കാണാതാകുന്ന ഹൃദയങ്ങള്‍

അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നില്ലവള്‍ ആദ്യമാദ്യം
ഒടുവിലാ വാക്കുകള്‍ അമൃതായിത്തീര്‍ന്ന
കാലത്താണ്‌ നഷ്ടമെന്തെന്നു ബോദ്ധ്യമായത്
അവന്റെ പഴയ വാക്കുകള്‍ തേടി ഒത്തിരിയലഞ്ഞവള്‍
പിന്നോട്ട് …. കാലത്തിലൂടെ …

അവിടെ കണ്ടെത്തിയതു മുഴുവനും
അവളുടെ പേരായിരുന്നു
അവളുടെ ഹൃദയത്തുടിപ്പുകളായിരുന്നു
അവന്റെതെന്നു പറയാനൊന്നുമുണ്ടായിരുന്നില്ല

തിരിച്ചെത്തിയപ്പോള്‍
അവളുടെ ഹൃദയം തേടി
അവന്‍ യാത്ര തുടങ്ങിയിരുന്നു , പിന്നോട്ട് ...
സ്വന്തം വാക്കുകളും ഹൃദയത്തുടിപ്പുകളും
ഭംഗിയായി സൂക്ഷിച്ചു വച്ചിരിക്കുന്നത്
കണ്ടാനന്ദത്തോടവന്‍ മടങ്ങി

വീണ്ടും കണ്ടു മുട്ടിയപ്പോഴാണവരോര്‍ത്തതു
സ്വന്തം ഹൃദയമവിടെ
വച്ചിട്ടാണല്ലോ പോന്നതെന്നത്
പിന്നീടവരൊന്നിച്ചായ് പിന്നോട്ടുള്ള യാത്ര

ആദ്യമെത്തിയയിടത്തു അവളുടെ ഹൃദയമില്ലാ...
അടുത്തയിടത്തു അവന്റെ ഹൃദയവുമില്ലാ...
ഇരു ഹൃദയവും ഒന്നായി ചേര്‍ന്നു
പ്രണയ നദിയില്‍ നീന്തിത്തുടിക്കുകയായിരുന്നു
എന്നറിയാതെ
അവനും അവളും
വിരഹാഗ്നിയില്‍ ഉരുകാന്‍ തുടങ്ങുകയായിരുന്നു .

മേഘം

മേഘമേ അറിയുന്നുവോ നീ മറയ്ക്കുന്നതെന്തെന്നു
രാവും പകലും അലസം നീയോഴുകുമ്പോള്‍
എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നു
ഒരു മാത്ര നീയൊന്നു ചിന്തിക്കുമോ ?

നിന്നിലെ നിറപ്പകര്‍ച്ചകള്‍ ആധിയോടെയും
ചിലരാഹ്ലാദത്തോടെയും വരവേല്‍ക്കുമ്പോള്‍
ആരെയാരെ നീ തൃപ്തിപ്പെടുത്തുന്നു ?
മര്‍ത്യ ഹൃദയം നാന്നായറിഞ്ഞോ , നീയിങ്ങനെ ?
ആശയോടെ കാത്തിരുന്ന അരുണകിരണങ്ങള്‍
എന്നില്‍ നിന്നെന്തിന്നു ഒളിപ്പിച്ചു ?

എത്ര പ്രഭാതങ്ങള്‍ , സന്ധ്യകള്‍ നീയെനിക്കന്യമാക്കി
എത്ര പൌര്‍ണമികള്‍ വേദനയോടെ മറഞ്ഞൂ
എത്ര പൊന്‍ ചന്ദ്രക്കലകള്‍ വിതുമ്പലോടെ നിന്നൂ
നക്ഷത്രക്കുരുന്നുകളുടെ കണ്‍ചിമ്മല്‍ കാണാനാകാതെ
മൂകമുരുകിയത് എത്ര രാവുകള്‍ ...
മധ്യാഹ്നങ്ങളില്‍ തണലേകിയത് മറക്കുന്നില്ലെങ്കിലും
നഷ്ടങ്ങളെത്രയെന്നു ഓര്‍ത്തു പോകുന്നു ഞാന്‍ ...

