ഏഴാം വയസ്സില്‍ തനി -
ച്ചാക്കിപ്പോയ താതനെ
യോര്‍ത്ത് എഴുപതിന്‍റെ
നിറവിലും കണ്ണുകള്‍
നിറയുമായിരുന്ന ,
ഒരു മകനായിരുന്നു
എന്‍റെയച്ഛന്‍ .
അതോര്‍ത്തു നിറയുന്ന
മിഴികളൊപ്പുവാന്‍
നീളുന്ന പിഞ്ചു കരങ്ങളില്‍
നാളെയുടെ കണ്ണാടികള്‍ .
പ്രതിഫലിക്കുന്നത്
നിഴല്‍പ്പാടുകളില്ലാത്ത
ഇന്നലെകള്‍ .
തീരാക്കഥകള്‍
Posted by സനില്‍ എസ് .കെ at 1/06/2011 08:38:00 AM
മൂന്നു നേരം
Posted by സനില്‍ എസ് .കെ at 1/05/2011 07:49:00 PM
കഴിഞ്ഞ രാവു മുഴുവന്‍
തല പുകച്ചതിന്‍ ഫലമായ്
ഒരു കവിത പിറന്നൂ ..
വരണമെല്ലാവരും
അനുഗ്രഹിക്കണം
വില കൂടുതലായതു
കൊണ്ടു തന്നെ ,
ഇത്തിരി പൊന്നുരച്ചു
നാവില്‍ പുരട്ടിക്കൊടുക്കണം .
ഉച്ചയ്ക്ക് ,
വിശാലമായി സദ്യയുണ്ട് ,
തേന്മാവിന്‍ ചോട്ടിലിരുന്ന് ,
തളിര്‍ വെറ്റിലയില്‍ നൂറു തേച്ച്
വിശാലമായി മുറുക്കിത്തുപ്പി ,
പുകഴ്ത്തണം
കവിത ഗംഭീരമെന്ന് …
പക്ഷേ , സദ്യയ്ക്ക് പായസം
രണ്ടുണ്ടായിരുന്നെങ്കില്‍ ….
രാവില്‍ ,
വൈകിട്ടത്തെ പരിപാടി കഴിഞ്ഞ് ,
കൊത്തിനുറുക്കണം
അതേ കവിത ..
പിന്നെ ,
പൊരിച്ച കോഴിക്കാലിനൊപ്പം
കടിച്ചു കീറണം ...
വെട്ടിവിഴുങ്ങണം മൂക്കുമുട്ടെ .
ഏമ്പക്കമൊന്നു നീട്ടി വിടാന്‍
മറക്കരുതെന്നു മാത്രം .
ഒരു ചന്ദനത്തിരിയുടെ ദിനക്കുറിപ്പ്
Posted by സനില്‍ എസ് .കെ at 1/03/2011 02:37:00 PM
എത്ര പന്തു വേണമെങ്കിലും
അടിച്ചിടുക ...
അവരൊക്കെ കളി നിര്‍ത്തി പോയതൊന്നു
മാത്രം മറന്നിടാതെ .
ആര് , ആരെ ജയിച്ചുവെന്നത്
എന്‍റെയോ നിന്‍റെയോ സ്വകാര്യമല്ലെന്നും ,
കളികള്‍ നിയന്ത്രിക്കാനാകാതെ ആരൊക്കെയോ
നെടുവീര്‍പ്പിടുകയും , നെരിപ്പോടാവുകയും
ചെയ്യുന്നുവെന്നുമറിയുക ….
കനകമെത്ര വാരിയിട്ടിട്ടുമാ
തുലാഭാരത്തട്ട് താഴ്ന്നു -
നില്‍ക്കുന്നത് ആരുടെയൊക്കെയോ
പ്രാര്‍ത്ഥനാഫലം … അപ്പോഴും ,
കറുത്തപൊന്ന് നോക്കി രുദ്രാക്ഷമെന്നു
പറയുന്നത് , കാര്യമായെന്തോ
പിണഞ്ഞുവെന്നതിന്‍ തെളിവല്ലയോ …. ?
വല തകര്‍ത്തു പാഞ്ഞുപോയ ചില പന്തുകള്‍
വല്ലാതലഞ്ഞു വലയുന്നു ചുറ്റിലും .
പ്രായേണ വന്നിടും കളിക്കളത്തി -
ലവയെന്നു മോഹിച്ചവര്‍ക്ക്
ഹിമാലയത്തോളം മഞ്ഞു സ്വന്തം ...
ഉരുകുമത് ഏതെങ്കിലുമൊരു വേനലില്‍ ,
അനിവാര്യമായത് സമയം തെറ്റിയെത്തുമ്പോള്‍ ...
ഉറഞ്ഞുതുള്ളുമുള്ളത്തെ നിയന്ത്രണത്തിലൊതുക്കുവാന്‍ ,
അറിഞ്ഞതൊന്നും പോരാതൊരുനാള്‍ വലയുമായിരിക്കാം .
