ആനന്ദമാനന്ദം നല്‍കീടും
ആനമയക്കികള്‍ നാടുവാഴുമ്പോള്‍
കണ്ണീരു മാത്രം കഥ കേള്‍ക്കും
ദൈന്യതയുടെ കാണാക്കണ്ണീരു മാത്രം .
ആഘോഷങ്ങള്‍ പൊടിപൊടിച്ചു
നീ വീടണയുമ്പോള്‍ ,
അടുക്കളയില്‍ ഒഴിഞ്ഞ
പാത്രങ്ങളുടെ ഗതകാല
കഥകള്‍ കേട്ടു മയങ്ങുന്ന നിന്‍
കുരുന്നുകള്‍ കാലിനു പന്താകും.
മോന്തിയ കള്ളിന്റെ കെട്ടിറങ്ങാന്‍
കെട്ടിയോളുടെ താലിയിറങ്ങണം...
കെട്ടിയ നാളിലെ സ്വപ്‌നങ്ങള്‍
മനസ്സില്‍ നിന്നും തൂക്കി വില്‍ക്കണം...
കേള്‍ക്കുക നീ , അവളല്ലവളുടെ
സാന്ത്വനമായ തലയിണയുടെ
കരളലിയിക്കും വാക്കുകള്‍ ...
"ആവില്ലെനിക്ക് താങ്ങാന്‍
ഇനിയൊരു തുള്ളി കണ്ണീരു പോലും ..
ഒരു ദിനമെങ്കിലും ഈറനണി-
യാതൊന്നുറങ്ങട്ടെ ഞാന്‍ ... "
ആഘോഷങ്ങള്‍
Posted by സനില്‍ എസ് .കെ at 12/29/2008 05:13:00 PM
പറയാതിരുന്ന പ്രണയം
Posted by സനില്‍ എസ് .കെ at 12/23/2008 02:26:00 PM
കാണാതിരുന്നതല്ല ഞാന്‍ നിന്‍
കണ്ണിലെ പ്രണയ നിലാവ് .
കേള്‍ക്കാതിരുന്നതല്ല നിന്‍
കാതരമാം പ്രണയ ഗാനങ്ങള്‍.
മനസ്സു മനസ്സിനെ തൊട്ടറി –
യുമെന്ന് നമ്മളറിഞ്ഞെങ്കിലും,
നാവു കാതിനോട് ചൊല്ലാത്തതില്‍
മാനസം പരിഭവിക്കുന്നുവോ...
പറഞ്ഞിരുന്നുവോ നീയാ മാടപ്രാവിനോട്
എന്നരികില്‍ വന്നു കുറുകിയൊതുങ്ങാന്‍...
ഇളം ചില്ലകളോട് ചൊല്ലിയിരുന്നുവോ
മഞ്ഞു തുള്ളികള്‍ കാത്തു വച്ചിരുന്ന്
എന്നില്‍ കുളിരു ചൊരിയാന്‍ ...
തന്നുവോ നിനക്കിന്നാ തൊടിയിലെ
പാരിജാതം മനം നിറയെ പൂക്കള്‍..
ഇളം കാറ്റു നിന്‍ കുറുനിരകളില്‍
കുസൃതികള്‍ കാട്ടിയോ ..
പാടവരമ്പത്തു വച്ച് നിനയ്ക്കാ-
തൊരു മഴ അടിമുടി നനച്ചുവോ ..
മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണന്‍ കണ്ണിറുക്കി കാണിച്ചുവോ...
പറഞ്ഞിരുന്നു ഞാനവരോടെല്ലാം
നമ്മുടെ പ്രണയത്തെക്കുറിച്ച് ,
സ്വപ്നങ്ങളെല്ലാം പാടിയിരുന്നു
ഒരു തവണയെങ്കിലും എനിക്കായ്
വഴിമാറി തരാന്‍ അവര്‍ക്കെന്തു
ഉല്‍സാഹമായിരുന്നുവെന്നൊ...
