മീസാന്‍ കല്ലില്‍ കൊത്തിവയ്ക്കേണ്ടത്

പുഞ്ചിരിയോടെ കൈ പിടിച്ചു കുലുക്കി
പിന്നെ സ്വന്തം നെഞ്ചത്തുവച്ച്
പറയാതെ പറഞ്ഞ സന്ദേശമെന്തെന്‍
പ്രിയ സുഹൃത്തേ ...പറയുക ..
നിന്നുള്ളില്‍ അവനെന്നോ

ഹൃദയം ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നോ ,
ശുദ്ധീകരിക്കുന്നു ബന്ധങ്ങളിലെ കലര്‍പ്പെന്നോ
പറവതില്ല നിന്‍ പുഞ്ചിരിയൊന്നുമേ ..

ഇന്നാ കൈ കഠാരപ്പിടിയിലമരുമ്പോള്‍ ‍
ഇടനെഞ്ചു പൊത്തി നിന്‍റെയാ ചങ്ങാതി
നിലത്തമരുമ്പോള്‍ ,
മായുന്ന നിന്‍ പുഞ്ചിരിയും
നിറയുന്ന ക്രൌര്യവും
അടയുന്ന കണ്ണുകളില്‍ നിന്നും
മറച്ചു നീയെടുത്തതവന്‍റെ വിവാഹ മോതിരമോ ...

മനുജാ നിന്‍ ചിന്തയും പ്രവൃത്തിയും
അറിയില്ല ദൈവത്തിനു പോലുമെന്നറിയുന്നു ...
എന്തിന്‍റെ പ്രതീകമായിരുന്നുവെന്നോ -
യെന്തിന്‍റെ ശിക്ഷയായിരുന്നുവെന്നോ
നിനക്കാരോടെങ്കിലും പ്രതിപത്തിയുണ്ടാകും നാളില്‍ ,
സൂര്യനു താഴെയവന്‍ വിശ്രമിക്കും നാളിലെന്നെങ്കിലും
മൊഴിയണം..

അല്ലെങ്കില്‍
രണ്ടു കരിങ്കല്ലില്‍ കൊത്തി
രണ്ടു ധ്രുവങ്ങളിലായ്‌ കുഴിച്ചിടുക ...
മുഖത്തോടു മുഖം കണ്ടവരമ്പരക്കട്ടെ ..
ഇടയില്‍ നിന്‍ ചങ്ങാതിയൊന്നുറങ്ങട്ടെ
മനസ്സമാധാനമായ് ...

2 എന്തായാലും പറഞ്ഞോളൂ:

  സുല്‍ |Sul

2009, മാർച്ച് 1 6:09 PM

നല്ല വരികള്‍ സുഹൃത്തേ. കരളില്‍ കൊണ്ടു.

-സുല്‍

  സനില്‍ എസ് .കെ

2009, മാർച്ച് 4 9:05 AM

നന്ദി സുല്‍ ....
പലതും മനസ്സിനെ അലട്ടുമ്പോള്‍
എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .
അത് ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം.