എന്റെയാദ്യ കരച്ചിലെത്രയോ കാതുകള്‍ –
ക്കിമ്പമേറും സംഗീതമായിരുന്നുവെന്നോ
അതു കേട്ടാനന്ദിച്ചവരൊക്കെയും
തന്നിരുന്നെനിക്കു മധുര മുത്തങ്ങളൊത്തിരിയന്ന് .
ബാല്യത്തിലെ വിശപ്പിന്‍ കരച്ചിലുകളെ-
ന്നമ്മയുടെ ഇടനെഞ്ചു തകര്‍ത്തിരുന്നെന്നും
ആദ്യ സംഗീതമാസ്വദിച്ച കാതുകളിലവ
പതിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നില്ല ഞാനന്ന് .
വാശികള്‍ക്കായ് ചിണുങ്ങിയ
കൌമാര കുസൃതിക്കരച്ചിലുകള്‍
മുഖ വിലയ്ക്കെടുത്തില്ലാരു –
മെന്നച്ഛന്‍ പോലുമേ …
യൌവ്വനത്തില്‍ തിളച്ചു തൂവിയ
രക്തത്തില്‍ പ്രണയം കലര്‍ന്നിരുന്നെന്നു
പ്രണയിനിക്ക് ബോദ്ധ്യമാകാതിരുന്ന നാളുകളില്‍
കടിച്ചമര്‍ത്തിയ കരച്ചിലുകള്‍
നാലു ചുമരുകള്‍ പോലുമറിഞ്ഞില്ല ...
അവസാന നാളുകളില്‍ ,
അകലങ്ങളിലായ മക്കളെയോര്‍ത്തും,
നഷ്ട സ്വപ്നങ്ങളെ എണ്ണിത്തിട്ടപ്പെടുത്തിയ
ഏറ്റക്കുറച്ചിലുകളോര്‍ത്തും
നിശബ്ദമൊഴുകിയ കണ്ണീര്‍ച്ചാലുകളെ
അടുത്ത കണ്ണു പോലുമറിഞ്ഞില്ല .
നാടു മുഴുവനറിഞ്ഞ
നിലവിളികള്‍ക്കിടയിലും
ഞാന്‍ തേടിയതെല്ലാം
എന്റെയാദ്യ കരച്ചിലായിരുന്നു
ഏവര്‍ക്കും ആനന്ദമേകിയ
ആദ്യ സംഗീതമായിരുന്നു.
സീമന്ത രേഖയിലെ സിന്ദൂരം
ചക്രവാളത്തിനു നല്കി നീ
വിറയാര്‍ന്ന കരങ്ങളാല്‍
വിതുമ്പലോടെ കൊളുത്തിയ
തിരിനാളമിന്നെന്നോടു മന്ത്രിക്കുന്നു,
നീ തേടിയ ഞാനിനി
ഇനിയെന്നും നിനക്കു
കൂട്ടായുണ്ടാകുമെന്ന് , തൊട്ടരികെ …
ഒടുവിലെ കൂട്ട്
Posted by സനില്‍ എസ് .കെ at 10/21/2008 08:45:00 PM
മോഹങ്ങളുടെ ശവപ്പറമ്പ്
Posted by സനില്‍ എസ് .കെ at 10/15/2008 02:45:00 PM
ആറടി മണ്ണിലുറങ്ങുന്നു മോഹങ്ങള്‍
ആയിരങ്ങളുടെ അഭിലാഷങ്ങള്‍
തേങ്ങുന്ന ആത്മാവുകളലയുന്നു
ഇനിയില്ലാ മോഹ സാക്ഷാത്കാരമെന്നറിയുന്നു …
ഉറ്റവരുടയവര്‍ നടത്തിടുമോ
ആശകളാം നൊമ്പരങ്ങള്‍ ...?
ഇനിയവരുടെ മോഹങ്ങളും ബാക്കിയാക്കി
വന്നണയുമല്ലോ ഈ കാട്ടിലെന്നോര്‍ക്കാതെ
പെരുക്കുമോ മോഹപ്പട്ടികകള്‍ മനസ്സിനുള്ളില്‍ ...?
നല്ലൊരു കൂര മക്കള്‍ക്കൊരു
നല്ല ഭാവി സുരക്ഷിതമായി ...