ഇനിയെന്തു ഞാന്‍ പറയേണ്ടൂ ...
ഇനിയുമെന്തിനു നീ പരിഭവിക്കുന്നു ...
ഉടഞ്ഞ ചില്ലുപാത്രം
Posted by സനില്‍ എസ് .കെ at 12/16/2008 02:15:00 PM
ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്നോതി
എന്റെ കണ്ണാടി തല്ലി -
പ്പൊട്ടിച്ചവളെന്‍ നെഞ്ചില-
തിന്‍ വലിയൊരു കഷ്ണം
കുത്തിയിറക്കവേ എന്‍
ഹൃദയമാ ചില്ലില്‍ പ്രതി -
രൂപം കണ്ടു ചിരി തൂകി...
പലതുമോര്‍ത്തവന്‍
മിടിക്കാന്‍ മറന്നു ...
നാഡീ ഞരമ്പുകള്‍ കെട്ടു -
പിണയുന്ന ഓര്‍മ്മയുടെ
തീരത്തെവിടെയോ
പിറക്കാതെ പോയ
ശിശുക്കള്‍ തേങ്ങിക്കരയുന്നു ...
ഈ നെഞ്ചില്‍ തല
ചായ്ച്ചു നീ ചൊല്ലിയ
വാക്കുകള്‍ കേട്ടതെല്ലാം
കാതുകളല്ലതു ഞാനാണ് ...
"ഈ നിലാവത്തൊരിത്തിരി
നടക്കാമീ പഞ്ചാര മണലി-
ലൊരിത്തിരി നേരമിരിക്കാം
ഹൃദയങ്ങളെ സ്വപ്ന -
കംബളങ്ങള്‍ നെയ്തു മൂടാം ... "
'എന്റെ സ്വപ്‌നങ്ങള്‍ നീ
വില്പനയ്ക്കു വച്ചുവെന്നറിയാന്‍
ഏറെ വൈകിയോ ഞാന്‍ ?'
പിന്നെന്നു നീ കണ്ടു
പുത്തന്‍ കൂട്ടുകാരെ ?
അന്നു നീയളന്നതേതു
മാപിനിയാലെന്‍ നെഞ്ചകം?
ചതിയുടെ ആഴമറിയാ -
പ്പൊയ്കയില്‍ നീ നീന്തി -
ത്തുടിച്ചപ്പോഴെല്ലാം കരയില്‍
നിനക്കായ് പ്രാര്‍ഥനാ
നിരതമായിരുന്നു ഞാന്‍ .
അന്നൊന്നും കണ്ടിരുന്നില്ല
ഞാനെന്നെ, നീയിന്നാ -
ചില്ലിലെന്നെ കാട്ടും വരെ .
നന്ദി പ്രിയേ നന്ദി ....
പാഴ്ക്കിനാവ്
Posted by സനില്‍ എസ് .കെ at 12/16/2008 02:09:00 PM
ദൈവമേ നിന്റെ പേരും പറഞ്ഞു
ചെകുത്താന്മാര്‍ വിളയാടുമ്പോള്‍
ഒന്നു വായ് തുറക്കൂ ദൈവമേ
അരുതെന്ന് പറയൂ ദൈവമേ ...
നിന്നെ വിളിച്ചു കേഴുന്നവരെ
കണ്ടില്ലെന്നു നടിക്കരുതേ
നാളെ അവരൊക്കെയും സാത്താനെ
വിളിച്ചു കേഴുമ്പോള്‍ നീയന്നു
ആരെ വിളിച്ചു കരയും ?
മുലയൂട്ടാനിരുന്ന അമ്മയുടെ
മാറില്‍ വെടിയുണ്ട ...
പാല്‍മണം മാറാത്ത
പൈതലിന്റെ ചുണ്ടില്‍
ചുടുചോരയുടെ ചവര്‍പ്പ് ...
