അറിഞ്ഞിരുന്നില്ല ആ മിഴികള്‍
ആരുമറിയാതെന്‍ പിന്നാലെയുണ്ടെന്ന്
എന്‍റെ എല്ലാ ചലനങ്ങളും വീക്ഷിച്ചു
നീയെന്‍ കൂടെയുണ്ടെന്ന് .
എങ്ങുമേ കണ്ടില്ലല്ലോ ഒരിക്കല്‍ പോലും ഞാന്‍
ഒടുവില്‍ നിന്‍ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം,
കാതോരം അതൊരു മര്‍മ്മരമായപ്പോള്‍
ഹൃത്തിന്നഗാഥതയില്‍ നിപതിച്ചോരു വാക്കായപ്പോള്‍
അറിയാതെയറിതെ മനമോതുന്നു
ഇന്നു നീയെന്‍റെ ആരോക്കെയോയെന്ന് .
നിന്‍ സ്നേഹത്താല്‍ എന്നിലെ മാറ്റങ്ങള്‍
അത്യത്ഭുതാത്താല്‍ കാണുന്നു ഞാന്‍ .
നിന്‍ സ്വരവ്യത്യാസങ്ങള്‍, നിശ്വാസങ്ങള്‍
നൊമ്പരങ്ങളുടെ അറിയാക്കഥകളായപ്പോള്‍
നമ്മിലെ പൊയ്മുഖങ്ങള്‍ ഊര്‍ന്നു വീഴുകയായിരുന്നു .
നിന്‍ കണ്ണുകളിലെ അഗ്നിത്തിളക്കമറിഞ്ഞ് ,
ആ ചൂടില്‍ എരിയാന്‍ തയ്യാറാകുന്നൊരു-
മനസ്സും പിറക്കുകയായിരുന്നു .
കൈക്കുടന്നയില്‍ ആ പൂര്‍ണ്ണേന്ദുവിനെ
കോരിയെടുത്തു കണ്‍കളില്‍ ആവാഹിച്ചത്
ഹൃദയഭിത്തിയില്‍ പതിപ്പിക്കാനായിരുന്നു .
അന്നേരം കാതുകടിച്ചു നീ ചൊന്നതെല്ലാം
എന്നാത്മാവിനോടായിരുന്നു .
അന്നു നീ പകര്‍ന്ന മധുവിനു വീര്യം കൂടിയത്
നിന്നധരം നല്‍കിയ അധിമധുരം
ആയിരുന്നിരിക്കാം.
ഓരോ കൂടിക്കാഴ്ചകളും
ഒരായുസ്സിന്‍റെ സായൂജ്യം
നല്‍കുന്നതും അറിയുന്നു ഞാന്‍ .
കൈയെത്തും ദൂരത്താകിലും
കാതങ്ങള്‍ക്കകലെ എന്ന പോലാകാന്‍ കാരണം
ബന്ധങ്ങള്‍ ഊടുംപാവും തീര്‍ക്കുന്ന
വലയ്ക്കുള്ളിലാണ് നാമെന്ന സത്യമായിരിക്കാം .
കണ്ണുകള്‍ തീഗോളങ്ങളുടെ
കഥകള്‍ പറയട്ടെ....
കാതുകള്‍ കേള്‍ക്കട്ടെ പ്രണയാര്‍ദ്രമാം
നിസ്വനങ്ങള്‍ ...
സഖീ, നീയിന്നെന്‍ ജീവന്‍റെ ജീവനായ്
സ്വപ്നങ്ങളിലെല്ലാം നിറഞ്ഞു ജീവിക്കുന്നു
ഒരു വിളിപ്പാടകലെ ...
എങ്കിലും ചില അതിര്‍വരമ്പുകള്‍
പാലിക്കപ്പെടേണ്ടവ തന്നെയെന്ന്
അംഗീകരിക്കുന്നു വിവേകം.