കുടുംബ നാഥനാകുന്ന മകനുമൊരു -
വീടിന്നലങ്കാരമാകുന്ന മകളും
പേരക്കിടാങ്ങളും നിറഞ്ഞ കാഴ്ചകള്‍
അകതാരില്‍ കണ്ടു പുളകമണിഞ്ഞ നാളുകള്‍ ...
എന്തിനതൊക്കെയും അന്യമാക്കി
ജഗത് നിയന്താവേ ….?
അടുത്തടുത്തെത്ര മോഹങ്ങളുറങ്ങുന്നിവിടെ ?
അടുത്തടുത്തു ജീവിച്ച നാളുകളിലീ-
മനസ്സുകള്‍ തമ്മിലറിഞ്ഞീലാ …
ഇന്നിവിടെല്ലാരുമറിയുന്നു ഞങ്ങളുടെ
മോഹങ്ങളെല്ലാം ഒന്നായിരുന്നെന്നും ,
വൈകിയ ഈയറിവില്‍ കഴമ്പില്ലെന്നും...
ഞാനൊരു മലയാളി
Posted by സനില്‍ എസ് .കെ at 10/09/2008 12:17:00 PM
വിശപ്പകറ്റാനൊരു വിഷക്കായെങ്കിലും തരൂ
നിങ്ങളെനിക്കൊരു വിഷക്കായെങ്കിലും തരൂ
ഇല്ലെന്റെ പാടത്തും പറമ്പിലുമതി -
നെനിക്കില്ലിന്നു പാടവും പറമ്പും.
പാടം കുഴിച്ചു കുഴച്ചു ചുട്ടെടുത്തും
കുന്നുകളിടിച്ചു കുളങ്ങള്‍ നികത്തിയും
കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്തിയപ്പോഴോന്നും
മറന്നതല്ലക്കാര്യം , നടുവേ ഓടി
ഞാനൊരു മലയാളിയെന്നു
തെളിയിക്കാനായി നടത്തിയോരു
പാഴ് വേലകള്‍ മാത്രം.
മുറ്റത്തെ മുല്ലയുടെയും തൂശനിലയുടെയും
ആറ്റിലെ മീനിന്റെയും
ആരോഗ്യപ്പച്ചയുടെയും
കുത്തകാവകാശം പാശ്ചാത്യനു
തീറെഴുതി കൊടുത്തിട്ടു വിശ്രമിച്ച
ഞാനൊരു മലയാളി …
ഇല്ലാക്കഥകളിലൂടെ ഇന്നലെകള്‍
ഗൃഹാതുരത്വം അയവിറക്കാനായി
കുപ്പിയില്‍ സൂക്ഷിച്ച
ഞാനൊരു മലയാളി ...
ചൂടു കൊതിച്ചടുപ്പുകള്‍ പുകക്കുഴലുകളെ
നോക്കി കണ്ണീര്‍ വാര്‍ക്കുന്നു .
ജഠരാഗ്നി കെടുത്താനീ
മണ്ണിലൊന്നും ബാക്കിയില്ലാ.
ഒരു വിഷവിത്തെങ്കിലും
തനിയേ വീണുമുളയ്ക്കാനൊരു-
നാഴി മണ്ണു പോലും ബാക്കിയില്ലാതെ ,
ഉണ്ടെന്നു പൊളി പാടുന്നവന്‍ ,
ഞാനൊരു മലയാളി ...
പാല്‍മണം മറന്ന പാല്‍ക്കുപ്പികളെ
പൈതങ്ങള്‍ പോലും മറന്നേപോയീ
താരാട്ടിന്നീണവും പണയം വച്ച
ഞാനൊരു മലയാളി ...
അയല്‍നാടിന്‍ വണ്ടികളെ കാത്തു
പൊരിയുന്ന വയറോടെ കാത്തിരുന്നു മടുത്തു
പ്രതീക്ഷകള്‍ അസ്തമിച്ച ഞാനിനി
മരിക്കാനായി തേടുന്നൊരു വിഷക്കായ
വേണമെനിക്കീ മലയാള മണ്ണില്‍
നിന്നൊരു വിഷക്കായെങ്കിലും
അങ്ങനെയും അഭിമാനിക്കട്ടെ
ഞാനെന്ന മലയാളി ...