അച്ഛന്റെ തലയില്‍
ഒരുഗ്ര സ്ഫോടനം
തകര്‍ന്ന കിനാക്കള്‍ പോലെ
ചിതറിയ തലയോട്ടി ...
എന്തേ നിന്‍ കരങ്ങള്‍
ബന്ധിതമോ ?
നിനക്കര്‍പ്പിച്ച നിവേദ്യങ്ങള്‍
നാവിന്‍ ശേഷി നശിപ്പിച്ചുവോ ?
നിന്‍ മുന്നില്‍ സാഷ്ടാംഗം
വീഴുന്നത് കണ്ടു നീ സ്വയം മറന്നുവോ ?
ഒന്നും ആവശ്യപ്പെടുന്നില്ല
ഞങ്ങളൊന്നും മോഹിക്കുന്നില്ല
ഒന്നു മാത്രം ഒന്നു മാത്രം ...
മനുഷ്യനായി ജീവിച്ചു
മനുഷ്യനായ് മരിക്കാനൊരു വരം
അതിനേതു ചെകുത്താന്റെയും
കഴുത്തറുക്കാം , മാറുപിളര്‍ക്കാം
ഉടപ്പിറപ്പുകള്‍ക്കായ്
ചെയ്യാമതൊക്കെയും ഞാന്‍ .
കല്ലുകള്‍
Posted by സനില്‍ എസ് .കെ at 11/10/2008 02:21:00 PM
പുറപ്പെടാമിനിയാ കുന്നിലേക്ക്
ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ കുന്നിലേയ്ക്ക്
ഉരുട്ടിത്താഴേയ്ക്കിടാന്‍ കല്ലില്ലെന്നോര്‍ത്തു
ഇത്ര നാളുമെന്‍ യാത്ര മാറ്റിവച്ചിരുന്നു .
അഹങ്കാരത്തിന്റെ കല്ലുകളെന്‍
ശിരസ്സിലുണ്ടെന്നു അറിഞ്ഞില്ലിത്ര നാളും.
തളര്‍ന്ന പാദമൊന്നു നോക്കിയോരാ
നിമിഷമിതാ വീഴുന്നു ശിരസ്സില്‍ നിന്ന് .
ഇനിയതൊക്കെ മലമുകളില്‍ നിന്നു
താഴെയ്ക്കുരുട്ടണം , പക്ഷേ തളര്‍ന്ന
പാദങ്ങള്‍ക്കൊരു താങ്ങായി വരുവതാര് ?
നിസ്സഹായത വന്നീടുകില്‍
പോയീടും ഞാനെന്നോതിയ
കല്ല് കാലില്‍ തട്ടി വിളിക്കുന്നു
കൊണ്ടു പോകൂവെന്നോതുന്നു .
മരണം പിരിക്കാതെ നോക്കാമെന്നോതിയ
കല്ലിന്റെ ഭാരമിന്നു താങ്ങാനാകുന്നില്ല .
കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന
മണല്‍ത്തരികള്‍ക്കുമിന്നു ഭാരമേറെ .
വന്യതകളുടെ അദൃശ്യ ഭാരവുമായി
പെരുകുന്ന എണ്ണങ്ങള്‍ കണ്ടു ഭയമൊട്ടു -
മില്ലാതെ മനമിന്നു തേടുന്നത് കാലുകള്‍ക്കു -
താങ്ങാനാകുന്ന കല്ലേതെങ്കിലും
ബാക്കിയുണ്ടോയെന്നു മാത്രം .
നിശ്ചലം
Posted by സനില്‍ എസ് .കെ at 11/06/2008 08:57:00 PM
ഒരു തുള്ളി രക്തം പോലുമില്ലെന്‍ സിരകളിളിന്നു
ഒഴുക്കിക്കളഞ്ഞു സ്മൃതികള്‍ക്കായ് ... പലവഴികളില്‍ ...
മറക്കാതൊരു തുള്ളിയെങ്കിലുമെന്‍ ഹൃദയത്തിനു
കൊടുത്തിരുന്നുവെങ്കിലവനിന്നു നിത്യ ധ്യാനത്തിലമരില്ലായിരുന്നു .
പലതരം മറകള്‍ക്കു പിന്നില്‍ നിന്നമ്പുകള്‍
തുരു തുരാ പ്രവഹിക്കുന്നാ നിശ്ചല ഹൃത്തിനു നേരെ
പിന്നില്‍ നിന്നേതൊക്കെയോ കത്തികള്‍ തേടുന്നു ധമനികള്‍
രക്തദാഹികളുടെ മുരള്‍ച്ചകള്‍ ഇരുളില്‍ മുഴങ്ങുന്നു .
വെളിച്ചമായെങ്കില്‍ , വന്നെങ്കില്‍ കണ്മുന്നില്‍
ചൊല്ലാം ഞാന്‍ ഇനിയാ തുടിപ്പുകളില്ലെന്ന്
കൈയിലുണ്ടായിരുന്നത് ഒരുപിടി മധുരം മാത്രം
സ്നേഹ വാല്സല്യങ്ങളില്‍ പൊതിഞ്ഞ മധുരം ...
തരുവാനാനായില്ല ഇന്നെനിക്ക് , അതിന്മുന്നേ -
എന്‍ ജീവരക്തം കുടിച്ചു വിശപ്പകറ്റിയല്ലോ ...
കാണുമൊടുവിലാ കൈകള്‍, അറിയുമപ്പോള്‍ സത്യം ...
ചോരച്ചുവയുള്ള മധുരവും നുണയുമോ അന്ന് ...?
തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതുറക്കത്തില്‍ നിന്ന് ...
എന്നാലും , ഉണര്‍ത്തില്ലവസാന ഉറക്കത്തില്‍ നിന്ന് ...
കുന്തിരിക്കം പുകയുന്നയാ മുറിയില്‍ സത്യമൊന്നു മാത്രം
പറയാതെയറിയുന്ന , വിലയില്ലാതാകുന്ന സത്യം .
മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍
Posted by സനില്‍ എസ് .കെ at 11/04/2008 09:23:00 PM
മഴയേയെന്‍ പ്രിയ മഴയേ വരിക
മരവിച്ച സ്വപ്നങ്ങള്‍ക്കൊരു
ഉണര്‍ത്തുപാട്ടായ് വരികയെന്‍ തോഴാ
നിന്റെ അപദാനങ്ങള്‍ വാഴ്ത്താനിവിടെ
മല്‍സരിക്കുവാന്‍ ആളൊത്തിരിയെന്നറിയുക ...
പ്രണയാവേശത്താല്‍ ഭൂമിയെ
നീയാശ്ലേഷിച്ചീടുമ്പോള്‍
ഒളികണ്ണിട്ടു നോക്കി സൂര്യന്‍
തീര്‍ക്കുന്നൊരു മാരിവില്ലും
ആശംസകളുമായൊരു മയില്‍ നൃത്തവും
നാണത്തില്‍ മുങ്ങിയ നിലാവില്‍
ഈറനോടെ നില്‍ക്കുന്നാമ്പലും കൊതിച്ച്
സ്വപ്നങ്ങളില്‍ മയങ്ങി വന്നതും നീയല്ലേ ...
അപ്പോഴൊക്കെയും,
എന്റെ സ്വപ്നങ്ങള്‍ക്ക് കുളിര്‍മ്മയേകാനാനെന്നു
അന്നു ഞാന്‍ തെറ്റിദ്ധരിച്ചുവല്ലോ ...
കരിമൂര്‍ഖനും കീരിയും സൌഹൃദം
പങ്കുവയ്ക്കുന്ന നാട്ടിടവഴികളില്‍
ഇടവപ്പാതിയും തുലാവര്‍ഷവും
മല്‍സരിക്കുന്ന കൈത്തോടുകളില്‍
മടപൊട്ടിയ പുഞ്ചപ്പാടങ്ങളിലെല്ലാം
നിറഞ്ഞു നിന്നതും നീയല്ലേ ?
അന്നവിടെയെല്ലാം ഏകനായ് അലഞ്ഞു നടന്ന
എനിക്കു കൂട്ടായി വന്നതാണു നീയെന്നും
ഞാന്‍ തെറ്റിദ്ധരിച്ചുവല്ലോ ...
പ്രണയിനിയോടു കലഹിച്ച്
അട്ടഹാസത്തോടെ ആര്‍ത്തിരമ്പി വന്നതും നീയല്ലേ ?
ഭയന്നു വിറച്ചു ചൂളി നിന്ന അവളെ
തണുത്ത പുതപ്പിനാല്‍ മൂടിയതും നീയല്ലേ
വാവിട്ടു കരയുന്നവളുടെ കണ്ണീരു
കാണാതിരിക്കാനായ് കരിമ്പടം
പുതച്ചെത്തിയതും നീയല്ലേ ...
ഇതൊന്നുമറിയാതെ ,
എന്റെ ചുറ്റും , മുകളിലും കൂര്‍ത്ത മുള്ളുകള്‍
വിധി തീര്‍ത്തിരുന്നെന്നറിയാതെ ,
രാത്രി മഴയ്ക്കാരോ കാതോര്‍ത്തില്ലേ ...
എന്നാലും അവള്‍ നിന്നെ സ്നേഹിക്കുന്നു
നനുത്തൊരോര്‍മ്മ പോലെ വരുന്ന
നീയവള്‍ക്കേറെ പ്രിയപ്പെട്ടതല്ലോ .
വരണ്ട കുറെ സ്വപ്നങ്ങള്‍ക്കും സാന്ത്വനമല്ലോ ...
അതു പോല്‍ നിന്‍ വരവാര്‍ക്കൊക്കെയോ
സ്വപ്നങ്ങളുടെ ഉണര്‍ത്തു പാട്ടല്ലയോ ...
വരികയെന്‍ പ്രിയ മഴയേ വരിക ...
ആരുമറിയാതെയീ ജീവിതവും നിന്നിലലിയട്ടെ ...
ഒടുവിലെ കൂട്ട്
Posted by സനില്‍ എസ് .കെ at 10/21/2008 08:45:00 PM
എന്റെയാദ്യ കരച്ചിലെത്രയോ കാതുകള്‍ –
ക്കിമ്പമേറും സംഗീതമായിരുന്നുവെന്നോ
അതു കേട്ടാനന്ദിച്ചവരൊക്കെയും
തന്നിരുന്നെനിക്കു മധുര മുത്തങ്ങളൊത്തിരിയന്ന് .
ബാല്യത്തിലെ വിശപ്പിന്‍ കരച്ചിലുകളെ-
ന്നമ്മയുടെ ഇടനെഞ്ചു തകര്‍ത്തിരുന്നെന്നും
ആദ്യ സംഗീതമാസ്വദിച്ച കാതുകളിലവ
പതിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നില്ല ഞാനന്ന് .
വാശികള്‍ക്കായ് ചിണുങ്ങിയ
കൌമാര കുസൃതിക്കരച്ചിലുകള്‍
മുഖ വിലയ്ക്കെടുത്തില്ലാരു –
മെന്നച്ഛന്‍ പോലുമേ …
യൌവ്വനത്തില്‍ തിളച്ചു തൂവിയ
രക്തത്തില്‍ പ്രണയം കലര്‍ന്നിരുന്നെന്നു
പ്രണയിനിക്ക് ബോദ്ധ്യമാകാതിരുന്ന നാളുകളില്‍
കടിച്ചമര്‍ത്തിയ കരച്ചിലുകള്‍
നാലു ചുമരുകള്‍ പോലുമറിഞ്ഞില്ല ...
അവസാന നാളുകളില്‍ ,
അകലങ്ങളിലായ മക്കളെയോര്‍ത്തും,
നഷ്ട സ്വപ്നങ്ങളെ എണ്ണിത്തിട്ടപ്പെടുത്തിയ
ഏറ്റക്കുറച്ചിലുകളോര്‍ത്തും
നിശബ്ദമൊഴുകിയ കണ്ണീര്‍ച്ചാലുകളെ
അടുത്ത കണ്ണു പോലുമറിഞ്ഞില്ല .
നാടു മുഴുവനറിഞ്ഞ
നിലവിളികള്‍ക്കിടയിലും
ഞാന്‍ തേടിയതെല്ലാം
എന്റെയാദ്യ കരച്ചിലായിരുന്നു
ഏവര്‍ക്കും ആനന്ദമേകിയ
ആദ്യ സംഗീതമായിരുന്നു.
സീമന്ത രേഖയിലെ സിന്ദൂരം
ചക്രവാളത്തിനു നല്കി നീ
വിറയാര്‍ന്ന കരങ്ങളാല്‍
വിതുമ്പലോടെ കൊളുത്തിയ
തിരിനാളമിന്നെന്നോടു മന്ത്രിക്കുന്നു,
നീ തേടിയ ഞാനിനി
ഇനിയെന്നും നിനക്കു
കൂട്ടായുണ്ടാകുമെന്ന് , തൊട്ടരികെ …
മോഹങ്ങളുടെ ശവപ്പറമ്പ്
Posted by സനില്‍ എസ് .കെ at 10/15/2008 02:45:00 PM
ആറടി മണ്ണിലുറങ്ങുന്നു മോഹങ്ങള്‍
ആയിരങ്ങളുടെ അഭിലാഷങ്ങള്‍
തേങ്ങുന്ന ആത്മാവുകളലയുന്നു
ഇനിയില്ലാ മോഹ സാക്ഷാത്കാരമെന്നറിയുന്നു …
ഉറ്റവരുടയവര്‍ നടത്തിടുമോ
ആശകളാം നൊമ്പരങ്ങള്‍ ...?
ഇനിയവരുടെ മോഹങ്ങളും ബാക്കിയാക്കി
വന്നണയുമല്ലോ ഈ കാട്ടിലെന്നോര്‍ക്കാതെ
പെരുക്കുമോ മോഹപ്പട്ടികകള്‍ മനസ്സിനുള്ളില്‍ ...?
നല്ലൊരു കൂര മക്കള്‍ക്കൊരു
നല്ല ഭാവി സുരക്ഷിതമായി ...
കുടുംബ നാഥനാകുന്ന മകനുമൊരു -
വീടിന്നലങ്കാരമാകുന്ന മകളും
പേരക്കിടാങ്ങളും നിറഞ്ഞ കാഴ്ചകള്‍
അകതാരില്‍ കണ്ടു പുളകമണിഞ്ഞ നാളുകള്‍ ...
എന്തിനതൊക്കെയും അന്യമാക്കി
ജഗത് നിയന്താവേ ….?
അടുത്തടുത്തെത്ര മോഹങ്ങളുറങ്ങുന്നിവിടെ ?
അടുത്തടുത്തു ജീവിച്ച നാളുകളിലീ-
മനസ്സുകള്‍ തമ്മിലറിഞ്ഞീലാ …
ഇന്നിവിടെല്ലാരുമറിയുന്നു ഞങ്ങളുടെ
മോഹങ്ങളെല്ലാം ഒന്നായിരുന്നെന്നും ,
വൈകിയ ഈയറിവില്‍ കഴമ്പില്ലെന്നും...
ഞാനൊരു മലയാളി
Posted by സനില്‍ എസ് .കെ at 10/09/2008 12:17:00 PM
വിശപ്പകറ്റാനൊരു വിഷക്കായെങ്കിലും തരൂ
നിങ്ങളെനിക്കൊരു വിഷക്കായെങ്കിലും തരൂ
ഇല്ലെന്റെ പാടത്തും പറമ്പിലുമതി -
നെനിക്കില്ലിന്നു പാടവും പറമ്പും.
