എന്റെയാദ്യ കരച്ചിലെത്രയോ കാതുകള്‍ –
ക്കിമ്പമേറും സംഗീതമായിരുന്നുവെന്നോ
അതു കേട്ടാനന്ദിച്ചവരൊക്കെയും
തന്നിരുന്നെനിക്കു മധുര മുത്തങ്ങളൊത്തിരിയന്ന് .
ബാല്യത്തിലെ വിശപ്പിന്‍ കരച്ചിലുകളെ-
ന്നമ്മയുടെ ഇടനെഞ്ചു തകര്‍ത്തിരുന്നെന്നും
ആദ്യ സംഗീതമാസ്വദിച്ച കാതുകളിലവ
പതിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നില്ല ഞാനന്ന് .
വാശികള്‍ക്കായ് ചിണുങ്ങിയ
കൌമാര കുസൃതിക്കരച്ചിലുകള്‍
മുഖ വിലയ്ക്കെടുത്തില്ലാരു –
മെന്നച്ഛന്‍ പോലുമേ …
യൌവ്വനത്തില്‍ തിളച്ചു തൂവിയ
രക്തത്തില്‍ പ്രണയം കലര്‍ന്നിരുന്നെന്നു
പ്രണയിനിക്ക് ബോദ്ധ്യമാകാതിരുന്ന നാളുകളില്‍
കടിച്ചമര്‍ത്തിയ കരച്ചിലുകള്‍
നാലു ചുമരുകള്‍ പോലുമറിഞ്ഞില്ല ...
അവസാന നാളുകളില്‍ ,
അകലങ്ങളിലായ മക്കളെയോര്‍ത്തും,
നഷ്ട സ്വപ്നങ്ങളെ എണ്ണിത്തിട്ടപ്പെടുത്തിയ
ഏറ്റക്കുറച്ചിലുകളോര്‍ത്തും
നിശബ്ദമൊഴുകിയ കണ്ണീര്‍ച്ചാലുകളെ
അടുത്ത കണ്ണു പോലുമറിഞ്ഞില്ല .
നാടു മുഴുവനറിഞ്ഞ
നിലവിളികള്‍ക്കിടയിലും
ഞാന്‍ തേടിയതെല്ലാം
എന്റെയാദ്യ കരച്ചിലായിരുന്നു
ഏവര്‍ക്കും ആനന്ദമേകിയ
ആദ്യ സംഗീതമായിരുന്നു.
സീമന്ത രേഖയിലെ സിന്ദൂരം
ചക്രവാളത്തിനു നല്കി നീ
വിറയാര്‍ന്ന കരങ്ങളാല്‍
വിതുമ്പലോടെ കൊളുത്തിയ
തിരിനാളമിന്നെന്നോടു മന്ത്രിക്കുന്നു,
നീ തേടിയ ഞാനിനി
ഇനിയെന്നും നിനക്കു
കൂട്ടായുണ്ടാകുമെന്ന് , തൊട്ടരികെ …
ഒടുവിലെ കൂട്ട്
Posted by സനില്‍ എസ് .കെ at 10/21/2008 08:45:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