നിഴലുകള്‍

വേശ്യയുടെ കുഞ്ഞേ പോവുക
അസത്തേ പോവുക ദൂരേയ്ക്ക്,
ആട്ടിയോടിക്കുന്ന ആഢൃത്വം
ആര്‍ത്തിയോടെ പുല്‍കുന്നു വേശ്യയെ…

ചെറിയൊരു മറവിന്നപ്പുറത്തായ്
ഉറക്കിക്കിടത്തിയ കുഞ്ഞില്‍
ഏതോ ഹിംസ്രജന്തു
പുതുബീജം നിക്ഷേപച്ചത്
അറിയാതെയമ്മ കപട രതിമൂര്‍ച്ച
അനുഭവിക്കവേ, മാന്യന്‍റെ പോക്കറ്റിനു
അഗാധ തലങ്ങളുണ്ടെന്ന് ,
അത് അനന്തമാണെന്നു
പഠിക്കുകയായിരുന്നു…

ഇനിയൊരു വേശ്യ കൂടി
വേണ്ടെന്നോതി ആ കുരുന്നിന്‍
ആത്മാവ് പറന്നകലുമ്പോള്‍
ചൊല്ലിയതൊന്നു മാത്രം .,
നശിച്ച ലോകമേ,
കാമമോഹങ്ങള്‍ ഹവ്വയിലും
പരീക്ഷിക്കപ്പെടും മുമ്പേ
ദിനകരനില്‍ മാത്രം ദിനങ്ങള്‍ക്കു
തിളക്കം കൂട്ടുന്ന
കാപട്യത്തിന്‍ മേലേയ്ക്കു
ഹിമഗിരികള്‍ തകര്‍ന്നടിഞ്ഞിരുന്നെങ്കില്‍ ….

നീട്ടിത്തുപ്പി നടന്നകന്ന
ദുര്‍ഗന്ധ വാഹിയുടെ കീറിയ–
അടിവസ്ത്രത്തില്‍ ഭാരതമൊഴികെ ,
ഭൂഖന്ധങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു ,
അതുപോലും നീയര്‍ഹിക്കുന്നില്ലെന്ന്
എങ്ങുനിന്നോ വിതുമ്പലോടെ
ഒരു പിഞ്ചു സ്വരം …

കൂകിപ്പാഞ്ഞ തീവണ്ടിക്ക്
അന്നും നാവു നൊട്ടിനുണയാന്‍
അല്പം ചുടു ചോര …
നെന്ചോടോട്ടിയ പൈതലുമായ്
വേശ്യയുടെ തുറിച്ച കണ്ണുകളില്‍
ലോകത്തോടുള്ള പരിഹാസം ...

പിഞ്ചു മാംസം കടിച്ചു പറിച്ച
പട്ടിയെയും കാമദാഹത്തോടെ നോക്കുന്ന
സദാചാര മൊത്തക്കച്ചവടക്കാരുടെ
നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പാന്‍ അല്പം-
കഫം പോലും കടം വാങ്ങണമല്ലോ ….

വേശ്യയുടെ കുഞ്ഞേ പോവുക…
അനന്തതയിലേയ്ക്ക് പോവുക …
ലോകം ചീത്തയാക്കിയവര്‍ക്ക് ,
ലോകത്തെ ചീത്തയാക്കിയവര്‍ക്ക് ,
കാലം, വേണമെങ്കില്‍ മാപ്പ് നല്‍കട്ടെ ...

2 എന്തായാലും പറഞ്ഞോളൂ:

  വരവൂരാൻ

2009, ജൂൺ 28 10:38 AM

സദാചാര മൊത്തക്കച്ചവടക്കാരുടെ
നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പാന്‍ അല്പം-
കഫം പോലും കടം വാങ്ങണമല്ലോ

ആശംസകൾ.. കലികമായ രചന

  ജന്മസുകൃതം

2009, ജൂൺ 28 12:51 PM

ഇനിയൊരു വേശ്യ കൂടി
വേണ്ടെന്നോതി ആ കുരുന്നിന്‍
ആത്മാവ് പറന്നകലുമ്പോള്‍
ചൊല്ലിയതൊന്നു മാത്രം .,
നശിച്ച ലോകമേ,
കാമമോഹങ്ങള്‍ ഹവ്വയിലും
പരീക്ഷിക്കപ്പെടും മുമ്പേ
ദിനകരനില്‍ ദിനങ്ങള്‍ക്കു
തിളക്കം കൂട്ടുന്ന
കാപട്യത്തിന്‍ മേലേയ്ക്കു
ഹിമഗിരികള്‍ തകര്‍ന്നടിഞ്ഞിരുന്നെങ്കില്‍
kollaam....aasamsakal...!!