പൈതൃകം

ജന്മാന്തരങ്ങളുടെ ആശകള്‍
പുണ്യ നിമിഷത്തിനായുള്ള കാത്തിരുപ്പ്
പ്രതിരൂപം കണ്‍കുളിര്‍ക്കെ കാന്മാനായി
കൊതിയോടെ നടന്നതും
പിഞ്ചു കാലടികള്‍ കനവില്‍ നിറഞ്ഞതും
ചേലെഴും പുഞ്ചിരി അകക്കാമ്പില്‍ നിറഞ്ഞതും
വെണ്ണതോല്‍ക്കും കൈയാല്‍ തലോടലേല്‍ക്കാന്‍
പ്രാര്‍ത്ഥനാ നിരതമായതും

മാലാഖമാരില്‍ നിന്നാ കുരുന്നിനെ
ഏറ്റുവാങ്ങിയോരാ നിമിഷം ..
കാലങ്ങളുടെ കാത്തിരുപ്പ് കുളിരായി
മനസ്സില്‍ നിറയവേ …
കനവുകളിലെ തിളക്കമാ കുഞ്ഞു–
കണ്‍കളില്‍ തെളിയവേ…
നനവാര്‍ന്നോരെന്‍ നയനങ്ങള്‍ കണ്ടോ–
നീയും കരഞ്ഞതെന്നോ ?
എന്നോട് പങ്കുചേരാനായി
ഇന്നേ കൂടുന്നോ നീയെന്‍ അരുമപ്പൈതലേ ?

മാറോടു ചേര്‍ത്തു ഹൃദയങ്ങള്‍ സംസാരിച്ചതും …
ഇന്നുമെന്‍ മാറിലായി ചാഞ്ഞുറങ്ങുന്നതും …
വൃദ്ധനാകുന്ന എന്നെ നിന്‍ ചിരിയിലൂടെ ,
എന്‍ നഷ്ടബാല്യം നിന്‍ പിച്ച വയ്പിലൂടെ
കാണിച്ചു തന്നതും …. ആദ്യ ചുവടുകള്‍ …
ആദ്യ വാക്കുകള്‍ …ഒക്കെയുമെന്‍ നിരവൃതികള്‍ ….
ഇന്നെന്‍ സ്വപ്നങ്ങളൊക്കെയും
നിന്നിലൂടെ പടര്‍ന്നു പന്തലിക്കുമ്പോള്‍
നിന്‍ ലോകങ്ങളൊക്കെയും എന്നിലലിഞ്ഞു ചുരുങ്ങുന്നുവോ ? …

ഓര്‍ക്കുന്നു ഞാനെന്‍ പിതാവിനെ
ഞാനുമൊരുനാള്‍ ഇതു പോല്‍
ആ വിരല്‍ത്തുമ്പു പിടിച്ചു നടന്നതും …
അറിയുന്നു , ആ മാനസം എന്നെയോര്‍ത്തു
എത്ര തേങ്ങിയെന്നു … ഇനി ഞാനുമെത്ര നീറുമെന്നു …

മഴ പറഞ്ഞതു

കാറ്റില്‍ ചിതറിയ കരിയിലകള്‍
മാനം പൊഴിച്ച കണ്ണുനീരില്‍ കുതിര്‍നതും
മുത്തുമണികളില്‍ തുടങ്ങിയിട്ട്
ഒടുവിലെല്ലാം ഒഴുക്കി
കൊണ്ടു പോയതുമേന്തിനേ ?
പറന്നകലുമായിരുന്നല്ലോ അവരെല്ലാം …
ഇല്ല , എത്ര നാളെന്‍ കണ്ണുനീരില്‍
കുളിച്ചതാണവയൊക്കെയും
ഒരിക്കല്‍ പോലുമെന്‍ വേദനയറിഞ്ഞില്ല
കാറ്റില്‍ ആടിയുലഞ്ഞ്‌ , ചിരിച്ചുല്ലസിച്ചു
മാലിന്യങ്ങള്‍ പേറിയപ്പോഴോക്കെയും
എന്നെ കരയിച്ചു , ആ കണ്ണീരില്‍
കുളിച്ചു വിശുദ്ധരായി അവര്‍ .
ഇന്നവരെ എങ്ങു നീഎത്തിക്കുന്നു ?
കണ്നെത്താദൂരത്തോ?ആറടി മണ്ണില്‍
അന്ത്യവിശ്രമാത്തിനോ ?
മോക്ഷം തേടി പുണ്യ സ്ഥലത്തേക്കാണോ ?
എത്തുകില്ലോരിക്കലും കാണാമറയത്തെന്നാകിലും
മുതിരുന്നു ഞാനതിനു
അവര്‍ക്ക് , ഇപ്പോഴും ആടിത്തിമിര്‍ക്കുന്ന ,
ചരിത്രം മറക്കുന്ന , പുത്തനിലകള്‍ക്ക്
ഒരോര്‍മ്മപ്പെടുത്തല്‍ …. ആവര്‍ത്തനമെന്നാകിലും …
അനിവാര്യമേ , ഈ ആവര്‍ത്തനം ….

