയെന്നു മാത്രം മന്ത്രിക്കുന്ന
മനസ്സുമായ് കാത്തിരിക്കുന്നു ഇന്നു ഞാന്‍ ...
കാഴ്ചക്കാര്‍ക്ക് വെറുമൊരു ഭ്രാന്തനായ് ...

അശാന്തിയുടെ വിത്തുകള്‍

“തിളയ്ക്കണം ചോര ഞരമ്പുകളില്‍ “
എന്ന ആപ്ത വാക്യം ഇന്ന് രക്തം
തിളച്ചു തൂവുന്ന അവസ്ഥാന്തരം
പ്രാപിക്കുമ്പോള്‍ പല പാതകള്‍ക്കും
നിണപ്പാടുകളുടെ നിറപ്പകര്‍ച്ചകള്‍ …

ചരിത്രത്തിന്‍ ചവറു കൂനകള്‍ മാത്രം
ദൃഷ്ടിയില്‍ പതിയുവോര്‍ ചികഞ്ഞെടുക്കുന്നതെല്ലാം
ഇരുതല വാളുകള്‍ മാത്രമാകുമ്പോള്‍
പിളരുന്ന മാറുകള്‍ നിരപരാധിയുടേത് മാത്രമാകുന്നു …

വീണ്‍ ‍വാക്ക് പറഞ്ഞവന്‍റെ

നാവില്‍ ഗുളികന്‍ ;
വീണു മരിച്ചവന്‍റെ നെഞ്ചത്ത്‌

കൊലയാളി വക പുഷ്പചക്രം ;
കണ്‍കളില്‍ പകയുടെ അഗ്നി നിറച്ചു
രക്തക്കളങ്ങളുടെ ആകൃതി മാറ്റിമറിയ്ക്കുന്ന
പുത്തന്‍ അധീശക്കോയ്മ ..
അവയില്‍ ഹാസ്യം കലര്‍ത്തുന്ന
ആഭാസ ചേഷ്ടകളുടെ പുതുരക്തം ...

നാടു മാറ്റുവാന്‍ , നാട്ടാരെ മാറ്റുവാന്‍
കരാരെടുത്തവന്‍റെ കുടിയിലെ പട്ടിണി മാറ്റുവാന്‍ ,
പേരക്കിടാങ്ങളുടെ കണ്ണീരടക്കുവാന്‍
വിത്തെടുത്തു കുത്തുന്ന മുത്തശി …

വിതയ്ക്കാന്‍ വിത്തില്ലാതെ പടിഞ്ഞാറേയ്ക്ക്
പ്രത്യാശയുടെ നോട്ടമെറിയുന്ന കര്‍ഷകന്‍ ...
ഉഴുതു മറിച്ച പാടത്ത് ഒരു നോക്കുകുത്തിയായ്
അവന്‍; ഇന്നത്തെ കര്‍ഷകന്‍ ...
മട പൊട്ടി ഒഴുകി വരുന്ന രക്തം
നിലവിളി അവസാനിക്കാത്ത ചുടുചോര ...
നിമിഷ നേരം കൊണ്ട് വളര്‍ന്നു
നൂറു മേനി വിളയിക്കുന്ന പകയുടെ
വിത്തുമായ് ചെഞ്ചോര ...

ദിക്കുമാറി ഒഴുകി വരുന്ന വഞ്ചനയെ
മുക്കിക്കൊല്ലുവാനായ് ഓടിയണയാന്‍
വെമ്പല്‍ കൊള്ളുന്ന സമുദ്രങ്ങള്‍ ...
ജനിതക മാറ്റത്തിലൂടെ ആ ആഗ്രഹത്തിനും
തടയിട്ടവന്റെ ദംഷ്ട്രകള്‍ക്ക് തിളക്കമേറുന്നു ...

അന്തിച്ചു നില്‍ക്കുന്ന കര്‍ഷകന്‍റെ
തലയും തോളും കാക്കകള്‍ക്ക് വിശ്രമസ്ഥാനം
അവന്‍റെ മുതുകിലവയുടെ കാഷ്ടം...

ഇത്രയും പറഞ്ഞതിന്‍ പേരില്‍
എനിക്കായ് പണിത കത്തിയാഴ്ന്നിറങ്ങുന്നെന്‍ മാറില്‍
എങ്ങോട്ടൊഴുകണമെന്ന ആശങ്കയേതുമില്ലാതെ ,
മണ്ണില്‍ മറയുന്നെന്‍ ചോര …
ഒപ്പം എന്‍ വാക്കും ...

