പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍ പൂര്‍വ്വികരുണ്ട്
മരവുരിയുടുത്ത് കായ്കനികള്‍
ഭുജിച്ചവരവിടെ വാഴുന്നുണ്ട്
കല്ലുകള്‍ കൂട്ടിയുരച്ചു
തീക്കൂട്ടി തണുപ്പിനെ
തോല്‍പ്പിച്ചു കൊണ്ടവര്‍
മുളങ്കുറ്റികളില്‍ ലഹരിയില്ലാത്ത
നുരയുയരാത്ത വെള്ളം മോന്തി
കല്‍പ്പാത്രങ്ങളില്‍ പാകം ചെയ്തു
ഇലയില്‍ വിളമ്പുന്നവര്‍
മരവുരിയാല്‍ മറയ്ക്കപ്പെടാത്ത
സ്ത്രീയിടങ്ങളുടെ ,
അന്നം വിളമ്പിയ കൈകളുടെ
ഭംഗിയാസ്വദിച്ച് നയനങ്ങളാല്‍
മാനഭംഗം ചെയ്യുവോരില്ലവിടെ .
യന്ത്രങ്ങളാകുന്നില്ല പുലര്‍ച്ച മുതല്‍
സ്വന്തമാക്കുവാനൊന്നുമില്ല
സന്തോഷങ്ങളില്‍, വേദനകളില്‍
മൃഗങ്ങള്‍ പോലും സുഹൃത്തുക്കള്‍
ജാതി മത ഭ്രാന്തുകളില്ല
കൈക്കൂലിയില്ലഴിമതിയില്ല
വരവില്ല ചിലവില്ലതിനാല്‍
പൊട്ടിത്തെറിക്കാന്‍ വാതകക്കുറ്റികളില്ല
കത്തിത്തീരുന്നില്ല മക്കള്‍
പ്രണയ മുഖംമൂടിയിലൊളിപ്പിച്ച
പണഭ്രാന്തിന്റെ വികൃത മുഖങ്ങളില്ല
അംഗ പ്രത്യംഗം തുള്ളിച്ചു
ദേഹ വടിവ് ലോകത്തിനു മുന്നില്‍
അനാവൃതമാക്കുവാനായ് പെണ്‍മക്കളെ
പ്രോല്‍സാഹിപ്പിക്കുന്ന
പ്രദര്‍ശന മാമാങ്കങ്ങളുടെ
തല്‍സമയ ദൃശ്യങ്ങളില്ലവിടെ
പച്ച ജീവനോടെ മനുഷ്യര്‍
ചുട്ടെരിക്കപ്പെടുമ്പോള്‍
കസേരക്കാലിനു ഇളക്കം
തട്ടാതിരിക്കുവാന്‍ പാലിക്കുന്ന
നാണം കെട്ട മൌനത്തിന്‍
ഭരണ വൈകൃതങ്ങളില്ലവിടെ
ഒന്നിനെ നൂറു പേര്‍
പീഡിപ്പിച്ചതൊക്കെ നൊടിയിടയില്‍
മുന്നില്‍ നിന്നു പിന്നിലേക്കോടിച്ച് ,
ലോക സുന്ദരിയുടെ
അംഗവടിവിന്നളവുകള്‍
മുന്നില്‍ നിരത്തുന്ന
പത്ര ധിക്കാരങ്ങളില്ല.
ഇടനെഞ്ചില്‍ കുത്തേറ്റവന്‍
പിടഞ്ഞു മരിക്കണോ
പിടയാതെ മരിക്കണോയെന്നതിനു
അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന
ദൃശ്യ മാദ്ധ്യമക്കസര്‍ത്തുകളില്ല
ഒരു തുള്ളി ദാഹജലത്തിന്നായ്
കേഴുന്നവന്റെ വായില്‍
കൂടപ്പിറപ്പിന്റെ രക്തമിറ്റിച്ചു
കൊടുക്കുന്ന കോമരങ്ങളില്ല
ഇരുളില്‍ മറഞ്ഞിരുന്നു
കുതികാല്‍ വെട്ടുന്ന ,
കെണിയിലാക്കി
കൈകാലുകളരിഞ്ഞു രസിക്കുന്ന
ഭീരുക്കളില്ലവിടെ
പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍ പൂര്‍വ്വികരുണ്ട്
കായ്കനികള്‍ കാത്തു വച്ച്
ഗുഹാ മുഖത്തവരെന്നെ
കാത്തിരിക്കുന്നുണ്ടാവാം...
മടക്കയാത്ര
Posted by സനില്‍ എസ് .കെ at 9/09/2008 11:44:00 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