കാത്തിരുപ്പ് …

മഞ്ചാടി മണികള്‍ നിറഞ്ഞ
കൈക്കുടന്നയില്‍ നോക്കവേ …
അവയുടെ കുസൃതികള്‍ നിറഞ്ഞൂ
അവളുടെ മനസ്സിലും

കുഞ്ഞു കൃഷ്ണമണികള്‍ അവളുടെ
കണ്ണുകളിലേക്ക്‌ ആവാഹിച്ചു
നിറഞ്ഞ സ്നേഹമായി
ജീവരക്തതിന്‍ തുള്ളികള്‍
സിരകളിലൂടെ ഹൃദയത്തില്‍
ഒത്തു ചേര്‍ന്ന് കലപില കൂട്ടി

പറയുവാന്‍ മോഹിച്ചവള്‍ ഏറെ
കേള്‍ക്കുവാനൊരാളെ തേടി എമ്പാടും
ഏത് കൈയിലൊരു ചെമ്പനീര്‍ പൂവ് ?
ഏത് കണ്ണുകളില്‍ മഞ്ചാടി തന്‍ കുസൃതികള്‍ ?
ഏത് ഹൃത്തില്‍ സ്നേഹ മണികിലുങ്ങുന്നു ?
കണ്ണും കാതും തുറന്നവള്‍ തേടിയലഞ്ഞു

നിന്നില്ലല്ലോ മേഘങ്ങളൊരു നിമിഷം പോലും
അരിപ്രാവുകള്‍ കുറുകിയകന്നു
ഹംസങ്ങളൊക്കെയും മറ്റേതോ
ദൂതുമായി തിരക്കിലായി
ഇളംതെന്നല്‍ തഴുകാന്‍ പോലും
മറന്നുവല്ലോ …. . ഇനിയാരെ
അറിയിക്കുമീ ആനന്ദം ?
ഇതു കാണുവാനാര് വരും ?
വ്യഥയോടവള്‍ കാത്തിരുന്നു .

വര്‍ഷങ്ങള്‍ കൊഴിയവേ ….
ചെഞ്ചോര മുത്തുകളൊക്കെയും അവളുടെ
ഹൃത്തില്‍ ആരും കാണാതെ പോയ ,
കേള്‍ക്കാതെ പോയ സ്‌നേഹം പോല്‍ …
ഉറഞ്ഞു കൂടി …. എന്നിട്ടും
മഞ്ചാടി മണികള്‍ കൊണ്ടൊരു
തുലാഭാരം നേര്‍ന്നവള്‍ കാത്തിരുന്നു …
വരുമെന്‍ കഥ കേള്‍ക്കാന്‍
ഒരു മഞ്ചാടി മരമെന്നോര്‍ത്ത് ....

