മാറാത്ത കാഴ്ചകള്‍

ഇസങ്ങള്‍ വ്യഭിചരിക്കപ്പെട്ടപ്പോള്‍
പിറന്നു വീണ വൈരൂപ്യങ്ങള്‍
തട്ടിത്തടഞ്ഞു വീഴുന്നു പാതകളില്‍
ഇഴഞ്ഞു നീങ്ങുന്നു ഇന്നലെകളിലേയ്ക്ക്
ദുരന്തക്കാഴ്ച്ചകളായ്‌ ..,
ഇന്നിന്‍റെ നോവായ്‌ പടരുന്നു ….

കൈകളില്ലാതെ, കാല്‍കളില്ലാതെ,
എങ്ങും ചവിട്ടേറ്റ് ഞെരിയുന്നു..
വീര്‍ത്തുന്തിയ തലയോട്ടികളില്‍
തിളച്ചു മറിയുന്നു തലച്ചോര്‍ ...
അസ്തമയ സൂര്യനെടുത്ത മിഴിഗോളങ്ങള്‍
ബാക്കിയാക്കിയ ഗര്‍ത്തങ്ങളില്‍
തമസ്സ് നിറയുന്നു …

നാസിക എന്തെന്നറിയാത്ത കോലങ്ങളില്‍
ഘ്രാണശക്തി പരീക്ഷിക്കപ്പെടുമ്പോള്‍
ശ്രവണോപാധിയായ കുണ്ടുകളില്‍
ഒന്നിലൂടെ പോയവന്‍ ,
പലതിലൂടെ പുറത്തു ചാടുന്നു ….

ത്വക്ക് അന്യമായ, ചെഞ്ചോര-
ക്കട്ടകളില്‍ പുരണ്ട ഇന്നിന്‍റെ
അഴുക്കുകള്‍ ,നാളെയുടെ നേര്‍ക്കു
ചലമൊഴുക്കുമ്പോള്‍ , അമ്പരപ്പോടെ
തിരിയുന്നില്ല കാനയില്‍ ഒളിച്ച -
ഉടല്‍ വേര്‍പെട്ട തലകള്‍ .

ഇവയെ വാരിപ്പുണര്‍ന്നു
നിര്‍വൃതിയടയുന്ന ജനയിതാക്കള്‍
മദ്യലഹരിയില്‍, ശീതീകരണിയുടെ
മുരള്‍ച്ചയില്‍, മദിരാക്ഷിയുടെ
മാറില്‍ കാമകലയുടെ നവഗീതങ്ങള്‍
രചിക്കവേ, അടര്‍ന്നു വീഴുന്ന മുലകള്‍
ഏതോ അധരം തേടി യാത്രയാകുന്നു.

നഖക്ഷതങ്ങള്‍ പതിഞ്ഞ കവിളിണകള്‍
രേതസ്സ് പുരട്ടി ഉണക്കി മിനുക്കവേ,
തൂലികയിലെ അവസാന തുള്ളിയിലൂടെ
ആദ്യ സന്തതികളെ കൊന്നുടുക്കുന്നു.
നീരാളിയുടെ പിടിയിലമര്‍ന്ന
മേദിനിയുടെ അരവയര്‍ ഒഴിയുകയായ്‌...
മൂപ്പ് തികയാത്ത പുത്തന്‍ -
യാത്രക്കാര്‍ ഇഴയുകയായ്‌ ഇന്നലെയുടെ
ചവറുകൂന ലകഷ്യമാക്കി, നിശ്ശബ്ദം...

1 എന്തായാലും പറഞ്ഞോളൂ:

  മുരളിദാസ് പെരളശ്ശേരി

2009, സെപ്റ്റംബർ 9 8:54 PM

കവിതകളിലൂടെ ആളെ തിരിച്ചറിയാം ...പ്രോഫ്യ്ല്‍ ഇവിടെ അനാവശ്യമാകുന്നു ...
നന്മകള്‍ സൂക്ഷിക്കുക ..