അവള്‍

മനം തുളുമ്പും നിനവുകളാല്‍
തുളുമ്പി നില്‍ക്കുന്നു അവളുടെ മിഴികള്‍ ...
തുള്ളിയല്ലതൊരു തടാകമാണ് ..
സ്ത്രീയേ നിന്റെ ജീവിതത്തിന്റെ നിഴല്‍ വീണ തടാകം ...

ജീവിതപ്പാതയില്‍ പകച്ചു നില്ക്കുന്ന നിന്നെ,
കരിയും പുകയും മൂടി നിറം കെട്ടുപോയ നിന്നെ ,
ചുമടെടുത്തു നടുവൊടിയുന്ന നിന്നെ ,
കിടാങ്ങള്‍ക്കിത്തിരി അന്നത്തിനായ്
തുണിയുരിയേണ്ടി വരുന്ന നിന്നെ,
ആര്‍ത്തിയോടെ പിന്തുടരുന്ന കാമക്കണ്ണുകളില്‍
നിന്നു രക്ഷ തേടിയോടുന്ന നിന്നെ,
പ്രതിനിധീകരിക്കാന്‍ ലോക സുന്ദരിപ്പട്ടം-
ചൂടാന്‍ തുണിയുരിയുന്ന ആധുനികതയില്ലേ ...
ഇതിലേറെ എന്താണ് നീ തേടിയത്
ഇതിലേറെ ഏത് പട്ടമാണ് നീയാഗ്രഹിച്ചത് ...

പ്രണയത്തില്‍ വിഷം കലര്‍ത്തിയവളെന്ന
പേരുദോഷം നിനക്കു നേടിത്തന്നതും,
നിന്നില്‍ നിന്നു വന്നവര്‍ തന്നെ ,
സ്ത്രീത്വത്തെ കുഴിച്ചു മൂടുന്നതും,
കാലദോഷം മാത്രമെന്നെന്തിനു -
സ്വയം പരിതപിക്കുന്നു ...?
കാണാതെ പോകുന്ന മറുവശങ്ങള്‍
ഒളിക്കുന്നതു നിന്‍ നിഴലിലല്ലേ ?
നിന്റെ മാറില്‍ നിന്നടര്‍ത്തിയെടുക്കപ്പെടുന്ന
കുഞ്ഞുങ്ങള്‍ക്കും ശവക്കുഴിയ്ക്കുമിടയിലെ -
യകലം അളക്കാന്‍ കഴിയാത്ത വിധം
അടുത്തു പോയെന്നതും ഏതു കാലദോഷം...?
അപ്പോഴും തുള്ളി പോലും ചിന്തുന്നില്ല ആ തടാകം
ഹൃദയ നൊമ്പരങ്ങളുടെ ഉള്‍ച്ചൂടില്‍
ഒക്കെയും ബാഷ്പമായ് ....

ഏകാന്തതയില്‍ നോവായ്‌ പടരുന്നത്
സ്വപ്നങ്ങളുടെ ഓര്‍മ്മയെങ്കില്‍
ഇനിയെന്തിനതു പേറണം നീ..?
വേദനിക്കാന്‍ മാത്രമായിട്ടീ ജന്മം
ആര്‍ക്കെങ്കിലും തീറെഴുതിയെന്നു
ആരു ചൊല്ലിപ്പഠിപ്പിച്ചൂ നിന്നെ ..?

സുഖമെന്നാല്‍ കൂടെ ദുഖവും
കാണുമെന്ന ശാസ്ത്രം ചൊല്ലി
രക്ഷയുടെ ദ്വീപു തേടി പലരുമൊളിക്കവേ ,
പിന്നിട്ട വഴിയില്‍ അവര്‍ മറന്ന
ബാധ്യതകള്‍ ഏറ്റെടുത്തു തളര്‍ന്നതും നീയല്ലേ ...

എല്ലാമൊന്നൊതുക്കണമിനി വേഗം
എങ്ങും തടയാതെ ഒഴുക്കണമെല്ലാ ഓര്‍മ്മകളും
പമ്പയിലോ ഗംഗയിലോ എന്നറിയില്ല ...
എന്നിട്ടൊരു ചങ്ങലയില്‍ ബന്ധിക്കണം -
മനസ്സിനൊപ്പം കാലുകള്‍ പായാതെ
നോക്കുവാന്‍ മന്ത്രങ്ങളുതകില്ലല്ലോ ...

1 എന്തായാലും പറഞ്ഞോളൂ:

  madhumuraleekrishnan

2009, ജനുവരി 10 4:14 PM

kolllllllllllllllllllllllllam