മകള്‍ക്ക്‌

നിന്‍ കൈക്കുമ്പിളിലര്‍പ്പിക്കുന്നെന്‍
സ്നേഹത്തിന്‍ ചെമ്പനീര്‍ പുഷ്പം ...
കാലാന്തരങ്ങളോളം വാടാതെ
കാത്തുകൊള്‍കയീ പവിത്രത
പ്രിയ മകളേ …

നിന്നിലര്‍പ്പിതമാം ഭാവങ്ങളൊക്കെയും
നല്കീടുക മാതാപിതാക്കള്‍ക്കെന്നും ...
തിളക്കങ്ങളേറെ ലഭിക്കുമാറാകട്ടെ
സ്നേഹ നിര്‍ഭരമാകട്ടെ
ദിനങ്ങളും സംവല്‍സരങ്ങളും.

നിന്നിലൂടെ നിന്‍ കര്‍മ്മങ്ങളിലൂടെ
നന്മയുടെ മാരിവില്ലുകള്‍ തെളിഞ്ഞതു കണ്ട്
മയിലുകള്‍ നൃത്തമാടട്ടെ ,
ഋതുക്കള്‍ കാത്തു നില്‍ക്കട്ടെ നിനക്കായ് .
വീടിന്നു കണിയായുണരും നിനക്കെന്നും –
കണിയായി കണ്ണനുണരേണമേ ….

മലര്‍വാടികള്‍ നിനക്കായി
വാടാമല്ലികള്‍ കാത്തു വയ്ക്കട്ടെ...
ഐശ്വര്യങ്ങളൊക്കെയും നിന്നെത്തേടി –
യെത്തുമാറാകണേയെന്ന പ്രാര്‍ത്ഥന മാത്രം...

നിനക്കായി കാത്തു വച്ചതൊക്കെയും
പകരാനെനിക്കായില്ലെന്നാലും
നിന്നിലൂടെ കൈമാറൂ ഇനിയുമേറെ
കരങ്ങളിലേക്ക് … ഹൃദയങ്ങളിലേയ്ക്കീ
സ്നേഹ പുഷ്പമെന്‍ മകളേ ….

സൂര്യന്റെ തേങ്ങല്‍

സൂര്യനായി കഴിയുമ്പോഴും കുളിരിനെ
സ്നേഹിച്ചു ഞാന്‍
താപം താങ്ങാനാകാതെ
ഹിമഗിരികളൊക്കെയും ഉരുകിയൊലിക്കുമ്പോഴും
തണുപ്പിനെ പുണരുവാന്‍ മോഹിച്ചു ഞാന്‍ .

പ്രഭാത കിരണങ്ങളെക്കാളേറെ
പ്രദോഷ കിരണങ്ങളെ സ്നേഹിച്ചു
ആസന്നമായ തണുപ്പിനെ ഉള്‍ക്കൊള്ളാന്‍
ഉള്ളം തുടി കൊണ്ടു ...
അവസാന തിളക്കത്തിലും
അതറിഞ്ഞു അരുണനൊന്നു തേങ്ങിയോ ?
മേഘക്കീറില്‍ മുഖമൊളിപ്പിച്ചോ ?

തണുത്തുറഞ്ഞ പാതിരാവില്‍
കേള്‍ക്കുന്നു ഞാനാ മെതിയടിയൊച്ച
അടുത്തടുത്തു എത്തുന്ന താളം ശ്രവിക്കവേ
ഓര്‍ക്കുന്നു ഞാന്‍ ...
ഇതെനിക്കേറെ പരിചിതമാണല്ലോ …
എന്നും ഏതു തിരക്കിലും ഞാനിത് കേട്ടിരുന്നുവല്ലോ …

അമ്മയുടെ മടിത്തട്ടിലെന്ന പോല്‍
ശാന്തമായി കിടക്കുമ്പോള്‍
ആ ശബ്ദം അകന്നകന്നു പോകുന്നതും കേള്‍ക്കുന്നു.
അടുത്ത പ്രഭാതത്തില്‍
തണുപ്പിന്‍ കാഠിന്യം കൂടിയപ്പോള്‍ , ആദ്യമായി
ചൂടിനായി കൊതിച്ചു ഞാന്‍ …. പക്ഷേ..........

