ആഘോഷങ്ങള്‍

ആനന്ദമാനന്ദം നല്‍കീടും
ആനമയക്കികള്‍ നാടുവാഴുമ്പോള്‍
കണ്ണീരു മാത്രം കഥ കേള്‍ക്കും
ദൈന്യതയുടെ കാണാക്കണ്ണീരു മാത്രം .

ആഘോഷങ്ങള്‍ പൊടിപൊടിച്ചു
നീ വീടണയുമ്പോള്‍ ,
അടുക്കളയില്‍ ഒഴിഞ്ഞ
പാത്രങ്ങളുടെ ഗതകാല
കഥകള്‍ കേട്ടു മയങ്ങുന്ന നിന്‍
കുരുന്നുകള്‍ കാലിനു പന്താകും.

മോന്തിയ കള്ളിന്റെ കെട്ടിറങ്ങാന്‍
കെട്ടിയോളുടെ താലിയിറങ്ങണം...
കെട്ടിയ നാളിലെ സ്വപ്‌നങ്ങള്‍
മനസ്സില്‍ നിന്നും തൂക്കി വില്‍ക്കണം...

കേള്‍ക്കുക നീ , അവളല്ലവളുടെ
സാന്ത്വനമായ തലയിണയുടെ
കരളലിയിക്കും വാക്കുകള്‍ ...
"ആവില്ലെനിക്ക് താങ്ങാന്‍
ഇനിയൊരു തുള്ളി കണ്ണീരു പോലും ..
ഒരു ദിനമെങ്കിലും ഈറനണി-
യാതൊന്നുറങ്ങട്ടെ ഞാന്‍ ... "

പറയാതിരുന്ന പ്രണയം

കാണാതിരുന്നതല്ല ഞാന്‍ നിന്‍
കണ്ണിലെ പ്രണയ നിലാവ് .
കേള്‍ക്കാതിരുന്നതല്ല നിന്‍
കാതരമാം പ്രണയ ഗാനങ്ങള്‍.

മനസ്സു മനസ്സിനെ തൊട്ടറി –
യുമെന്ന് നമ്മളറിഞ്ഞെങ്കിലും,
നാവു കാതിനോട് ചൊല്ലാത്തതില്‍
മാനസം പരിഭവിക്കുന്നുവോ...

പറഞ്ഞിരുന്നുവോ നീയാ മാടപ്രാവിനോട്
എന്നരികില്‍ വന്നു കുറുകിയൊതുങ്ങാന്‍...
ഇളം ചില്ലകളോട് ചൊല്ലിയിരുന്നുവോ
മഞ്ഞു തുള്ളികള്‍ കാത്തു വച്ചിരുന്ന്
എന്നില്‍ കുളിരു ചൊരിയാന്‍ ...

തന്നുവോ നിനക്കിന്നാ തൊടിയിലെ
പാരിജാതം മനം നിറയെ പൂക്കള്‍..
ഇളം കാറ്റു നിന്‍ കുറുനിരകളില്‍
കുസൃതികള്‍ കാട്ടിയോ ..
പാടവരമ്പത്തു വച്ച് നിനയ്ക്കാ-
തൊരു മഴ അടിമുടി നനച്ചുവോ ..
മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണന്‍ കണ്ണിറുക്കി കാണിച്ചുവോ...

പറഞ്ഞിരുന്നു ഞാനവരോടെല്ലാം
നമ്മുടെ പ്രണയത്തെക്കുറിച്ച് ,
സ്വപ്നങ്ങളെല്ലാം പാടിയിരുന്നു
ഒരു തവണയെങ്കിലും എനിക്കായ്
വഴിമാറി തരാന്‍ അവര്‍ക്കെന്തു
ഉല്‍സാഹമായിരുന്നുവെന്നൊ...
ഇനിയെന്തു ഞാന്‍ പറയേണ്ടൂ ...
ഇനിയുമെന്തിനു നീ പരിഭവിക്കുന്നു ...

ഉടഞ്ഞ ചില്ലുപാത്രം

ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്നോതി
എന്റെ കണ്ണാടി തല്ലി -
പ്പൊട്ടിച്ചവളെന്‍ നെഞ്ചില-
തിന്‍ വലിയൊരു കഷ്ണം
കുത്തിയിറക്കവേ എന്‍
ഹൃദയമാ ചില്ലില്‍ പ്രതി -
രൂപം കണ്ടു ചിരി തൂകി...

