പുറപ്പെടാമിനിയാ കുന്നിലേക്ക്
ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ കുന്നിലേയ്ക്ക്
ഉരുട്ടിത്താഴേയ്ക്കിടാന്‍ കല്ലില്ലെന്നോര്‍ത്തു
ഇത്ര നാളുമെന്‍ യാത്ര മാറ്റിവച്ചിരുന്നു .
അഹങ്കാരത്തിന്റെ കല്ലുകളെന്‍
ശിരസ്സിലുണ്ടെന്നു അറിഞ്ഞില്ലിത്ര നാളും.
തളര്‍ന്ന പാദമൊന്നു നോക്കിയോരാ
നിമിഷമിതാ വീഴുന്നു ശിരസ്സില്‍ നിന്ന് .
ഇനിയതൊക്കെ മലമുകളില്‍ നിന്നു
താഴെയ്ക്കുരുട്ടണം , പക്ഷേ തളര്‍ന്ന
പാദങ്ങള്‍ക്കൊരു താങ്ങായി വരുവതാര് ?
നിസ്സഹായത വന്നീടുകില്‍
പോയീടും ഞാനെന്നോതിയ
കല്ല് കാലില്‍ തട്ടി വിളിക്കുന്നു
കൊണ്ടു പോകൂവെന്നോതുന്നു .
മരണം പിരിക്കാതെ നോക്കാമെന്നോതിയ
കല്ലിന്റെ ഭാരമിന്നു താങ്ങാനാകുന്നില്ല .
കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന
മണല്‍ത്തരികള്‍ക്കുമിന്നു ഭാരമേറെ .
വന്യതകളുടെ അദൃശ്യ ഭാരവുമായി
പെരുകുന്ന എണ്ണങ്ങള്‍ കണ്ടു ഭയമൊട്ടു -
മില്ലാതെ മനമിന്നു തേടുന്നത് കാലുകള്‍ക്കു -
താങ്ങാനാകുന്ന കല്ലേതെങ്കിലും
ബാക്കിയുണ്ടോയെന്നു മാത്രം .
കല്ലുകള്‍
Posted by സനില്‍ എസ് .കെ at 11/10/2008 02:21:00 PM
നിശ്ചലം
Posted by സനില്‍ എസ് .കെ at 11/06/2008 08:57:00 PM
ഒരു തുള്ളി രക്തം പോലുമില്ലെന്‍ സിരകളിളിന്നു
ഒഴുക്കിക്കളഞ്ഞു സ്മൃതികള്‍ക്കായ് ... പലവഴികളില്‍ ...
മറക്കാതൊരു തുള്ളിയെങ്കിലുമെന്‍ ഹൃദയത്തിനു
കൊടുത്തിരുന്നുവെങ്കിലവനിന്നു നിത്യ ധ്യാനത്തിലമരില്ലായിരുന്നു .
പലതരം മറകള്‍ക്കു പിന്നില്‍ നിന്നമ്പുകള്‍
തുരു തുരാ പ്രവഹിക്കുന്നാ നിശ്ചല ഹൃത്തിനു നേരെ
പിന്നില്‍ നിന്നേതൊക്കെയോ കത്തികള്‍ തേടുന്നു ധമനികള്‍
രക്തദാഹികളുടെ മുരള്‍ച്ചകള്‍ ഇരുളില്‍ മുഴങ്ങുന്നു .
വെളിച്ചമായെങ്കില്‍ , വന്നെങ്കില്‍ കണ്മുന്നില്‍
ചൊല്ലാം ഞാന്‍ ഇനിയാ തുടിപ്പുകളില്ലെന്ന്
കൈയിലുണ്ടായിരുന്നത് ഒരുപിടി മധുരം മാത്രം
സ്നേഹ വാല്സല്യങ്ങളില്‍ പൊതിഞ്ഞ മധുരം ...
തരുവാനാനായില്ല ഇന്നെനിക്ക് , അതിന്മുന്നേ -
എന്‍ ജീവരക്തം കുടിച്ചു വിശപ്പകറ്റിയല്ലോ ...
കാണുമൊടുവിലാ കൈകള്‍, അറിയുമപ്പോള്‍ സത്യം ...
ചോരച്ചുവയുള്ള മധുരവും നുണയുമോ അന്ന് ...?
തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതുറക്കത്തില്‍ നിന്ന് ...