അച്ഛന്‍

മകനേ, നിന്‍ കൈ പിടിച്ചു നടത്തുവാന്‍
നിന്‍ നിറ മിഴികളോപ്പുവാന്‍
ഇന്നു വിരലുകളെനിക്കില്ലാ...
മകനേ, നിനക്കൊരു താങ്ങായിടുവാന്‍
ഇന്നെനിക്കു കൈകളില്ല...
മകനേ, നിന്‍ നെറ്റിയിലൊരു ചുടു ചുംബന -
മേകുവാന്‍ ചുണ്ടുമെനിക്കില്ലാ ...

നിദ്രാ വിഹീനങ്ങളാം പാതിരാവുകളില്‍
എല്ലാമോര്‍ത്ത്‌ നിന്‍ മിഴികള്‍ നിറഞ്ഞിടുമ്പോള്‍ ,
തലയിണയില്‍ മുത്തുകളടര്‍ന്നു വീണിടുമ്പോള്‍ ,
സാന്ത്വനമേകുമൊരു തലോടലിനായ് നീ
കൊതിച്ചിടുമ്പോള്‍ ,
നിന്നരികത്തണയുവാന്‍ കാലുകളും എനിക്കില്ലാ ...

ജീവിത പ്പെരുവഴികളില്‍ എവിടെയൊക്കെയോ നീ
പതറുമ്പോള്‍ ,
ആശ്രയമേതുമില്ലാതെ ശൂന്യതയില്‍ നീ
പരതുമ്പോള്‍
സ്വന്തം നിഴലുപോലും നിന്നില്‍ നിന്നകലുമെന്നു
ഭയപ്പെടുമ്പോള്‍
എന്നെയൊരിക്കലും അറിയിക്കാതെ ഉള്ളിലൊതുക്കിയ
നിന്നാശങ്കകള്‍
കാള സര്‍പ്പം പോലെ ഇന്നു നിന്‍ മനസ്സിനെ
കീഴടക്കുമ്പോള്‍ ,
മകനേ , ഈ അച്ഛന്റെ മനസ്സ് മാത്രം
നിന്നൊപ്പമുന്ടെന്നു അറിക ...
മകനേ , ഇതൊന്നു നിന്നെയറിയിക്കുവാന്‍
നാവു പോലുമില്ലാത്ത അച്ഛന്‍ ...
ആറടി മണ്ണില്‍ ഇന്നെനിക്കു ഞാനും അന്യന്‍ ...

തെറ്റുകള്‍

ഇരിക്കുക, അല്പം വിശ്രമിക്കുക
കുടിക്കുക, ദാഹമകറ്റുക
ഉറങ്ങുക, ഇറക്കുക ഭാരങ്ങള്‍
ഉണരുക, ഉന്മേഷവാനായ് ...
ഇത്രയുമേ ചെയ്തുള്ളൂ
ഞാനെന്‍ അതിഥിയോട് .

എന്നിട്ടുമെന്തിനായ് അപഹരിച്ചൂ
എന്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ...
എന്തിനായ്‌ കനല്‍ നിറച്ചൂ
എന്‍ തലയിണകളില്‍ ...

മുടിയിഴകള്‍ കത്തിയമര്‍ന്ന

ചാരത്തില്‍ പരതുവാന്‍ നിന്‍
വിരലുകള്‍ തുടിക്കുന്നത് പോലും
ഞാന്‍ അറിഞ്ഞിരുന്നതേയില്ലല്ലോ

കരളിന്‍റെ കഥകള്‍ പറഞ്ഞു -

കാളകൂട വിഷം കുടിപ്പിക്കുവാന്‍
മടിയേതുമില്ല നിനക്കെന്ന അറിവ്
വൈകിയുദിച്ച വിവേകമായ്‌ ...
ഇനിയില്ല പ്രയോജനമെങ്കിലും .

പഴയതും പുതിയതുമായ

കഥകള്‍ ഒത്തിരി കേട്ടു പഴകിയ
കാതുകളില്‍ ഘനമേറിയതൊന്നും
പറയരുതിനി , താങ്ങുവാനാകില്ല ...

അസ്ഥിത്തറകള്‍ തിരികളെ

കാത്തിരിക്കുമ്പോള്‍, എരിഞ്ഞു തീരുക
അവയുടെ നിയോഗം എന്നിനി
ആരും പഠിപ്പിക്കേണ്ടതില്ല ...
അല്പം എണ്ണ പകരുകയെന്നത്
നിന്‍ കര്‍മ്മം മാത്രം...
ആ ദീപം നിന്‍ മനസ്സില്‍
നിന്നും തമസ്സിനെ അകറ്റട്ടെ

നീയെടുത്ത, എന്‍ കാലടിയിലെ മണ്ണില്‍

നിന്‍ പ്രതിരൂപങ്ങള്‍ വളര്‍ന്ന്
നിനക്കു തന്നെ തണലായ്‌ തീരട്ടെ..
വളമായ്‌ നല്‍കാം അല്പം ചാരം.