അതിരുകള്‍

വീഴുന്ന വന്‍ മതിലുകള്‍ കണ്ടില്ലെന്നു
നടിച്ചു വൈരത്തിന്‍ കോട്ട കെട്ടി
മനസ്സുകളെ തളയ്ക്കുന്നവരേ …
അന്ധവിശ്വാസങ്ങള്‍ അതിരിട്ട
മനസ്സുകളാല്‍ സ്നേഹബന്ധങ്ങള്‍
വെട്ടിമുറിക്കുന്നവരേ
അറ്റുപോകുന്നത് സ്വന്തം കരങ്ങള്‍ തന്നെയെന്നറിയുക .

മുന്നിലുയരുന്ന സ്നേഹ മതിലുകള്‍
വീഴില്ലൊരിക്കലും , പ്രകൃതി തന്‍ അനുഗ്രഹം
ചൊരിയുമിവിടെ ശക്തിയായി …
താങ്ങായി …തണലായി …

ആതിഥ്യ , ആതിഥേയ മര്യാദകള്‍
തിരസ്കരിക്കപെട്ടോരീ സമൂഹം
ഇരുണ്ട യുഗത്തിന്‍ മനം പേറും പുതുയുഗം …
ആഘോഷമാക്കുന്ന കാടത്തങ്ങള്‍ മനസ്സുകള്‍ക്കു ,
ഭാഷകള്‍ക്ക്‌ ചിന്താശീലങ്ങള്‍ –
ക്കതിരു കല്പിക്കാതിരുന്നോരാദി മനുഷ്യരും
നാണത്താല്‍ തല കുനിക്കുന ജീവിതങ്ങള്‍ .

രാജ്യത്തിന്നതിരുകള്‍ തീയുണ്ടകളാല്‍
തീര്‍ക്കുന്നവര്‍ ,
വീടിന്നതിരുകള്‍ വിദ്വേഷത്താല്‍
തീര്‍ക്കുന്നവര്‍ ,
പ്രണയങ്ങള്‍ക്കതിരുകള്‍
വിശ്വാസ പ്രമാണങ്ങളാല്‍ തീര്‍ക്കുന്നവര്‍ ,
ഓര്‍ക്കണേ ഒരു നിമിഷം …
പകരമിവിടൊരു സ്നേഹത്തിന്‍
പൂവാടികള്‍ തീര്‍ത്തിരുന്നുവെങ്കില്‍
അകാലത്തില്‍ കൊഴിയാതെത്ര പൂക്കള്‍
ചിരിച്ചുല്ലസിച്ചു പരിമളം വീശിയേനെ …

വേണം അതിരുകള്‍ക്കും അതിരുകള്‍ ..
മനസ്സുകള്‍ക്കു, സ്നേഹത്തിന്നു അതിരുകള്‍ കല്പിക്കരുതേ....

പട്ടം

പൊട്ടിയ ചരടും പിടിച്ചു ,
പാറി അകലുന്ന പട്ടത്തിലേക്ക് നിറകണ്ണുകളുമായി
ആ കുരുന്നുകള്‍ നോക്കി നിന്നു …
ആ പോയതവരുടെ സ്വപ്നകൂടാരതിന്‍
മേല്‍ക്കൂര ആണെന്നറിയാവുന്ന അവരുടെ അമ്മയും …

ഗദ്ഗദം വാക്കുകളെ വിഴുങ്ങിയപ്പോള്‍
കണ്ണീരില്‍ കുതിര്‍ന്നു പോയീ പുഞ്ചിരിയും
കളിക്കൂട്ടുകാരെ പിരിഞ്ഞ നൊമ്പരത്തോടെ
അടുത്തിട്ടും അകന്നകന്നു പോയീ പട്ടം…

കളിക്കൂട്ടുകാരനെ കാത്തിരുന്ന കുഞ്ഞുങ്ങളോട്‌
ചൊല്ലുന്നു അമ്മ, കാലചക്രം ഒന്നു കഴിയണം
പോയ പട്ടം തിരികെയെത്താന്‍ …
അതുവരെ അതങ്ങനെ നിങ്ങളെ തേടി പറന്നു നടക്കും …
അനന്തതയില്‍ ആശ്രയമില്ലാതെ …

അവരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു …
പ്രിയപ്പെട്ട പട്ടത്തിന്നായി കാത്തിരുന്നു …
ഉറക്കത്തിലും മുറുകെ പിടിച്ചു … ആ ചരട് …
കിട്ടിയാലോടണം കളിക്കാനായി …
അതു മാത്രമായി ചിന്തകള്‍
മറ്റു കളികള്‍ മറന്നൂ അവര്‍ …
പട്ടത്തിനായി കാത്തിരുപ്പ് തുടര്‍ന്നു …

ഒടുവില്‍ വന്നെത്തീ ആ സുദിനം,
ദൂരെ നിന്നും .. പൊട്ടു പോലെ
അവരുടെപ്രിയപ്പെട്ട പട്ടം വരുന്നൂ അടുക്കലേക്കു
ആഹ്ലാദത്താല്‍ തിമിര്‍ത്തു ചാടി അവര്‍ ...
മാറോടു ചേര്‍ത്തു വച്ചവര്‍ വിശേഷങ്ങള്‍ കൈമാറി ….
ചരട് കെട്ടി വീണ്ടും പറത്തീ ...
കൂട്ടുകാരോട് ഒത്തു ചേര്‍ന്ന സന്തോഷത്താല്‍
പൊങ്ങിയും താണും പാറിപ്പറന്ന് അവരെ ആഹ്ലാദിപ്പിച്ചൂ പട്ടം …

ദിനങ്ങള്‍ കഴിയവേ , ചരടു നേര്‍ത്തു നേര്‍ത്തു
വരുന്നതു അറിയുന്നു പട്ടം കാലത്തിന്നൊഴുക്കില്‍
വീണ്ടും പൊട്ടിയകലാന്‍ നേരമായി
എന്നറിയുന്നു വേദനയോടെ ….
അടുത്ത കൂടിചേരലിന്‍ സ്വപ്നവുമായി ….

ഹൃദയ താളം

കാര്‍ത്തിക വിളക്കുകള്‍ക്ക് നടുവില്‍
സൌരയൂഥത്തില്‍ സൂര്യനെന്ന പോല്‍
നീ നിന്ന നേരം
അമ്പലനടയില്‍ മറ്റൊരു ശ്രീകോവിലായി
ഈ കണ്ണനെ പ്രതിഷ്ട്ടിച്ച നേരം
മറക്കുമോ ജീവനുള്ള കാലം നാം …

തോട്ടിറമ്പിലും പാടവരമ്പിലും
കഥകള്‍ പറഞ്ഞു നടന്നതും
നാട്ടുമാവിന്‍ ചുവട്ടില്‍ ,
നിന്‍ മുടിയിഴകളില്‍ വിരലോടിച്ച്‌ ,
കവിളിണകളില്‍ വിരല്‍ത്തുമ്പിനാല്‍ ചിത്രം വരച്ച് ,
സ്വപ്നം കണ്ടിരുന്നതും മറക്കുമോ ഇനിയുള്ള കാലം

എന്റെ ഓടക്കുഴല്‍ നാദം കേട്ട്
സ്വയം മറന്നു നീയിരുന്നതും
നിന്റെ ഗാനാലാപത്തില്‍
ഞാനലിഞ്ഞില്ലാതായതും ആവര്‍ത്തിക്കുമോ ? …
ഒരിക്കല്‍ … ഒരിക്കല്‍ കൂടി മാത്രം ..

മറ്റൊരാളുടെ കൈപിടിച്ചു
കണ്ണുകളാല്‍ യാത്ര പറഞ്ഞു നീ പോയതും
വര്‍ഷങ്ങള്‍ പെയ്തൊഴിഞ്ഞതും
വീണ്ടും കണ്ടൊരാ നിമിഷം
കണ്ണുകളാല്‍ ഒരായിരം കഥകള്‍ പറഞ്ഞതും
നെഞ്ചിന്‍ പിടച്ചില്‍ നിനക്ക് കാട്ടിത്തന്ന
മിഴികളെ ഞാന്‍ ശാസിച്ചതും
അതു കണ്ടു തുലാവര്‍ഷം പോല്‍ നീ പെയ്തതും
മറക്കുമോ … മറക്കുമോ … ജീവനുള്ള കാലം

സ്വപ്നമാല

നക്ഷത്രങ്ങളെ മുത്തുകളാക്കി
സ്വപ്നച്ചരടില്‍ കോര്‍ത്തെടുത്ത്‌
പൊന്‍ പതക്കമായി പൂന്തിങ്കളും
ചേര്‍ന്നൊരെന്‍ സ്വപ്ന മാല ,
പ്രിയേ നിനക്കു ചാര്‍ത്തുവാനും ,
തിളക്കമാര്‍ന്ന നിന്‍പുഞ്ചിരി
കാണുവാനും കൊതിച്ചു പോയീ …..

