മഴയുടെ ഈണം

എന്‍റെ എല്ലാ മഴയിലും നീ ഒപ്പമുണ്ടായിരുന്നു
കുളിരായ് നീയെന്നെ പുണര്‍ന്നിരുന്നു
നിന്‍റെ മഴയിലും ഒപ്പമുണ്ടായിരുന്ന ഞാന്‍
നനവായ് നിന്നിലലിഞ്ഞിരുന്നു .

ഇലച്ചാര്‍ത്തുകള്‍ കാത്തു വച്ചത് നമ്മുടെ
സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു...
പിന്നീടവ പൊഴിച്ചത് നമ്മുടെ
കുഞ്ഞുങ്ങളെയായിരുന്നു ...
അവര്‍ക്കുള്ള താരാട്ടായിരുന്നു
താരാട്ടിന്നീണങ്ങളായിരുന്നു ...

മരുഭൂമിയിലെ മഴയ്ക്ക്‌ പ്രണയത്തിന്‍റെ
മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ടോയെന്നു
കളിയായും കാര്യമായും നീ ചോദിച്ചിരുന്നു ...
പ്രണയത്തിന്‍റെ ഉന്മാദ ഭാവം തന്നെയാണു
മരുഭൂവില്‍ മഴ നല്‍കുന്നതെന്ന്
കാര്യമായിത്തന്നെ ഞാനറിയിച്ചിരുന്നു .

പിന്നീട് പൊഴിയുവാനായ് നമ്മുടെ മനസ്സിലായിരുന്നു
കാത്തു വച്ചിരുന്നതെന്നു മാത്രം ...
സ്വപ്നങ്ങളിലെ നമ്മുടെ കുരുന്നുകള്‍ക്കായ്
താരാട്ടിന്നീണം തേടി നമുക്കലയേണ്ടി വന്നിരുന്നില്ല .
പരസ്പരം കണ്‍കളില്‍ നോക്കി നമ്മള്‍ വായിച്ചിരുന്നു .
രാവേറെ ചെല്ലുവോളമത് മൂളിയിരുന്നു ..
സുഖദുഖങ്ങളുടെ ഏറ്റിറക്കങ്ങള്‍
ഈണങ്ങളായ് നമ്മള്‍ പകര്‍ന്നിരുന്നു ...

വേഴാമ്പലിനെ പോല്‍ കാത്തിരുന്നു നമ്മള്‍
പ്രണയം പൊഴിയുന്ന മഴകള്‍ക്കായ് ...
കുഞ്ഞുങ്ങള്‍ക്ക്‌ മറ്റൊരു താരാട്ടിന്നായ് ,
അവര്‍ക്കു കൂട്ടിന് ഇനിയുമേറെ
സ്വപ്ന സന്താനങ്ങള്‍ക്കായ് ...

ഇന്നു കാര്‍മേഘങ്ങള്‍ കാണ്‍കെ
മനസ്സു തേങ്ങിയത് ,
എന്‍ മനവും മാനവും ഒരു പോല്‍
തേടിയത് നിന്നെ മാത്രമായിരുന്നു ...

എന്നെ ത്തേടി എങ്ങോ അലയുന്ന
നിന്നെ ഞാനിനി എങ്ങു നിന്ന് കണ്ടെത്തുവാന്‍
മഴയുടെ ഇരമ്പലിനൊപ്പം ഞാന്‍ കേള്‍ക്കുന്നു
നിന്‍ മനസ്സു മൂളുന്ന ആ അപൂര്‍വ്വ രാഗം ...
പ്രണയത്തില്‍ ചാലിച്ചെടുത്ത,
നമുക്ക് മാത്രം അറിയാവുന്ന ,
കേള്‍ക്കാവുന്ന നമ്മുടെ സ്വന്തം ഈണം ...

ഈ മഴയിലെങ്കിലും എന്നില്‍ വീണ്ടും നീയലിഞ്ഞു
ചേരുമോയെന്നു മാത്രം മന്ത്രിക്കുന്ന
മനസ്സുമായ് കാത്തിരിക്കുന്നു ഇന്നു ഞാന്‍ ...
കാഴ്ചക്കാര്‍ക്ക് വെറുമൊരു ഭ്രാന്തനായ് ...

അശാന്തിയുടെ വിത്തുകള്‍

“തിളയ്ക്കണം ചോര ഞരമ്പുകളില്‍ “
എന്ന ആപ്ത വാക്യം ഇന്ന് രക്തം
തിളച്ചു തൂവുന്ന അവസ്ഥാന്തരം
പ്രാപിക്കുമ്പോള്‍ പല പാതകള്‍ക്കും
നിണപ്പാടുകളുടെ നിറപ്പകര്‍ച്ചകള്‍ …

ചരിത്രത്തിന്‍ ചവറു കൂനകള്‍ മാത്രം
ദൃഷ്ടിയില്‍ പതിയുവോര്‍ ചികഞ്ഞെടുക്കുന്നതെല്ലാം
ഇരുതല വാളുകള്‍ മാത്രമാകുമ്പോള്‍
പിളരുന്ന മാറുകള്‍ നിരപരാധിയുടേത് മാത്രമാകുന്നു …

വീണ്‍ ‍വാക്ക് പറഞ്ഞവന്‍റെ

നാവില്‍ ഗുളികന്‍ ;
വീണു മരിച്ചവന്‍റെ നെഞ്ചത്ത്‌

കൊലയാളി വക പുഷ്പചക്രം ;
കണ്‍കളില്‍ പകയുടെ അഗ്നി നിറച്ചു
രക്തക്കളങ്ങളുടെ ആകൃതി മാറ്റിമറിയ്ക്കുന്ന
പുത്തന്‍ അധീശക്കോയ്മ ..
അവയില്‍ ഹാസ്യം കലര്‍ത്തുന്ന
ആഭാസ ചേഷ്ടകളുടെ പുതുരക്തം ...

