എന്‍റെ എല്ലാ മഴയിലും നീ ഒപ്പമുണ്ടായിരുന്നു
കുളിരായ് നീയെന്നെ പുണര്‍ന്നിരുന്നു
നിന്‍റെ മഴയിലും ഒപ്പമുണ്ടായിരുന്ന ഞാന്‍
നനവായ് നിന്നിലലിഞ്ഞിരുന്നു .
ഇലച്ചാര്‍ത്തുകള്‍ കാത്തു വച്ചത് നമ്മുടെ
സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു...
പിന്നീടവ പൊഴിച്ചത് നമ്മുടെ
കുഞ്ഞുങ്ങളെയായിരുന്നു ...
അവര്‍ക്കുള്ള താരാട്ടായിരുന്നു
താരാട്ടിന്നീണങ്ങളായിരുന്നു ...
മരുഭൂമിയിലെ മഴയ്ക്ക് പ്രണയത്തിന്‍റെ
മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ടോയെന്നു
കളിയായും കാര്യമായും നീ ചോദിച്ചിരുന്നു ...
പ്രണയത്തിന്‍റെ ഉന്മാദ ഭാവം തന്നെയാണു
മരുഭൂവില്‍ മഴ നല്‍കുന്നതെന്ന്
കാര്യമായിത്തന്നെ ഞാനറിയിച്ചിരുന്നു .
പിന്നീട് പൊഴിയുവാനായ് നമ്മുടെ മനസ്സിലായിരുന്നു
കാത്തു വച്ചിരുന്നതെന്നു മാത്രം ...
സ്വപ്നങ്ങളിലെ നമ്മുടെ കുരുന്നുകള്‍ക്കായ്
താരാട്ടിന്നീണം തേടി നമുക്കലയേണ്ടി വന്നിരുന്നില്ല .
പരസ്പരം കണ്‍കളില്‍ നോക്കി നമ്മള്‍ വായിച്ചിരുന്നു .
രാവേറെ ചെല്ലുവോളമത് മൂളിയിരുന്നു ..
സുഖദുഖങ്ങളുടെ ഏറ്റിറക്കങ്ങള്‍
ഈണങ്ങളായ് നമ്മള്‍ പകര്‍ന്നിരുന്നു ...
വേഴാമ്പലിനെ പോല്‍ കാത്തിരുന്നു നമ്മള്‍
പ്രണയം പൊഴിയുന്ന മഴകള്‍ക്കായ് ...
കുഞ്ഞുങ്ങള്‍ക്ക് മറ്റൊരു താരാട്ടിന്നായ് ,
അവര്‍ക്കു കൂട്ടിന് ഇനിയുമേറെ
സ്വപ്ന സന്താനങ്ങള്‍ക്കായ് ...
ഇന്നു കാര്‍മേഘങ്ങള്‍ കാണ്‍കെ
മനസ്സു തേങ്ങിയത് ,
എന്‍ മനവും മാനവും ഒരു പോല്‍
തേടിയത് നിന്നെ മാത്രമായിരുന്നു ...
എന്നെ ത്തേടി എങ്ങോ അലയുന്ന
നിന്നെ ഞാനിനി എങ്ങു നിന്ന് കണ്ടെത്തുവാന്‍
മഴയുടെ ഇരമ്പലിനൊപ്പം ഞാന്‍ കേള്‍ക്കുന്നു
നിന്‍ മനസ്സു മൂളുന്ന ആ അപൂര്‍വ്വ രാഗം ...
പ്രണയത്തില്‍ ചാലിച്ചെടുത്ത,
നമുക്ക് മാത്രം അറിയാവുന്ന ,
കേള്‍ക്കാവുന്ന നമ്മുടെ സ്വന്തം ഈണം ...
ഈ മഴയിലെങ്കിലും എന്നില്‍ വീണ്ടും നീയലിഞ്ഞു
ചേരുമോയെന്നു മാത്രം മന്ത്രിക്കുന്ന
മനസ്സുമായ് കാത്തിരിക്കുന്നു ഇന്നു ഞാന്‍ ...
കാഴ്ചക്കാര്‍ക്ക് വെറുമൊരു ഭ്രാന്തനായ് ...
മഴയുടെ ഈണം
Posted by സനില്‍ എസ് .കെ at 11/30/2009 07:33:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