മറന്നുവല്ലോ ഞാനതിന്‍
അറ്റം കെട്ടുവാന്‍ ഒടുവിലെന്‍
കൈയില്‍ ശേഷിച്ചത് വെറും …
വെറും നാരു മാത്രം …
ചിതറിയകന്ന മുത്തുകള്‍ പ്രതിഫലിപ്പിച്ച
ജീവന്റെ ജീവനാം നിന്‍ രൂപം
അടുത്തെങ്കിലും അകലെയെന്നോര്‍മ്മിച്ചു …

സ്വപ്‌നങ്ങള്‍ സ്ഫടികങ്ങളായി
യാഥാര്‍ത്ധ്യങ്ങളെ ഏറ്റു വാങ്ങിയപ്പോള്‍
സ്വപ്ന മാല വെറും സ്വപ്നമായി തീരുന്നതു
നീറിപ്പിടയുന്ന വേദനയോടെ കണ്ടു നിന്നു
ഇനിയെന്തു നല്കുമെന്‍ പ്രാണനെന്നോര്‍ത്തു
ഉള്ളകം നുറുങ്ങി പൊടിയുന്നുവല്ലോ …

ജീവിതാഭിലാഷമായിരുന്ന
സ്വപ്നമാല കൈ വിട്ടതും ,
മുത്തുകളൊക്കെ ആകാശ നീലിമയില്‍
നിരന്നതും ഈ നൂലിഴ മാത്രമിന്നു
ബാക്കിയെന്നതും എങ്ങനെയറിയിക്കുമെന്‍ പ്രാണനെ …

ഈറന്‍ നിലാവ്

കാറ്റേ നിനക്കു നന്ദി
ഈ സൌരഭ്യമെനിക്കു തന്നതിന്
വെളിച്ചമേ നന്ദി
സുരലോക സൌന്ദര്യം കാണിച്ചതിനു
മഴത്തുള്ളികളേ നന്ദി
എനിക്കീ നനവുള്ള ഓര്‍മ്മകളേകിയതിനു
പൂനിലാവേ നിനക്കും നന്ദി
ഇഷ്ട സ്വപ്‌നങ്ങള്‍ കാഴ്ച വച്ചതിനു

നിന്‍ മിഴികളിലെ
പിടയ്ക്കുന്ന പരല്‍ മീനായെങ്കില്‍
നിന്‍ കാര്‍കൂന്തലിലെ പനിനീര്‍ പുഷ്പം ,
അതിലൊരിതളെങ്കിലുമായെങ്കില്‍
തുടുത്ത കവിളിലെ മറുകായെങ്കില്‍
മോഹങ്ങളേറെ നല്കിയ
എന്നന്തരാത്മാവേ നിനക്കും നന്ദി

എനിക്കു നിന്നോട് പ്രണയം
തോന്നിയ നിമിഷമേത് സഖീ ?
മഞ്ഞില്‍ കുളിച്ചൊരാ പ്രഭാതത്തില്‍
ലക്ഷ്മീകോലം വരച്ചുകൊണ്ടിരുന്ന നേരമോ ?
ത്രിസന്ധ്യയ്ക്ക് കണ്ണനു ചാര്‍ത്താന്‍
മാല്യം കോര്‍ക്കുമ്പോഴോ ?
പനന്തത്തകളോട് കിന്നാരം പറഞ്ഞ്
അവരിലൊരാളായി പാറിനടന്ന വേളയിലോ ?
അമ്പലകുളത്തിലെ പൂവാലന്മാരാം മീനുകള്‍ക്കു
നിന്‍ പാദസരത്തിന്‍ കൊഞ്ചല്‍ കേള്‍പ്പിച്ച നിമിഷമോ ?

