ഞങ്ങള്‍ ഗിനിപ്പന്നികള്‍.
പരീക്ഷണ വിഷങ്ങള്‍ മുഴുവന്‍
ഏറ്റുവാങ്ങി, വേദനയുടെ
കാണാക്കയങ്ങളില്‍ ആണ്ടുപോകാന്‍
വിധിക്കപ്പെട്ടോര്‍.
കൊതിയൂറും വിഭവങ്ങള്‍ക്കു നടുവിലും
പട്ടിണിയുടെ പുത്തന്‍ പാഠങ്ങള്‍
പഠിച്ചും പഠിപ്പിച്ചും
ഞങ്ങള്‍ ഗിനിപ്പന്നികള്‍...
മുങ്ങിച്ചാകാന്‍ വേണ്ടത്ര വെള്ളമുണ്ടായാലും
തുള്ളി തൊടാതെ മരിക്കാന്‍ വിധിക്കപ്പെട്ടോര്‍.
മാനവരാശിക്കു വേണ്ടി
പുത്തന്‍ ഔഷധക്കൂട്ടുകള്‍ക്കായ്
കൂട്ടില്‍ ജന്മം കൊണ്ടു ,
ഇവിടെത്തന്നെയോടുങ്ങുന്നവര്‍ ,
ഞങ്ങള്‍ ഗിനിപ്പന്നികള്‍...
ഹേ, മനുഷ്യരേ,
നിങ്ങള്‍ക്കു വേണ്ടി എത്രയെത്ര
വിഷങ്ങള്‍ ഞങ്ങള്‍ രുചിച്ചു ?
എത്ര തരം വിഷങ്ങള്‍
സിരകളിലേറ്റു വാങ്ങി ഞങ്ങള്‍
കരഞ്ഞില്ല , ശപിച്ചില്ല
വിധിയെന്നോര്‍ത്തില്ല
പുണ്യമായ് കണ്ടു, എല്ലാം.
നിന്‍റെ കുഞ്ഞുങ്ങളുടെ ചിരി തൂകുന്ന
മുഖങ്ങളില്‍ എല്ലാ ദുഖവും മറന്നു ഞങ്ങള്‍.
നിങ്ങളോ ?
ലജ്ജയില്ലേ മനുഷ്യാ...
നീ പടച്ചു വിടുന്ന മാരകായുധങ്ങളുടെ
സ്ഫോടക ശക്തി അളക്കുന്നത്
ആ കുഞ്ഞുങ്ങളുടെ ശവക്കൂനകളുടെ
പൊക്കത്തിനനുസരിച്ചോ ?
ഉലകം നടുങ്ങും ശബ്ദത്താല്‍
അലിഞ്ഞു പോകുന്ന
ചാപിള്ളകളുടെ എണ്ണത്തിലോ ?
ഹേ , അധമന്‍മാരേ ,
നിനക്കിനി എന്തിനു മരുന്നുകള്‍
നിനക്കിനി എന്തിനു കുഞ്ഞുങ്ങള്‍
നിനക്കായ് എന്തിനു ഞങ്ങള്‍
വേദനയുടെ ലോകം വാഴണം ?
നിന്‍റെ പരീക്ഷണങ്ങള്‍
ഇനി അയലത്തെ മക്കളില്‍ തുടരൂ ...
നിന്നയല്‍ക്കാര്‍ നിന്‍റെ മക്കളില്‍
അവന്‍റെ വിഷം നിറയ്ക്കട്ടെ
ഞങ്ങള്‍ ഞങ്ങളുടെ വേദനകളുമായ്
കഴിഞ്ഞ ജന്മത്തിലേക്കു മടങ്ങിക്കൊള്ളാം
ഗിനിപ്പന്നികള്‍
Posted by സനില്‍ എസ് .കെ at 1/17/2009 12:02:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