പുച്ഛം... പരമ പുച്ഛം..
അച്ഛനുമമ്മയും പഴഞ്ചരായ്
പഴമ തന്‍ ഗന്ധം നിറയുന്നെങ്ങും
അതിനെ ദുര്‍ഗന്ധമെന്നോതി
മൂക്കു പൊത്തുന്ന പുത്തന്‍ മക്കള്‍ക്ക്
എല്ലാം പുച്ഛം .. പരമ പുച്ഛം..
ചേറിന്‍ ചൂരടിച്ചു വളര്‍ന്നവര്‍ക്കിന്നു
ചേറില്‍ മുളച്ച നെല്ലരി കണ്ടാലും ഓര്‍ക്കാനം.
അവരുടെ ലോകം വളര്‍ന്നൂ,
മൂക്കിന്‍ താഴെ മാത്രമായ് ചുരുങ്ങീ കാഴ്ചകള്‍...
വളര്‍ച്ചകള്‍ മേലേയ്ക്കു മാത്രല്ലെന്നവര്‍
പഠിച്ചത് കാലടിയിലെ മണ്ണ് യുഗങ്ങള്‍
താണ്ടി എങ്ങോ പോയ് മറഞ്ഞപ്പോള്‍ മാത്രം ..
ഇന്നെനിക്കു നഷ്ടമായതെന്നെ
ഇനി അവര്‍ക്കവരെ നഷ്ടമാകുവതും ഇന്ന് ..
നാളെ പിറവികൊള്ളും മക്കളവരെ
ഇന്നേ തള്ളിപ്പറഞ്ഞിരിക്കുമെന്നതും നിശ്ചയം..
വേണമെനിക്കവരുടെ ദുര്‍ഗന്ധമാം
സുഗന്ധങ്ങള്‍ എന്നോര്‍മ്മയിലെങ്കിലും
ഇത്ര നാളും ഞാന്‍ ജീവിച്ചതിവിടെയെന്ന
എന്‍റെ മാത്രം അത്ഭുതത്തോടെ എന്നുമോര്‍ക്കാന്‍ ...
പുത്തന്‍ കാഴ്ചകള്‍ക്കിടയില്‍
ഇന്നലെ മറന്നു വച്ച എന്നിലെ ഞാനവിടെയാ
കൈത്തോടിന്നരികെ കാത്തിരിക്കുന്നു..
അവനെയും കൂട്ടി പോകട്ടെ
ഞാനാ ചുടലക്കാട്ടിലേയ്ക്ക്.
പുതുമയില്ലാത്ത പഴമ
Posted by സനില്‍ എസ് .കെ at 1/27/2009 05:10:00 PM
ഗിനിപ്പന്നികള്‍
Posted by സനില്‍ എസ് .കെ at 1/17/2009 12:02:00 PM
ഞങ്ങള്‍ ഗിനിപ്പന്നികള്‍.
പരീക്ഷണ വിഷങ്ങള്‍ മുഴുവന്‍
ഏറ്റുവാങ്ങി, വേദനയുടെ
കാണാക്കയങ്ങളില്‍ ആണ്ടുപോകാന്‍
വിധിക്കപ്പെട്ടോര്‍.
കൊതിയൂറും വിഭവങ്ങള്‍ക്കു നടുവിലും
പട്ടിണിയുടെ പുത്തന്‍ പാഠങ്ങള്‍
പഠിച്ചും പഠിപ്പിച്ചും
ഞങ്ങള്‍ ഗിനിപ്പന്നികള്‍...
മുങ്ങിച്ചാകാന്‍ വേണ്ടത്ര വെള്ളമുണ്ടായാലും
തുള്ളി തൊടാതെ മരിക്കാന്‍ വിധിക്കപ്പെട്ടോര്‍.
മാനവരാശിക്കു വേണ്ടി
പുത്തന്‍ ഔഷധക്കൂട്ടുകള്‍ക്കായ്
കൂട്ടില്‍ ജന്മം കൊണ്ടു ,
ഇവിടെത്തന്നെയോടുങ്ങുന്നവര്‍ ,
ഞങ്ങള്‍ ഗിനിപ്പന്നികള്‍...
ഹേ, മനുഷ്യരേ,
നിങ്ങള്‍ക്കു വേണ്ടി എത്രയെത്ര
വിഷങ്ങള്‍ ഞങ്ങള്‍ രുചിച്ചു ?
എത്ര തരം വിഷങ്ങള്‍
സിരകളിലേറ്റു വാങ്ങി ഞങ്ങള്‍
കരഞ്ഞില്ല , ശപിച്ചില്ല
വിധിയെന്നോര്‍ത്തില്ല
പുണ്യമായ് കണ്ടു, എല്ലാം.
നിന്‍റെ കുഞ്ഞുങ്ങളുടെ ചിരി തൂകുന്ന
മുഖങ്ങളില്‍ എല്ലാ ദുഖവും മറന്നു ഞങ്ങള്‍.
നിങ്ങളോ ?
ലജ്ജയില്ലേ മനുഷ്യാ...
നീ പടച്ചു വിടുന്ന മാരകായുധങ്ങളുടെ
സ്ഫോടക ശക്തി അളക്കുന്നത്
ആ കുഞ്ഞുങ്ങളുടെ ശവക്കൂനകളുടെ
പൊക്കത്തിനനുസരിച്ചോ ?
ഉലകം നടുങ്ങും ശബ്ദത്താല്‍
അലിഞ്ഞു പോകുന്ന
ചാപിള്ളകളുടെ എണ്ണത്തിലോ ?