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …

പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …

കാലം പറയട്ടെ

കാലത്തെ സാക്ഷിയാക്കുവാന്‍
മോഹിച്ചവര്‍
കാലത്തിന്‍ അടിമകളാകുമ്പോള്‍
സമയ നിഷ്ടകള്‍ ആര്‍ക്കുവേണ്ടി,
എന്തിനു വേണ്ടിയെന്നത്
സമയം തെറ്റിവന്ന
അറിവുകളായ്‌ ഭവിച്ചീടുന്നു …

വീര്‍ത്തു പൊട്ടാറായ രക്തക്കുഴലുകള്‍
വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുമ്പോള്‍
സമയമായില്ല എന്നു പറയേണ്ടി-
വരുന്നത് എന്ത് കൊണ്ടാവാം …?

ധമനികള്‍ മര്‍ദ്ദം താങ്ങാനാകാതെ
കേഴുമ്പോള്‍ കണ്ണീര്‍ച്ചാലുകള്‍ രൂപപ്പെടുന്നത്,
കാഴ്ചകള്‍ ഇനിയുമേറെ ബാക്കിയില്ലാത്ത
മിഴികളുടെ വകതിരിവില്ലായ്മ ആയിരിക്കാം...

രക്തം ദുഷിക്കുന്നുവെന്ന അറിവ്
കാലം നല്‍കുമ്പോള്‍ ,
തിരിഞ്ഞു നോക്കി കൊഞ്ഞനം കാണിക്കുന്നത്
സൈദ്ധാന്തിക മേന്‍മയെന്നു അവകാശപ്പെടുന്നത്
വിവരക്കേടിന്‍റെ മൂര്‍ദ്ധന്യത്തിലാവാം…

പ്രബന്ധങ്ങള്‍ വാരി നിരത്തി,
പരിശീലനങ്ങള്‍ സംഘടിപ്പിച്ച്,
പ്രോജ്വല കാലത്തെ കുറിച്ച്
പറഞ്ഞു കൊണ്ടേയിരിക്കുന്ന
വിഡ്ഢിത്തങ്ങളെ കണ്ണും പൂട്ടി
പരിഹസിക്കുന്നത് അവര്‍ക്കു പോലും
അജ്ഞാതമായ കാരണത്താലാവാം…

പുതു വസന്തം സ്വപ്നം കണ്ടവരുടെ
പുത്തനന്വേഷണം,
ഇനിയുള്ള വഴിത്താരകളില്‍
കെടാവിളക്കിനു ഇന്ധമാകേണ്ടത്
ഏതു ഹൃത്‌രക്തം എന്നതാകുന്നത്
സാക്ഷിയാകുവാന്‍ മടിക്കുന്ന
കാലത്തിന്‍റെ പ്രതികാരമാവാം…

രൂപാന്തരം

എന്നോടന്നവള്‍ ആവശ്യപ്പെട്ടതൊന്നു -
മാത്രമായിരുന്നു .,
"എനിക്കൊരു മകളെ തരൂ
ജീവിത കാലം മുഴുവന്‍ എനിക്കൊരു
നല്ല കൂട്ടായിരിക്കുവാന്‍ ..."

ഞാനാവശ്യപ്പെട്ടത്‌ ,
എന്‍റെ നല്ലൊരു കൂട്ടുകാരിയായ്‌
മാറുക നീയെന്നു മാത്രവും....
പകരം നിന്‍ ഇച്ഛ പോല്‍ ഭവിച്ചിടും
വരും നാളുകളില്‍ ...

പക്ഷേ, ഭോഗ തൃഷ്ണകളാല്‍
ജ്വലിച്ചു നിന്ന അഗ്നി കെടവേ,
അവള്‍ പറഞ്ഞത് മറ്റൊന്നായിരുന്നു ;
നീയെനിക്ക് സ്വന്തമായുള്ളപ്പോള്‍
എന്തിനു ഞാന്‍ വേറെ കൊതിക്കുന്നു…

ഇന്ന്,ഒന്നും മോഹിക്കാനില്ലെന്നു
വിധിയെഴുതി, മെഴുകുതിരികള്‍
ഓരോന്നായ്‌ കൊളുത്തി വയ്ക്കുന്നു.
ഉരുകുന്ന മെഴുകില്‍ നിന്നും
വിട വാങ്ങും നേരത്ത്
തീയുടെ ചൂട് കൂടിയത്
ഒരു നൊടിയിട അവന്‍റെ
ഉള്ളം പിടഞ്ഞതിനാലാകാം…

അതറിയാതെ,
ഉരുകിത്തീര്‍ന്ന മെഴുക്
പുതിയ രൂപത്തിലേയ്ക്ക്
ഉറയ്ക്കുകയായിരുന്നു ...