ആധുനിക ചിലന്തികള്‍

തീക്കുണ്ഡമൊരുക്കി കാത്തിരിക്കുന്നു
ഈയാം പാറ്റകളെ പോല്‍
വന്നു വീഴുന്ന ഇരകളെ
ചുട്ടു തിന്നാനായ്
ആധുനിക ചിലന്തികള്‍

വല കെട്ടലില്ല ,
നേരം കളയാനില്ല
ചൂടേറ്റു വാടി വീഴുന്നവയെ
ഏറ്റം വേഗത്തില്‍ തിന്നേണം
ഏമ്പക്കമൊന്നു കഴിയേണം

ചതിക്കുഴികളില്‍ വീണവരെ
നോക്കി പല്ലിളിച്ചു കാട്ടുമീ
സുന്ദര വദനങ്ങള്‍
ദംഷ്ട്രകള്‍ക്കിടയിലൂടെ
പൊഴിഞ്ഞു വീഴുന്ന
നുരയ്ക്കുന്ന പുഴുക്കള്‍ക്കും
കൊമ്പു നാല് , കാലെട്ട് ...

സുരപാനം കഴിഞ്ഞാലിവര്‍ക്കില്ല
സൌഹൃദങ്ങള്‍, അറിയില്ല ,
അമ്മയാര് ... പെങ്ങളാര് ...
അമ്മയുടെ ഗര്‍ഭപാത്രത്തിനു
നേര്‍ക്കുമുയരും കാലുകള്‍
അച്ഛന്റെ കഴുത്തിലമരും കൈകള്‍

നൈമിഷിക സുഖത്തിനായ്
ഇഴയുമേത് ചെളിക്കുണ്ടിലും .
സത്യമാരു പറഞ്ഞാലും
തുറക്കുമാ വായ് ...
പൊഴിയുന്ന പുഴുക്കളെക്കണ്ടു
ബോധം കെടും നാം .

1 എന്തായാലും പറഞ്ഞോളൂ:

  ഫസല്‍ ബിനാലി..

2008, സെപ്റ്റംബർ 22 11:11 PM

വരികളിലെ തീക്ഷ്ണത അറിയുന്നു..
ആശംസകള്‍