നനവുള്ള നിനവുകള്‍

നിന്‍റെ വാക്കുകളില്‍
സൌമ്യത നിറഞ്ഞപ്പോള്‍
തുടിച്ചതെന്തിനെന്‍ നെഞ്ചകം ?
ഇടയിലെപ്പോഴോ ഘനീഭവിച്ച
മൌനം പറഞ്ഞു തന്നതു
നിന്നുള്ളിന്‍ മന്ത്രണങ്ങളായിരുന്നു.
ആരെന്നോയെന്തെന്നോ
അറിയില്ലെന്നാകിലും
നിന്‍ മനമറിയുന്നു ഞാനിന്നെന്നതും സത്യം

കാലപ്പകര്‍ച്ചകള്‍ നല്‍കിയ

വടുക്കള്‍ നിറഞ്ഞ
വരണ്ടുണങ്ങിയ ഭൂവിലേയ്ക്ക്
രണ്ടിറ്റു കണ്ണീരു പോലും നല്‍കാതെ
എങ്ങോ നീ മറഞ്ഞപ്പോള്‍
നീറിപ്പിടഞ്ഞ ഈ നെഞ്ചിന്‍ കൂടു -
ഞാന്‍ തല്ലിപ്പൊട്ടിക്കുകയായിരുന്നു .

പിന്നെയെപ്പോഴോക്കെയോ

ഒരു മിന്നായം പോലെ
നിന്‍ സാന്നിദ്ധ്യമറിഞ്ഞ മനം
ഇനിയുള്ള വരവുകള്‍ക്കായ്
കാത്തിരിക്കവേ,
പിന്നിലായിപ്പോയീ തങ്ങളെന്ന
ചിന്തയാല്‍ വേഴാമ്പലുകള്‍
വെള്ളം കുടിച്ചു തുടങ്ങുകയായിരുന്നു.

കണ്ണുകളില്‍ കുടുങ്ങിയ കാഴ്ചകള്‍

ഒഴിയാതെ ഞാനെങ്ങനെ
ഉറങ്ങുമെന്ന് ഒരു മാത്ര
നീയൊന്നു നിനച്ചിരുന്നുവെങ്കില്‍ ...

മനസ്സറിഞ്ഞു നല്‍കീടുവാന്‍
കാത്തു വച്ച സ്വപ്‌നങ്ങള്‍
കൊന്നകള്‍ അപഹരിച്ചുവല്ലോ...
എടുക്കില്ലേ അവയെല്ലാം,
എന്‍ ആശകളെന്നോര്‍ത്തെങ്കിലും നീയെടുക്കില്ലേ ...

0 എന്തായാലും പറഞ്ഞോളൂ: