നിഴലുകള്‍

വേശ്യയുടെ കുഞ്ഞേ പോവുക
അസത്തേ പോവുക ദൂരേയ്ക്ക്,
ആട്ടിയോടിക്കുന്ന ആഢൃത്വം
ആര്‍ത്തിയോടെ പുല്‍കുന്നു വേശ്യയെ…

ചെറിയൊരു മറവിന്നപ്പുറത്തായ്
ഉറക്കിക്കിടത്തിയ കുഞ്ഞില്‍
ഏതോ ഹിംസ്രജന്തു
പുതുബീജം നിക്ഷേപച്ചത്
അറിയാതെയമ്മ കപട രതിമൂര്‍ച്ച
അനുഭവിക്കവേ, മാന്യന്‍റെ പോക്കറ്റിനു
അഗാധ തലങ്ങളുണ്ടെന്ന് ,
അത് അനന്തമാണെന്നു
പഠിക്കുകയായിരുന്നു…

ഇനിയൊരു വേശ്യ കൂടി
വേണ്ടെന്നോതി ആ കുരുന്നിന്‍
ആത്മാവ് പറന്നകലുമ്പോള്‍
ചൊല്ലിയതൊന്നു മാത്രം .,
നശിച്ച ലോകമേ,
കാമമോഹങ്ങള്‍ ഹവ്വയിലും
പരീക്ഷിക്കപ്പെടും മുമ്പേ
ദിനകരനില്‍ മാത്രം ദിനങ്ങള്‍ക്കു
തിളക്കം കൂട്ടുന്ന
കാപട്യത്തിന്‍ മേലേയ്ക്കു
ഹിമഗിരികള്‍ തകര്‍ന്നടിഞ്ഞിരുന്നെങ്കില്‍ ….

നീട്ടിത്തുപ്പി നടന്നകന്ന
ദുര്‍ഗന്ധ വാഹിയുടെ കീറിയ–
അടിവസ്ത്രത്തില്‍ ഭാരതമൊഴികെ ,
ഭൂഖന്ധങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു ,
അതുപോലും നീയര്‍ഹിക്കുന്നില്ലെന്ന്
എങ്ങുനിന്നോ വിതുമ്പലോടെ
ഒരു പിഞ്ചു സ്വരം …

കൂകിപ്പാഞ്ഞ തീവണ്ടിക്ക്
അന്നും നാവു നൊട്ടിനുണയാന്‍
അല്പം ചുടു ചോര …
നെന്ചോടോട്ടിയ പൈതലുമായ്
വേശ്യയുടെ തുറിച്ച കണ്ണുകളില്‍
ലോകത്തോടുള്ള പരിഹാസം ...

പിഞ്ചു മാംസം കടിച്ചു പറിച്ച
പട്ടിയെയും കാമദാഹത്തോടെ നോക്കുന്ന
സദാചാര മൊത്തക്കച്ചവടക്കാരുടെ
നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പാന്‍ അല്പം-
കഫം പോലും കടം വാങ്ങണമല്ലോ ….

വേശ്യയുടെ കുഞ്ഞേ പോവുക…
അനന്തതയിലേയ്ക്ക് പോവുക …
ലോകം ചീത്തയാക്കിയവര്‍ക്ക് ,
ലോകത്തെ ചീത്തയാക്കിയവര്‍ക്ക് ,
കാലം, വേണമെങ്കില്‍ മാപ്പ് നല്‍കട്ടെ ...

അറിയാതെ പോകുന്ന “അവന്‍റെ “ വിളികള്‍ ..

പാതിരാക്കോഴീ നീ
പിന്‍ വിളി വിളിക്കയോ ?
വരുവാനാവില്ല എന്നാലും നിന്‍
വിളി കേള്‍ക്കാതിരിപ്പതെങ്ങിനെ …?