നാടു മാറ്റുവാന്‍ , നാട്ടാരെ മാറ്റുവാന്‍
കരാരെടുത്തവന്‍റെ കുടിയിലെ പട്ടിണി മാറ്റുവാന്‍ ,
പേരക്കിടാങ്ങളുടെ കണ്ണീരടക്കുവാന്‍
വിത്തെടുത്തു കുത്തുന്ന മുത്തശി …

വിതയ്ക്കാന്‍ വിത്തില്ലാതെ പടിഞ്ഞാറേയ്ക്ക്
പ്രത്യാശയുടെ നോട്ടമെറിയുന്ന കര്‍ഷകന്‍ ...
ഉഴുതു മറിച്ച പാടത്ത് ഒരു നോക്കുകുത്തിയായ്
അവന്‍; ഇന്നത്തെ കര്‍ഷകന്‍ ...
മട പൊട്ടി ഒഴുകി വരുന്ന രക്തം
നിലവിളി അവസാനിക്കാത്ത ചുടുചോര ...
നിമിഷ നേരം കൊണ്ട് വളര്‍ന്നു
നൂറു മേനി വിളയിക്കുന്ന പകയുടെ
വിത്തുമായ് ചെഞ്ചോര ...

ദിക്കുമാറി ഒഴുകി വരുന്ന വഞ്ചനയെ
മുക്കിക്കൊല്ലുവാനായ് ഓടിയണയാന്‍
വെമ്പല്‍ കൊള്ളുന്ന സമുദ്രങ്ങള്‍ ...
ജനിതക മാറ്റത്തിലൂടെ ആ ആഗ്രഹത്തിനും
തടയിട്ടവന്റെ ദംഷ്ട്രകള്‍ക്ക് തിളക്കമേറുന്നു ...

അന്തിച്ചു നില്‍ക്കുന്ന കര്‍ഷകന്‍റെ
തലയും തോളും കാക്കകള്‍ക്ക് വിശ്രമസ്ഥാനം
അവന്‍റെ മുതുകിലവയുടെ കാഷ്ടം...

ഇത്രയും പറഞ്ഞതിന്‍ പേരില്‍
എനിക്കായ് പണിത കത്തിയാഴ്ന്നിറങ്ങുന്നെന്‍ മാറില്‍
എങ്ങോട്ടൊഴുകണമെന്ന ആശങ്കയേതുമില്ലാതെ ,
മണ്ണില്‍ മറയുന്നെന്‍ ചോര …
ഒപ്പം എന്‍ വാക്കും ...

അച്ഛന്‍

മകനേ, നിന്‍ കൈ പിടിച്ചു നടത്തുവാന്‍
നിന്‍ നിറ മിഴികളോപ്പുവാന്‍
ഇന്നു വിരലുകളെനിക്കില്ലാ...
മകനേ, നിനക്കൊരു താങ്ങായിടുവാന്‍
ഇന്നെനിക്കു കൈകളില്ല...
മകനേ, നിന്‍ നെറ്റിയിലൊരു ചുടു ചുംബന -
മേകുവാന്‍ ചുണ്ടുമെനിക്കില്ലാ ...

നിദ്രാ വിഹീനങ്ങളാം പാതിരാവുകളില്‍
എല്ലാമോര്‍ത്ത്‌ നിന്‍ മിഴികള്‍ നിറഞ്ഞിടുമ്പോള്‍ ,
തലയിണയില്‍ മുത്തുകളടര്‍ന്നു വീണിടുമ്പോള്‍ ,
സാന്ത്വനമേകുമൊരു തലോടലിനായ് നീ
കൊതിച്ചിടുമ്പോള്‍ ,
നിന്നരികത്തണയുവാന്‍ കാലുകളും എനിക്കില്ലാ ...

ജീവിത പ്പെരുവഴികളില്‍ എവിടെയൊക്കെയോ നീ
പതറുമ്പോള്‍ ,
ആശ്രയമേതുമില്ലാതെ ശൂന്യതയില്‍ നീ
പരതുമ്പോള്‍
സ്വന്തം നിഴലുപോലും നിന്നില്‍ നിന്നകലുമെന്നു
ഭയപ്പെടുമ്പോള്‍
എന്നെയൊരിക്കലും അറിയിക്കാതെ ഉള്ളിലൊതുക്കിയ
നിന്നാശങ്കകള്‍
കാള സര്‍പ്പം പോലെ ഇന്നു നിന്‍ മനസ്സിനെ
കീഴടക്കുമ്പോള്‍ ,
മകനേ , ഈ അച്ഛന്റെ മനസ്സ് മാത്രം
നിന്നൊപ്പമുന്ടെന്നു അറിക ...
മകനേ , ഇതൊന്നു നിന്നെയറിയിക്കുവാന്‍
നാവു പോലുമില്ലാത്ത അച്ഛന്‍ ...
ആറടി മണ്ണില്‍ ഇന്നെനിക്കു ഞാനും അന്യന്‍ ...