പലതുമോര്‍ത്തവന്‍
മിടിക്കാന്‍ മറന്നു‌ ...
നാഡീ ഞരമ്പുകള്‍ കെട്ടു -
പിണയുന്ന ഓര്‍മ്മയുടെ
തീരത്തെവിടെയോ
പിറക്കാതെ പോയ
ശിശുക്കള്‍ തേങ്ങിക്കരയുന്നു ...

ഈ നെഞ്ചില്‍ തല
ചായ്ച്ചു നീ ചൊല്ലിയ
വാക്കുകള്‍ കേട്ടതെല്ലാം
കാതുകളല്ലതു ഞാനാണ് ...

"ഈ നിലാവത്തൊരിത്തിരി
നടക്കാമീ പഞ്ചാര മണലി-
ലൊരിത്തിരി നേരമിരിക്കാം
ഹൃദയങ്ങളെ സ്വപ്ന -
കംബളങ്ങള്‍ നെയ്തു മൂടാം ... "
'എന്റെ സ്വപ്‌നങ്ങള്‍ നീ
വില്പനയ്ക്കു വച്ചുവെന്നറിയാന്‍
ഏറെ വൈകിയോ ഞാന്‍ ?'

പിന്നെന്നു നീ കണ്ടു
പുത്തന്‍ കൂട്ടുകാരെ ?
അന്നു‌ നീയളന്നതേതു
മാപിനിയാലെന്‍ നെഞ്ചകം?
ചതിയുടെ ആഴമറിയാ -
പ്പൊയ്കയില്‍ നീ നീന്തി -
ത്തുടിച്ചപ്പോഴെല്ലാം കരയില്‍
നിനക്കായ് പ്രാര്‍ഥനാ
നിരതമായിരുന്നു ഞാന്‍ .

അന്നൊന്നും കണ്ടിരുന്നില്ല
ഞാനെന്നെ, നീയിന്നാ -
ചില്ലിലെന്നെ കാട്ടും വരെ .
നന്ദി പ്രിയേ നന്ദി ....

പാഴ്ക്കിനാവ്

ദൈവമേ നിന്റെ പേരും പറഞ്ഞു
ചെകുത്താന്മാര്‍ വിളയാടുമ്പോള്‍
ഒന്നു വായ് തുറക്കൂ ദൈവമേ
അരുതെന്ന് പറയൂ ദൈവമേ ...

നിന്നെ വിളിച്ചു കേഴുന്നവരെ
കണ്ടില്ലെന്നു നടിക്കരുതേ
നാളെ അവരൊക്കെയും സാത്താനെ
വിളിച്ചു കേഴുമ്പോള്‍ നീയന്നു
ആരെ വിളിച്ചു കരയും ?

മുലയൂട്ടാനിരുന്ന അമ്മയുടെ
മാറില്‍ വെടിയുണ്ട ...
പാല്‍മണം മാറാത്ത
പൈതലിന്റെ ചുണ്ടില്‍
ചുടുചോരയുടെ ചവര്‍പ്പ് ...

അച്ഛന്റെ തലയില്‍
ഒരുഗ്ര സ്ഫോടനം
തകര്‍ന്ന കിനാക്കള്‍ പോലെ
ചിതറിയ തലയോട്ടി ...

എന്തേ നിന്‍ കരങ്ങള്‍
ബന്ധിതമോ ?
നിനക്കര്‍പ്പിച്ച നിവേദ്യങ്ങള്‍
നാവിന്‍ ശേഷി നശിപ്പിച്ചുവോ ?
നിന്‍ മുന്നില്‍ സാഷ്ടാംഗം
വീഴുന്നത് കണ്ടു നീ സ്വയം മറന്നുവോ ?

ഒന്നും ആവശ്യപ്പെടുന്നില്ല
ഞങ്ങളൊന്നും മോഹിക്കുന്നില്ല
ഒന്നു മാത്രം ഒന്നു മാത്രം ...
മനുഷ്യനായി ജീവിച്ചു
മനുഷ്യനായ് മരിക്കാനൊരു വരം
അതിനേതു ചെകുത്താന്റെയും
കഴുത്തറുക്കാം , മാറുപിളര്‍ക്കാം
ഉടപ്പിറപ്പുകള്‍ക്കായ്
ചെയ്യാമതൊക്കെയും ഞാന്‍ .