വൈചിത്ര്യം നിറഞ്ഞതാം
താളഭംഗങ്ങളുടെ വിരുന്നൊ–
രുക്കുമീ ഭൂമികയില്‍
നീ മാത്രമല്ലേയുള്ളൂ വിളിപ്പാനായ്‌ …

സേവനം മറന്നവര്‍‍ ,
കടമകള്‍ മറന്നവര്‍ ,
അന്ത്യ കര്‍മ്മങ്ങളുടെ
തുടക്കക്കാരാകുമ്പോള്‍ ,
അനേകം കണ്ണുകളില്‍
ഘനീഭവിക്കുമാ നീര്‍ക്കണങ്ങള്‍
നിങ്ങളുടെ ഹൃദയങ്ങളില്‍
സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍
തീര്‍ക്കുന്നതറിയുന്നില്ലയോ ...?

ധാര്‍ഷ്ട്യങ്ങളുടെ തഴമ്പ് തെളിഞ്ഞ
കരങ്ങളാല്‍ വലിച്ചിടുക
സഹോദങ്ങള്‍ തന്‍ മുഖത്തേയ്ക്ക് ,
നിറം മങ്ങിയ ആ ചേലത്തുമ്പ്‌...
അല്പം കൂടെ മുകളിലേയ്ക്ക്
വലിച്ചിടുക …. അങ്ങനെ ,
ഒളിക്കുക, പല മിഴിമുനകളില്‍ നിന്ന് ...

ഇനിയൊന്നു മാത്രം,
ഇനിയൊരിക്കലും ദുസ്വപ്നമായ് ‌
ജീവന്‍ പിടയുന്ന കാഴ്ചകള്‍
വരാതിരിക്കുവാനായ്‌,
എത്ര ചേലകള്‍ വലിച്ചിടണമെന്നു
നീ മാത്രം തീരുമാനിക്കുക …
ഒടുവില്‍ ,
ഒരേയൊരെണ്ണം
പാതിരാപ്പുള്ള് നിനക്കായ്
വലിക്കും മുന്നേ ….

പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …

ഇലച്ചാര്‍ത്തുകള്‍ എന്തിനായ്
പാഴ്പണികള്‍ ചെയ്‌വൂ ...
തടയുവാന്‍ നോക്കുവതെന്തിനേ
അവയീ മഴ തന്‍ പ്രണയ ഗീതങ്ങള്‍ ...

നിന്‍ സാമീപ്യമോ,
മഴയോ,
ആരു നല്‍കുവതീ കുളിരിന്‍
മോഹന സുന്ദരാനുഭവമെന്‍ സഖേ...

പെയ്തിറങ്ങട്ടെ സാന്ത്വനമായ്‌
ഒഴിയട്ടെ മനസ്സിന്‍ ഭാരങ്ങള്‍
ഒഴുകട്ടെ മാലിന്യങ്ങള്‍ പേറുന്ന
ഓര്‍മ്മകള്‍ തന്‍ നൊമ്പരങ്ങള്‍ …

ഇല്ലൊരു ചിന്തയും നീയല്ലാതെ
ഇല്ലൊരു സ്വപ്നവും നീയില്ലാതെ
ഈ കുളിരില്‍ ഉറയുന്ന
ഇന്നലെയുടെ നിനവുകളാല്‍
മുറുകെ പിടിക്കട്ടെ നിന്‍ ചുമലില്‍
തളരാതെ താങ്ങാം എന്നുമീ കരങ്ങള്‍ ...
ചേര്‍ന്നു നടക്കൂ സഖേ
എന്നാത്മാവിനോട് ഒട്ടി നില്‍ക്കൂ നീ...

