ചുവരുകള്‍

ആര്‍ത്തിരമ്പുന്ന ചിന്തകള്‍ക്ക്
വിരാമാമിടാനെത്രയോ പേര്‍
ഞങ്ങളെ സാക്ഷികളാക്കി ...
നിശ്ചലമാകുന്ന പങ്കയുടെ കാറ്റിനു
കൂട്ടായ് പോകുന്നു യാത്ര പറയാതൊരു
ചുടുനിശ്വാസവും ...

തീരാക്കടങ്ങളെത്ര എഴുതിത്തള്ളി
ഇവിടെത്തീര്‍ക്കപ്പെട്ട ലിഖിതങ്ങളാല്‍ .
ചെറിയോരു ലോഹക്കഷണത്താല്‍
ചെഞ്ചോരയോഴുക്കിയും
നിദ്രയിലൂടെ മാഹാനിദ്രയെ പൂകിയും ചിലര്‍
ഒരേ പാത്രത്തില്‍ നിന്നു പകുത്തെടുത്തു-
ജീവനെ ഒന്നാക്കിത്തീര്‍ത്ത കമിതാക്കളെത്രയോ...

നാട്ടാര്‍ക്കവിഹിതമെങ്കിലും
ഞങ്ങള്‍ക്കിതു ഹിതമെന്നോതി
പലരെയും അപമാനത്തിലാക്കിയും ചിലര്‍ ...
ആരാനും ചെയ്തോരു പാപഭാരം പേറി
കുടുക്കുകള്‍ മുറുക്കിയും ചിലര്‍
കുസൃതികള്‍ , പിന്നെ രതിയുടെ പാഠങ്ങള്‍
പഠിച്ചു രസിച്ചതും
പരീക്ഷാ വിജയമറിഞ്ഞു -
തേങ്ങലോടെ 'സ്വയംവരം' നടത്തിയതും
ചതികളില്‍ പെട്ടു മാനത്തിനായ് കേണതും
ഇവിടൊരു കുരുക്കില്‍ ലയിച്ചതും എത്രയെത്ര …

അവസാന പിടച്ചിലിനു മുന്നേ നൊമ്പരത്തോടെ
അമ്മേയെന്ന വിളിയുടെ പ്രതിദ്ധ്വനി പൊള്ളിച്ചതീ
ചുവരിലെ പാടുകള്‍
പിഞ്ചോമനകള്‍ക്ക് അവസാന ചുംബനമേകും
കാഴ്ചകള്‍ കണ്ടു പൊട്ടിയടര്‍ന്നതീ കുമ്മായക്കൂട്ടുകള്‍
മാനത്തിനായുള്ള അലറിക്കരച്ചിലുകള്‍
നല്‍കിയതീ വിള്ളലുകള്‍
ഒരിക്കലും അവസാനിക്കാത്ത വേദനകള്‍
ഞങ്ങളുടെയീ മങ്ങിയ നിറം .

ധൂര്‍ത്തുകള്‍ കൈയെത്തും ദൂരത്തു
ഞങ്ങളുടെ പുറം കാഴ്ചകളാകുമ്പോള്‍
അവസാന അന്നത്തില്‍ തുള്ളികളിറ്റിച്ചു
കുടുംബത്തോടെ നിത്യ മോചനം നേടുന്ന
ചുവരിന്നുള്‍ക്കാഴ്ച്ചകളും .…
ഇനിയുമെത്ര കാഴ്ചകള്‍ ഞങ്ങള്‍ക്കായ്‌ ബാക്കി ...

2 എന്തായാലും പറഞ്ഞോളൂ:

  അജ്ഞാതന്‍

2009, ഫെബ്രുവരി 8 4:59 PM

അവസാനപിടച്ചിലിനുമുന്‍പേ നൊമ്പരത്തോടെ അമ്മേ....എന്ന്...
നന്നായിരിക്കുന്നു.....

  സനില്‍ എസ് .കെ

2009, മാർച്ച് 4 9:06 AM

നന്ദി സബിതാ ....