മനുഷ്യ കുലത്തില്‍ത്തന്നെ നാമെന്ന
ചിന്ത നല്‍കും ആത്മബലത്താല്‍ .
ഊടും പാവും
Posted by സനില്‍ എസ് .കെ at 3/31/2009 04:18:00 PM
നനവുള്ള നിനവുകള്‍
Posted by സനില്‍ എസ് .കെ at 3/26/2009 02:03:00 PM
നിന്‍റെ വാക്കുകളില്‍
സൌമ്യത നിറഞ്ഞപ്പോള്‍
തുടിച്ചതെന്തിനെന്‍ നെഞ്ചകം ?
ഇടയിലെപ്പോഴോ ഘനീഭവിച്ച
മൌനം പറഞ്ഞു തന്നതു
നിന്നുള്ളിന്‍ മന്ത്രണങ്ങളായിരുന്നു.
ആരെന്നോയെന്തെന്നോ
അറിയില്ലെന്നാകിലും
നിന്‍ മനമറിയുന്നു ഞാനിന്നെന്നതും സത്യം
കാലപ്പകര്‍ച്ചകള്‍ നല്‍കിയ
വടുക്കള്‍ നിറഞ്ഞ
വരണ്ടുണങ്ങിയ ഭൂവിലേയ്ക്ക്
രണ്ടിറ്റു കണ്ണീരു പോലും നല്‍കാതെ
എങ്ങോ നീ മറഞ്ഞപ്പോള്‍
നീറിപ്പിടഞ്ഞ ഈ നെഞ്ചിന്‍ കൂടു -
ഞാന്‍ തല്ലിപ്പൊട്ടിക്കുകയായിരുന്നു .
പിന്നെയെപ്പോഴോക്കെയോ
ഒരു മിന്നായം പോലെ
നിന്‍ സാന്നിദ്ധ്യമറിഞ്ഞ മനം
ഇനിയുള്ള വരവുകള്‍ക്കായ്
കാത്തിരിക്കവേ,
പിന്നിലായിപ്പോയീ തങ്ങളെന്ന
ചിന്തയാല്‍ വേഴാമ്പലുകള്‍
വെള്ളം കുടിച്ചു തുടങ്ങുകയായിരുന്നു.
കണ്ണുകളില്‍ കുടുങ്ങിയ കാഴ്ചകള്‍
ഒഴിയാതെ ഞാനെങ്ങനെ
ഉറങ്ങുമെന്ന് ഒരു മാത്ര
നീയൊന്നു നിനച്ചിരുന്നുവെങ്കില്‍ ...
മനസ്സറിഞ്ഞു നല്‍കീടുവാന്‍
കാത്തു വച്ച സ്വപ്‌നങ്ങള്‍
കൊന്നകള്‍ അപഹരിച്ചുവല്ലോ...
എടുക്കില്ലേ അവയെല്ലാം,
എന്‍ ആശകളെന്നോര്‍ത്തെങ്കിലും നീയെടുക്കില്ലേ ...
പാഴ്ജന്‍മങ്ങള്‍
Posted by സനില്‍ എസ് .കെ at 3/19/2009 02:35:00 PM
വാക്കുകള്‍ക്കു മൂര്‍ച്ചയേറ്റാന്‍
പേനാക്കത്തി രാകുന്ന
നവലോക കാഴ്ചകള്‍ .
പെരുവിരല്‍ അറുത്തു മാറ്റപ്പെട്ട
വലംകൈ ചൊരിയുന്ന
നിണച്ചാലുകള്‍ എഴുത്തിനു -
നല്‍കുന്ന , ഇനി നല്‍കാത്ത
പുത്തന്‍ മാനങ്ങള്‍ .
കട്ടില്‍ക്കീഴിലെ തുപ്പല്‍ക്കോളാമ്പിയില്‍
നിന്നും വമിക്കുന്ന ദുര്‍ഗന്ധത്താല്‍
വെറുപ്പോടെ കഴിഞ്ഞ കാലത്തേയ്ക്ക്
നോക്കുന്നവന്‍റെ താടിമീശയില്‍
തടഞ്ഞ കഫത്തില്‍ ഈച്ച ഇര തേടുന്നു .