കൈകോര്‍ത്തു പോകാം നമ്മുടെ ലോകത്ത്
പോകാം നമുക്കാ സ്വപ്നതീരത്ത്‌
അലിഞ്ഞു ചേരാം ഈ പെരുമഴയില്‍
ഒടുവില്‍ ഇലത്തുമ്പിലൊരു തുള്ളിയായ്‌ മാറാം …

ഇരകള്‍

ചൂണ്ടയില്‍ കൊരുക്കാനൊരു
ഇരതേടി ഇറങ്ങിയവനു കിട്ടിയത്
ഒരു പെരുമ്പാമ്പിനെ ...
ആ ചൂണ്ടയില്‍ കുടുങ്ങിയത്
ഒരു കുഞ്ഞു പരല്‍ മീനും ...
പിന്നാലെ അവന്‍റെ കുടുംബം
കരയില്‍ കയറി ആത്മഹത്യ ചെയ്തു.

വിവരം തിരക്കാനെത്തിയ
പത്രക്കാരന്‍ , ടീവീക്കാരന്‍റെ
ക്യാമറയ്ക്ക് മുന്നില്‍ നിന്ന്
മുടി മാടിയൊതുക്കി ...
ആകെയുള്ള അഞ്ചാറു
നീളന്‍ മുടികള്‍ വളച്ചൊടിച്ചു
കഷണ്ടി മറയ്ക്കാന്‍
പെടാപ്പാട് പെട്ടപ്പോള്‍
അതാ വരുന്നൂ പെരുമ്പാമ്പ്‌,
അതേ പാമ്പ് ...
ചൂണ്ട അന്വേഷിച്ചാണത്രേ
പുള്ളിയുടെ ഇപ്പോഴത്തെ ഇഴയല്‍ ...

പരമ്പര കണ്ടു കരഞ്ഞു-
തളര്‍ന്നവര്‍ അന്നം-
വേണ്ടെന്നു വച്ച് ഉറങ്ങിയത്
തസ്കരന്, ദൂരദര്‍ശനം
സ്വന്തമാക്കാന്‍ സഹായമാത്
മടിയോടെ നോക്കിക്കിടന്നു പാമ്പ്.

അരും കൊല ചെയ്യപ്പെട്ട
അടുത്ത വീട്ടിലെ ബാലന്‍റെ
നഗ്ന ശരീരം കണ്ടു
തളര്‍ന്നു പോയ അമ്മമാരുടെ
നിലവിളികള്‍ മുങ്ങിപ്പോയത്,
തേങ്ങലുകള്‍ അലിഞ്ഞു പോയത്,
കണ്ണുപോലും അറിയാത്ത
കള്ളക്കണ്ണീരിന്‍റെ പെരുമഴയിലായിരുന്നു
എന്നറിഞ്ഞ ചൂണ്ട നിവരുകയായിരുന്നു ...
ഇനിയൊരിക്കലും വളയില്ല
എന്ന തീരുമാനത്തോടെ ...

പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …

പ്രണയമെന്നാല്‍ പ്രാണന്‍
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…

മിഴികളിലെ നൊമ്പരം
വായിച്ചെടുക്കാനാകുന്നത്,
കണ്ണീരിന്‍റെ ഉപ്പുരസം
നിത്യ പരിചയം
ആയതു കൊണ്ടാകാം…

തെറ്റുന്ന ശ്വാസ താളം,
ഹൃദയതാള ഗതി
പറഞ്ഞു തരുന്നത്,
കാലം തെറ്റി പെയ്യുന്ന
മഴ പതിവായതു കൊണ്ടാകാം…

വിറയാര്‍ന്ന വിരലുകളില്‍
നിന്നൂര്‍ന്ന അക്ഷരങ്ങള്‍ പറഞ്ഞത്,
ആത്മാവിന്‍റെ പിടച്ചിലാണെന്ന്
പറയാതെ അറിയുന്നത്,
ആത്മാവുകള്‍
ഒട്ടിച്ചേരുമ്പോഴാകാം …

എങ്കിലും ,
പ്രാണനില്‍ ലയിച്ച
പ്രണയത്തെ വേറിട്ടു കാണാന്‍
പാഴ്ശ്രമം നടത്തുന്നത്
പ്രാണനില്‍ കൊതിയില്ലാത്തതു
കൊണ്ടാകാം…

ചുടു നിശ്വാസവും
ചൂടുകാറ്റും
ഒരുപോലെ എന്ന തോന്നല്‍
ചുടുകാടിന്‍ അകലം
കുറവായതിനാലാകാം ...

