“തിളയ്ക്കണം ചോര ഞരമ്പുകളില്‍ “
എന്ന ആപ്ത വാക്യം ഇന്ന് രക്തം
തിളച്ചു തൂവുന്ന അവസ്ഥാന്തരം
പ്രാപിക്കുമ്പോള്‍ പല പാതകള്‍ക്കും
നിണപ്പാടുകളുടെ നിറപ്പകര്‍ച്ചകള്‍ …
ചരിത്രത്തിന്‍ ചവറു കൂനകള്‍ മാത്രം
ദൃഷ്ടിയില്‍ പതിയുവോര്‍ ചികഞ്ഞെടുക്കുന്നതെല്ലാം
ഇരുതല വാളുകള്‍ മാത്രമാകുമ്പോള്‍
പിളരുന്ന മാറുകള്‍ നിരപരാധിയുടേത് മാത്രമാകുന്നു …
വീണ്‍ വാക്ക് പറഞ്ഞവന്‍റെ
നാവില്‍ ഗുളികന്‍ ;
വീണു മരിച്ചവന്‍റെ നെഞ്ചത്ത്
കൊലയാളി വക പുഷ്പചക്രം ;
കണ്‍കളില്‍ പകയുടെ അഗ്നി നിറച്ചു
രക്തക്കളങ്ങളുടെ ആകൃതി മാറ്റിമറിയ്ക്കുന്ന
പുത്തന്‍ അധീശക്കോയ്മ ..
അവയില്‍ ഹാസ്യം കലര്‍ത്തുന്ന
ആഭാസ ചേഷ്ടകളുടെ പുതുരക്തം ...
നാടു മാറ്റുവാന്‍ , നാട്ടാരെ മാറ്റുവാന്‍
കരാരെടുത്തവന്‍റെ കുടിയിലെ പട്ടിണി മാറ്റുവാന്‍ ,
പേരക്കിടാങ്ങളുടെ കണ്ണീരടക്കുവാന്‍
വിത്തെടുത്തു കുത്തുന്ന മുത്തശി …
വിതയ്ക്കാന്‍ വിത്തില്ലാതെ പടിഞ്ഞാറേയ്ക്ക്
പ്രത്യാശയുടെ നോട്ടമെറിയുന്ന കര്‍ഷകന്‍ ...
ഉഴുതു മറിച്ച പാടത്ത് ഒരു നോക്കുകുത്തിയായ്
അവന്‍; ഇന്നത്തെ കര്‍ഷകന്‍ ...
മട പൊട്ടി ഒഴുകി വരുന്ന രക്തം
നിലവിളി അവസാനിക്കാത്ത ചുടുചോര ...
നിമിഷ നേരം കൊണ്ട് വളര്‍ന്നു
നൂറു മേനി വിളയിക്കുന്ന പകയുടെ
വിത്തുമായ് ചെഞ്ചോര ...
ദിക്കുമാറി ഒഴുകി വരുന്ന വഞ്ചനയെ
മുക്കിക്കൊല്ലുവാനായ് ഓടിയണയാന്‍
വെമ്പല്‍ കൊള്ളുന്ന സമുദ്രങ്ങള്‍ ...
ജനിതക മാറ്റത്തിലൂടെ ആ ആഗ്രഹത്തിനും
തടയിട്ടവന്റെ ദംഷ്ട്രകള്‍ക്ക് തിളക്കമേറുന്നു ...
അന്തിച്ചു നില്‍ക്കുന്ന കര്‍ഷകന്‍റെ
തലയും തോളും കാക്കകള്‍ക്ക് വിശ്രമസ്ഥാനം
അവന്‍റെ മുതുകിലവയുടെ കാഷ്ടം...
ഇത്രയും പറഞ്ഞതിന്‍ പേരില്‍
എനിക്കായ് പണിത കത്തിയാഴ്ന്നിറങ്ങുന്നെന്‍ മാറില്‍
എങ്ങോട്ടൊഴുകണമെന്ന ആശങ്കയേതുമില്ലാതെ ,
മണ്ണില്‍ മറയുന്നെന്‍ ചോര …
ഒപ്പം എന്‍ വാക്കും ...
അശാന്തിയുടെ വിത്തുകള്‍
Posted by സനില്‍ എസ് .കെ at 11/28/2009 06:14:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