മനസ്സിന്‍ വൈകൃതം കണ്ടു
മുഖം തിരിച്ച ഭാര്യയുടെ കവിളില്‍
അഹങ്കാരത്തിന്‍റെ മേധാവിത്വം .
തട്ടിയെറിഞ്ഞ ആഹാരം
കാല്‍പ്പാദത്തിന്‍ ആകൃതി പൂണ്ടു
അവളുടെ അടിവയറ്റില്‍ .
കണ്ണുതുറിച്ചു മലര്‍ന്നവളുടെ
കഴുത്തില്‍ നിന്ന് അവസാന പൊന്‍മണിയും
അവന്‍റെ കീശയും ബന്ധത്തിലാകുന്നു ...
ചവുട്ടി മെതിച്ചു നടന്നകന്നവന്‍റെ
പിന്നില്‍ ഭൂമി വിണ്ടു മാറിക്കൊണ്ടിരുന്നു...
ഒരു ചുവടു പോലുമിനി പിന്നിലേയ്ക്കവനില്ല..
മുന്നിലെ ഇരുട്ടല്ലാതെ ഒന്നുമില്ലയീ
പാഴ്ജന്‍മങ്ങള്‍ക്ക് ....
മീസാന്‍ കല്ലില്‍ കൊത്തിവയ്ക്കേണ്ടത്
Posted by സനില്‍ എസ് .കെ at 3/01/2009 04:56:00 PM
പുഞ്ചിരിയോടെ കൈ പിടിച്ചു കുലുക്കി
പിന്നെ സ്വന്തം നെഞ്ചത്തുവച്ച്
പറയാതെ പറഞ്ഞ സന്ദേശമെന്തെന്‍
പ്രിയ സുഹൃത്തേ ...പറയുക ..
നിന്നുള്ളില്‍ അവനെന്നോ
ഹൃദയം ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നോ ,
ശുദ്ധീകരിക്കുന്നു ബന്ധങ്ങളിലെ കലര്‍പ്പെന്നോ
പറവതില്ല നിന്‍ പുഞ്ചിരിയൊന്നുമേ ..
ഇന്നാ കൈ കഠാരപ്പിടിയിലമരുമ്പോള്‍
ഇടനെഞ്ചു പൊത്തി നിന്‍റെയാ ചങ്ങാതി
നിലത്തമരുമ്പോള്‍ ,
മായുന്ന നിന്‍ പുഞ്ചിരിയും
നിറയുന്ന ക്രൌര്യവും
അടയുന്ന കണ്ണുകളില്‍ നിന്നും
മറച്ചു നീയെടുത്തതവന്‍റെ വിവാഹ മോതിരമോ ...
മനുജാ നിന്‍ ചിന്തയും പ്രവൃത്തിയും
അറിയില്ല ദൈവത്തിനു പോലുമെന്നറിയുന്നു ...
എന്തിന്‍റെ പ്രതീകമായിരുന്നുവെന്നോ -
യെന്തിന്‍റെ ശിക്ഷയായിരുന്നുവെന്നോ
നിനക്കാരോടെങ്കിലും പ്രതിപത്തിയുണ്ടാകും നാളില്‍ ,
സൂര്യനു താഴെയവന്‍ വിശ്രമിക്കും നാളിലെന്നെങ്കിലും
മൊഴിയണം..
അല്ലെങ്കില്‍
രണ്ടു കരിങ്കല്ലില്‍ കൊത്തി
രണ്ടു ധ്രുവങ്ങളിലായ് കുഴിച്ചിടുക ...
മുഖത്തോടു മുഖം കണ്ടവരമ്പരക്കട്ടെ ..
ഇടയില്‍ നിന്‍ ചങ്ങാതിയൊന്നുറങ്ങട്ടെ
മനസ്സമാധാനമായ് ...