എല്ലാമോര്‍ക്കുമ്പോഴും
ആ സുന്ദര നിമിഷം മാത്രംമറവിയുടെ
താഴ്‌വരയിലൊളിപ്പിച്ച
എന്‍ മാനസമേ നിനക്കും നന്ദി

നിന്‍ മോഹനരൂപം തെളിഞ്ഞതീ കണ്ണുകളില്‍
നിന്‍ ശബ്ദം തേന്‍മഴ
ചൊരിഞ്ഞതൊക്കെയും ഈ കാതുകളില്‍
തൂവല്‍ തോല്കും സ്പര്‍ശം
അറിഞ്ഞതീ ശരീരമെന്നാല്‍
ഇന്നു ഞാന്‍ പ്രണയിക്കുന്നത്‌
നിന്നെയോ അതോ എന്നെയോ ?

നഷ്ട സ്വപ്നമെന്നാലും ,
ഇന്നും നിറദീപമായി നീ കുടികൊള്ളുന്ന
എന്‍ മാനസമേ വീണ്ടും ചൊല്ലുന്നു നിനക്കു നന്ദി
എന്നുമോര്‍ക്കുന്നു ഞാനിതൊക്കെയും

അറിയുന്നു നിന്‍ സാമീപ്യം ,
കാണണം എനിക്കെന്നും എന്നില്‍ നിറയുന്ന നിന്നെ ...
അതിനായ് സൂക്ഷിക്കും ഞാനെന്നെ ....

സായൂജ്യം

നിഴലും നിലാവും ഇടകലര്‍ന്ന ഇടവഴിയില്‍
മറ്റൊരു നിഴലായി ഞാനെത്തുന്നതും
കാത്തിരുന്നതെന്തിനു നീ?
കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചോര്‍ത്തു
നെടുവീര്‍പ്പിടുമ്പോഴും
ആത്മാവില്‍ ചേര്‍ത്തു വച്ചെന്നെ
ആരാധിച്ചതെന്തിനു നീ?

നിന്നെ മനസ്സിലാക്കുന്നില്ലെന്നു കരുതിയോ?
നിന്‍ സ്നേഹം മനസ്സിലാക്കുന്നില്ലെന്നോര്‍ത്തോ ?
അറിയൂ സഖീ.. ഒക്കെയും മനസ്സിലാക്കിയിരുന്നു..
ആരാധനയോളം വളര്‍ന്ന നിന്‍ പ്രണയം ഞാനറിഞ്ഞിരുന്നു...

തിരിച്ചറിവിന്റെ നാളില്‍ നിനക്കായ്‌
വിലപ്പെട്ട സമ്മാനം തേടിയലഞ്ഞതും
പ്രിയപ്പെട്ടതെതെന്തെന്നു തിരിച്ചറിഞ്ഞ്
പൂര്‍ണ്ണമായും സ്വയം നിന്നിലര്‍പ്പിച്ചതും...

ഇന്നെന്റെ പ്രഭാതങ്ങള്‍ വിടരുന്നതും നിനക്കായ്‌...
സ്വപ്നങ്ങളും, ചിന്തകളും, പ്രവൃത്തികളും നിനക്കായ്‌ ...
ഇന്നെന്റെ തൂലിക ചലിക്കുന്നതും നിനക്കായ്‌..
ഇന്ധനമായി നിന്‍ പ്രണയവും..

ഉപമയില്ലാതെ വളര്‍ന്ന നിന്‍ പ്രണയത്തെ
എന്തു പേര് വിളിക്കും ഞാന്‍?
വിളിക്കുകയല്ല, അതു പോലെ ,
അതിനെക്കാളേറെ തിരിച്ചു ഞാന്‍...
അറിയുന്നുവോ സഖിയേ ?

നിലാവിന്‍ പുഞ്ചിരി ഉത്തരമായിക്കണ്ടു‌
നല്കുന്നു വാക്ക്
എന്നില്‍ നിന്നു ഞാന്‍ പോകും വരെ

നിന്നിലെ പുഞ്ചിരി കാത്തു കൊള്ളാം ഞാന്‍... വാക്ക് .