പറയാതിരുന്ന പ്രണയം

കാണാതിരുന്നതല്ല ഞാന്‍ നിന്‍
കണ്ണിലെ പ്രണയ നിലാവ് .
കേള്‍ക്കാതിരുന്നതല്ല നിന്‍
കാതരമാം പ്രണയ ഗാനങ്ങള്‍.

മനസ്സു മനസ്സിനെ തൊട്ടറി –
യുമെന്ന് നമ്മളറിഞ്ഞെങ്കിലും,
നാവു കാതിനോട് ചൊല്ലാത്തതില്‍
മാനസം പരിഭവിക്കുന്നുവോ...

പറഞ്ഞിരുന്നുവോ നീയാ മാടപ്രാവിനോട്
എന്നരികില്‍ വന്നു കുറുകിയൊതുങ്ങാന്‍...
ഇളം ചില്ലകളോട് ചൊല്ലിയിരുന്നുവോ
മഞ്ഞു തുള്ളികള്‍ കാത്തു വച്ചിരുന്ന്
എന്നില്‍ കുളിരു ചൊരിയാന്‍ ...

തന്നുവോ നിനക്കിന്നാ തൊടിയിലെ
പാരിജാതം മനം നിറയെ പൂക്കള്‍..
ഇളം കാറ്റു നിന്‍ കുറുനിരകളില്‍
കുസൃതികള്‍ കാട്ടിയോ ..
പാടവരമ്പത്തു വച്ച് നിനയ്ക്കാ-
തൊരു മഴ അടിമുടി നനച്ചുവോ ..
മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണന്‍ കണ്ണിറുക്കി കാണിച്ചുവോ...

പറഞ്ഞിരുന്നു ഞാനവരോടെല്ലാം
നമ്മുടെ പ്രണയത്തെക്കുറിച്ച് ,
സ്വപ്നങ്ങളെല്ലാം പാടിയിരുന്നു
ഒരു തവണയെങ്കിലും എനിക്കായ്
വഴിമാറി തരാന്‍ അവര്‍ക്കെന്തു
ഉല്‍സാഹമായിരുന്നുവെന്നൊ...
ഇനിയെന്തു ഞാന്‍ പറയേണ്ടൂ ...
ഇനിയുമെന്തിനു നീ പരിഭവിക്കുന്നു ...

2 എന്തായാലും പറഞ്ഞോളൂ:

  e-Pandithan

2008, ഡിസംബർ 23 3:26 PM

പറഞ്ഞില്ലേ; ഇനി പോയി വിളിച്ചിറക്കി കൊണ്ടുവാ

  പോരാളി

2008, ഡിസംബർ 23 4:36 PM

മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണന്‍ കണ്ണിറുക്കി കാണിച്ചത് കൊണ്ടാകും ഇതുവരെയും വരാത്തത്. പാവം.