പിന്നിട്ട കാലത്തിന്‍ പാഠങ്ങള്‍
തീച്ചൂളയിലെരിഞ്ഞുപോയ ഓര്‍മ്മക്കൂമ്പാരങ്ങള്‍
എന്തു നല്‍കുന്നു നാളേയ്ക്കെന്നത്
പാഴ്വാക്കാകുന്നതും കണ്ട്
കണ്‍കള്‍ പാറപോലെ വരണ്ടുപോകുന്നത്
കാലത്തിന്‍ മായാത്ത മുദ്ര …
വട്ടിന്‍റെ പുതു പാലാഴി
Posted by സനില്‍ എസ് .കെ at 1/03/2011 02:20:00 PM
വളയും ചേര്‍ന്നൊരുക്കിയാല്‍
സമസ്യാപൂരണം
സ്വന്തമായ് നടത്താം .
അപ്പോഴാര്‍ക്കും ബോധിക്കാത്ത
ഉത്തരങ്ങള്‍ താങ്ങാന്‍
ഒരു ഗൗളി പോലും
വരില്ലെന്നുമറിയുക .
സമാന്തരപാതകളെ
ബന്ധിപ്പിനായ് വരുന്നുണ്ട്
കണ്ണികള്‍ , കൃത്യമായ
അകലത്തില്‍ .
എങ്കിലും , കല്‍ക്കരിയില്‍
നിന്നും വൈദ്യുതിയിലേയ്ക്കുള്ള
ദൂരത്തെക്കാള്‍ കുറവാണ്
മടക്കയാത്രയെന്ന് ഓര്‍ക്കാത്തത് ,
ആരുടെ ബോധാബോധങ്ങളുടെ
വ്യതിയാനം …?
ചതിക്കുഴികള്‍ അറിയാത്തവര്‍
പടുകുഴികളില്‍ക്കിടന്നു
നിലവിളിച്ചാല്‍ , കൂട്ടിനായ്
നാലതിരുകള്‍ മാത്രമേയുള്ളൂ -
വെന്നും ഓര്‍ത്തിടുക …
കുടിച്ച വെള്ളത്തില്‍
എന്തലിഞ്ഞു ചേര്‍ന്നിരുന്നുവെന്നത്
കുടിച്ചവനറിഞ്ഞില്ലെങ്കിലും
വെള്ളമെങ്കിലും അറിയേണ്ടതല്ലേ … ?
സമദൂരം
Posted by സനില്‍ എസ് .കെ at 1/03/2011 10:04:00 AM
മനസ്സും മനസ്സും സമദൂരം
പാലിയ്ക്കാത്തയിടത്താണ്
മദ്യവും മദിരയും ഇണ -
ചേര്‍ന്നൊന്നായ് തീരുന്നത് .
മദ്യവും വിദ്യയും സമദൂരം
പാലിയ്ക്കാത്തയിടത്ത് നിന്നു
തന്നെയാണ് ആസുര താളങ്ങള്‍
ആടിത്തിമിര്‍ക്കപ്പെടുന്നത് .
സ്നേഹവും സ്നേഹവും
സമദൂരം എന്തെന്നറിയാതെ
വരുമ്പോഴാണ് അമ്മത്തൊട്ടിലുകള്‍
താരാട്ടിനു കാതോര്‍ക്കുന്നത് .
സദ്യയും വേദവും സമദൂരമ -
റിയാതെ പോകുമ്പോള്‍
ജഠരാഗ്നി, ഹോമാഗ്നിയ്ക്ക്
പകരക്കാരനായ് ഭാവിക്കുന്നത് .
നൊമ്പരങ്ങളും കാലവും എല്ലാ -
ദൂരവും വിട്ടകലുമ്പോഴാണ്
കണ്‍തടങ്ങളില്‍ ഉപ്പടിഞ്ഞു കൂടുന്നത് .
മനുഷ്യനും മനുഷ്യത്വവും
അകലുകയും , കത്തിയുമതിനേക്കാള്‍
മൂര്‍ച്ചയുള്ള വാക്കുകളും ,
സമദൂരത്തിന്നര്‍ത്ഥം മറക്കുമ്പോഴാണ്
ഹൃദയങ്ങളില്‍ സുഷിരങ്ങള്‍ വീഴുന്നതും ,
മണ്ണു ചുവക്കുന്നതും ,
ചില നേത്രങ്ങള്‍ക്ക് മാത്രം ഭംഗി -
തോന്നിപ്പിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍
പിറവിയെടുക്കുന്നതും,
ഭൂമി കരയുന്നതും.
കടമകളും കര്‍മ്മങ്ങളും
സമദൂരമെന്തെന്നു അറിയാത്തയിടത്ത്
പേറ്റുനോവും കണ്ണീരും ബാക്കിയാകുന്നു .
ദേഹവും ദേഹിയും
സമദൂരം വിട്ടൊഴിയുമ്പോഴാണ്
അഗ്നിയും ഈറനും
സമദൂരം വിട്ട് അടുക്കുന്നത് .