ഏതോ ഓര്‍മ്മയില്‍

അന്നു പകര്‍ന്ന അഗ്നിയില്‍
വെണ്ണീറായ ഹൃദയത്തില്‍ നിന്നൊരു നുള്ള്
ഇന്നു നീ നെറുകയില്‍ തൊടാന്‍
ആവശ്യപ്പെടുന്നുവോ… ?

പിന്നീട് നീയയച്ച കൊടുങ്കാറ്റ്

എല്ലാം ചിതറിച്ചു കളഞ്ഞത്
അറിഞ്ഞില്ലെന്നു ഭാവിക്കയോ… ?
ധൂളികള്‍ വീണ്ടും ഒത്തു കൂടുമെന്ന്
വൃഥാ നീ മോഹിക്കയോ… ?

അന്തിത്തിരി തെളിക്കാനായ്‌

ഒരു തറ കാത്തിരിക്കുമെന്ന്
വെറുതേ നിനയ്ക്കുകയോ …. ?

അപ്പോഴും എന്തേ നീയോര്‍ക്കാത്തൂ,
ചാരത്തിനെന്തേ ഇപ്പോഴുമിത്ര ചൂടെന്ന് ...
വഴിത്താരകളില്‍ ,

ഈറന്‍ കാറ്റിനു കൂട്ടായ്
വരുന്നൂ സ്വപ്നങ്ങളെന്ന് …
നിനക്കിനി ആ സ്വപനങ്ങള്‍
മാത്രം സ്വന്തമെന്ന്…

കാട്ടുപൂവിനോട്

കണ്ടു കൊതി തീര്‍ന്നില്ല കാട്ടുപൂവേ
നിന്നെ കൂടാതെ കാടു വിട്ടവനു ജീവനില്ല കാട്ടുപൂവേ...
വഴിയിലെങ്ങോ മറന്നു വച്ച നിന്നെ
ഇരു മിഴികള്‍ തേടിയുഴറുന്നു പൂവേ …

നിന്‍ സുഗന്ധമില്ലാതെ കരിഞ്ഞുണങ്ങുന്നു
അവന്‍റെ ദിനരാത്രങ്ങള്‍ കാട്ടുപൂവേ...
കാടേതു നാടേതെന്ന് അറിയാത –
ലയുന്നു അവനിന്നു പൂവേ ..
നിന്‍ ഹൃത്‌സ്പന്ദനങ്ങള്‍ മാത്രം
ഘടികാര ശബ്ദം പോല്‍ അവനിന്നു
കേള്‍ക്കുന്നു കാട്ടുപൂവേ…

മരണ താഴ്വാരത്തു നിന്നവനെ
തിരികെ വിളിച്ച പൂവേ,
ഇന്നു നീയവനുടെ എത്ര
അകലത്താണ്‌ കാട്ടുപൂവേ...
സ്മരണകളില്‍ നിറയുന്ന
നിന്‍ അനന്യ രൂപമാ മനസ്സില്‍
തെളിയ്ക്കുന്നു ദീപങ്ങള്‍ പൂവേ …

ഋതു ഭേദങ്ങളറിയാതെ അവനിന്നു
യുഗാന്തരങ്ങളിലേയ്ക്ക് തിരികെ
പോകുന്നു കാട്ടുപൂവേ...
കൈക്കുമ്പിളിലൊതുക്കാന്‍ ,
ഹൃദയത്തോടു ചേര്‍ക്കാന്‍
അവനിന്നെവിടെയോക്കെയോ
തേടിയലയുന്നു കാട്ടുപൂവേ…

നീയവനില്‍ ലയിച്ചെന്നോ,
അവന്‍ നിന്നില്‍ ലയിച്ചെന്നോ
അറിയാതെയവന്‍ നിന്നെ
തേടിയലയുന്നു കാട്ടുപൂവേ….