എന്നാലും , ഉണര്‍ത്തില്ലവസാന ഉറക്കത്തില്‍ നിന്ന് ...
കുന്തിരിക്കം പുകയുന്നയാ മുറിയില്‍ സത്യമൊന്നു മാത്രം
പറയാതെയറിയുന്ന , വിലയില്ലാതാകുന്ന സത്യം .
മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍
Posted by സനില്‍ എസ് .കെ at 11/04/2008 09:23:00 PM
മഴയേയെന്‍ പ്രിയ മഴയേ വരിക
മരവിച്ച സ്വപ്നങ്ങള്‍ക്കൊരു
ഉണര്‍ത്തുപാട്ടായ് വരികയെന്‍ തോഴാ
നിന്റെ അപദാനങ്ങള്‍ വാഴ്ത്താനിവിടെ
മല്‍സരിക്കുവാന്‍ ആളൊത്തിരിയെന്നറിയുക ...
പ്രണയാവേശത്താല്‍ ഭൂമിയെ
നീയാശ്ലേഷിച്ചീടുമ്പോള്‍
ഒളികണ്ണിട്ടു നോക്കി സൂര്യന്‍
തീര്‍ക്കുന്നൊരു മാരിവില്ലും
ആശംസകളുമായൊരു മയില്‍ നൃത്തവും
നാണത്തില്‍ മുങ്ങിയ നിലാവില്‍
ഈറനോടെ നില്‍ക്കുന്നാമ്പലും കൊതിച്ച്
സ്വപ്നങ്ങളില്‍ മയങ്ങി വന്നതും നീയല്ലേ ...
അപ്പോഴൊക്കെയും,
എന്റെ സ്വപ്നങ്ങള്‍ക്ക് കുളിര്‍മ്മയേകാനാനെന്നു
അന്നു ഞാന്‍ തെറ്റിദ്ധരിച്ചുവല്ലോ ...
കരിമൂര്‍ഖനും കീരിയും സൌഹൃദം
പങ്കുവയ്ക്കുന്ന നാട്ടിടവഴികളില്‍
ഇടവപ്പാതിയും തുലാവര്‍ഷവും
മല്‍സരിക്കുന്ന കൈത്തോടുകളില്‍
മടപൊട്ടിയ പുഞ്ചപ്പാടങ്ങളിലെല്ലാം
നിറഞ്ഞു നിന്നതും നീയല്ലേ ?
അന്നവിടെയെല്ലാം ഏകനായ് അലഞ്ഞു നടന്ന
എനിക്കു കൂട്ടായി വന്നതാണു നീയെന്നും
ഞാന്‍ തെറ്റിദ്ധരിച്ചുവല്ലോ ...
പ്രണയിനിയോടു കലഹിച്ച്
അട്ടഹാസത്തോടെ ആര്‍ത്തിരമ്പി വന്നതും നീയല്ലേ ?
ഭയന്നു വിറച്ചു ചൂളി നിന്ന അവളെ
തണുത്ത പുതപ്പിനാല്‍ മൂടിയതും നീയല്ലേ
വാവിട്ടു കരയുന്നവളുടെ കണ്ണീരു
കാണാതിരിക്കാനായ് കരിമ്പടം
പുതച്ചെത്തിയതും നീയല്ലേ ...
ഇതൊന്നുമറിയാതെ ,
എന്റെ ചുറ്റും , മുകളിലും കൂര്‍ത്ത മുള്ളുകള്‍
വിധി തീര്‍ത്തിരുന്നെന്നറിയാതെ ,
രാത്രി മഴയ്ക്കാരോ കാതോര്‍ത്തില്ലേ ...
എന്നാലും അവള്‍ നിന്നെ സ്നേഹിക്കുന്നു
നനുത്തൊരോര്‍മ്മ പോലെ വരുന്ന
നീയവള്‍ക്കേറെ പ്രിയപ്പെട്ടതല്ലോ .
വരണ്ട കുറെ സ്വപ്നങ്ങള്‍ക്കും സാന്ത്വനമല്ലോ ...
അതു പോല്‍ നിന്‍ വരവാര്‍ക്കൊക്കെയോ
സ്വപ്നങ്ങളുടെ ഉണര്‍ത്തു പാട്ടല്ലയോ ...
വരികയെന്‍ പ്രിയ മഴയേ വരിക ...
ആരുമറിയാതെയീ ജീവിതവും നിന്നിലലിയട്ടെ ...