ഹേ , അധമന്‍മാരേ ,
നിനക്കിനി എന്തിനു മരുന്നുകള്‍
നിനക്കിനി എന്തിനു കുഞ്ഞുങ്ങള്‍
നിനക്കായ് എന്തിനു ഞങ്ങള്‍
വേദനയുടെ ലോകം വാഴണം ?
നിന്‍റെ പരീക്ഷണങ്ങള്‍
ഇനി അയലത്തെ മക്കളില്‍ തുടരൂ ...
നിന്നയല്‍ക്കാര്‍ നിന്‍റെ മക്കളില്‍
അവന്‍റെ വിഷം നിറയ്ക്കട്ടെ
ഞങ്ങള്‍ ഞങ്ങളുടെ വേദനകളുമായ്
കഴിഞ്ഞ ജന്മത്തിലേക്കു മടങ്ങിക്കൊള്ളാം
അവള്‍
Posted by സനില്‍ എസ് .കെ at 1/10/2009 03:03:00 PM
മനം തുളുമ്പും നിനവുകളാല്‍
തുളുമ്പി നില്‍ക്കുന്നു അവളുടെ മിഴികള്‍ ...
തുള്ളിയല്ലതൊരു തടാകമാണ് ..
സ്ത്രീയേ നിന്റെ ജീവിതത്തിന്റെ നിഴല്‍ വീണ തടാകം ...
ജീവിതപ്പാതയില്‍ പകച്ചു നില്ക്കുന്ന നിന്നെ,
കരിയും പുകയും മൂടി നിറം കെട്ടുപോയ നിന്നെ ,
ചുമടെടുത്തു നടുവൊടിയുന്ന നിന്നെ ,
കിടാങ്ങള്‍ക്കിത്തിരി അന്നത്തിനായ്
തുണിയുരിയേണ്ടി വരുന്ന നിന്നെ,
ആര്‍ത്തിയോടെ പിന്തുടരുന്ന കാമക്കണ്ണുകളില്‍
നിന്നു രക്ഷ തേടിയോടുന്ന നിന്നെ,
പ്രതിനിധീകരിക്കാന്‍ ലോക സുന്ദരിപ്പട്ടം-
ചൂടാന്‍ തുണിയുരിയുന്ന ആധുനികതയില്ലേ ...
ഇതിലേറെ എന്താണ് നീ തേടിയത്
ഇതിലേറെ ഏത് പട്ടമാണ് നീയാഗ്രഹിച്ചത് ...
പ്രണയത്തില്‍ വിഷം കലര്‍ത്തിയവളെന്ന
പേരുദോഷം നിനക്കു നേടിത്തന്നതും,
നിന്നില്‍ നിന്നു വന്നവര്‍ തന്നെ ,
സ്ത്രീത്വത്തെ കുഴിച്ചു മൂടുന്നതും,
കാലദോഷം മാത്രമെന്നെന്തിനു -
സ്വയം പരിതപിക്കുന്നു ...?
കാണാതെ പോകുന്ന മറുവശങ്ങള്‍
ഒളിക്കുന്നതു നിന്‍ നിഴലിലല്ലേ ?
നിന്റെ മാറില്‍ നിന്നടര്‍ത്തിയെടുക്കപ്പെടുന്ന
കുഞ്ഞുങ്ങള്‍ക്കും ശവക്കുഴിയ്ക്കുമിടയിലെ -
യകലം അളക്കാന്‍ കഴിയാത്ത വിധം
അടുത്തു പോയെന്നതും ഏതു കാലദോഷം...?
അപ്പോഴും തുള്ളി പോലും ചിന്തുന്നില്ല ആ തടാകം
ഹൃദയ നൊമ്പരങ്ങളുടെ ഉള്‍ച്ചൂടില്‍
ഒക്കെയും ബാഷ്പമായ് ....
ഏകാന്തതയില്‍ നോവായ് പടരുന്നത്
സ്വപ്നങ്ങളുടെ ഓര്‍മ്മയെങ്കില്‍
ഇനിയെന്തിനതു പേറണം നീ..?
വേദനിക്കാന്‍ മാത്രമായിട്ടീ ജന്മം
ആര്‍ക്കെങ്കിലും തീറെഴുതിയെന്നു
ആരു ചൊല്ലിപ്പഠിപ്പിച്ചൂ നിന്നെ ..?
സുഖമെന്നാല്‍ കൂടെ ദുഖവും
കാണുമെന്ന ശാസ്ത്രം ചൊല്ലി
രക്ഷയുടെ ദ്വീപു തേടി പലരുമൊളിക്കവേ ,
പിന്നിട്ട വഴിയില്‍ അവര്‍ മറന്ന
ബാധ്യതകള്‍ ഏറ്റെടുത്തു തളര്‍ന്നതും നീയല്ലേ ...
എല്ലാമൊന്നൊതുക്കണമിനി വേഗം
എങ്ങും തടയാതെ ഒഴുക്കണമെല്ലാ ഓര്‍മ്മകളും
പമ്പയിലോ ഗംഗയിലോ എന്നറിയില്ല ...
എന്നിട്ടൊരു ചങ്ങലയില്‍ ബന്ധിക്കണം -
മനസ്സിനൊപ്പം കാലുകള്‍ പായാതെ
നോക്കുവാന്‍ മന്ത്രങ്ങളുതകില്ലല്ലോ ...