പാടം കുഴിച്ചു കുഴച്ചു ചുട്ടെടുത്തും
കുന്നുകളിടിച്ചു കുളങ്ങള്‍ നികത്തിയും
കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്തിയപ്പോഴോന്നും
മറന്നതല്ലക്കാര്യം , നടുവേ ഓടി
ഞാനൊരു മലയാളിയെന്നു
തെളിയിക്കാനായി നടത്തിയോരു
പാഴ് വേലകള്‍ മാത്രം.
മുറ്റത്തെ മുല്ലയുടെയും തൂശനിലയുടെയും
ആറ്റിലെ മീനിന്റെയും
ആരോഗ്യപ്പച്ചയുടെയും
കുത്തകാവകാശം പാശ്ചാത്യനു
തീറെഴുതി കൊടുത്തിട്ടു വിശ്രമിച്ച
ഞാനൊരു മലയാളി …
ഇല്ലാക്കഥകളിലൂടെ ഇന്നലെകള്‍
ഗൃഹാതുരത്വം അയവിറക്കാനായി
കുപ്പിയില്‍ സൂക്ഷിച്ച
ഞാനൊരു മലയാളി ...
ചൂടു കൊതിച്ചടുപ്പുകള്‍ പുകക്കുഴലുകളെ
നോക്കി കണ്ണീര്‍ വാര്‍ക്കുന്നു .
ജഠരാഗ്നി കെടുത്താനീ
മണ്ണിലൊന്നും ബാക്കിയില്ലാ.
ഒരു വിഷവിത്തെങ്കിലും
തനിയേ വീണുമുളയ്ക്കാനൊരു-
നാഴി മണ്ണു പോലും ബാക്കിയില്ലാതെ ,
ഉണ്ടെന്നു പൊളി പാടുന്നവന്‍ ,
ഞാനൊരു മലയാളി ...
പാല്‍മണം മറന്ന പാല്‍ക്കുപ്പികളെ
പൈതങ്ങള്‍ പോലും മറന്നേപോയീ
താരാട്ടിന്നീണവും പണയം വച്ച
ഞാനൊരു മലയാളി ...
അയല്‍നാടിന്‍ വണ്ടികളെ കാത്തു
പൊരിയുന്ന വയറോടെ കാത്തിരുന്നു മടുത്തു
പ്രതീക്ഷകള്‍ അസ്തമിച്ച ഞാനിനി
മരിക്കാനായി തേടുന്നൊരു വിഷക്കായ
വേണമെനിക്കീ മലയാള മണ്ണില്‍
നിന്നൊരു വിഷക്കായെങ്കിലും
അങ്ങനെയും അഭിമാനിക്കട്ടെ
ഞാനെന്ന മലയാളി ...
ആധുനിക ചിലന്തികള്‍
Posted by സനില്‍ എസ് .കെ at 9/09/2008 12:18:00 PM
തീക്കുണ്ഡമൊരുക്കി കാത്തിരിക്കുന്നു
ഈയാം പാറ്റകളെ പോല്‍
വന്നു വീഴുന്ന ഇരകളെ
ചുട്ടു തിന്നാനായ്
ആധുനിക ചിലന്തികള്‍
വല കെട്ടലില്ല ,
നേരം കളയാനില്ല
ചൂടേറ്റു വാടി വീഴുന്നവയെ
ഏറ്റം വേഗത്തില്‍ തിന്നേണം
ഏമ്പക്കമൊന്നു കഴിയേണം
ചതിക്കുഴികളില്‍ വീണവരെ
നോക്കി പല്ലിളിച്ചു കാട്ടുമീ
സുന്ദര വദനങ്ങള്‍
ദംഷ്ട്രകള്‍ക്കിടയിലൂടെ
പൊഴിഞ്ഞു വീഴുന്ന
നുരയ്ക്കുന്ന പുഴുക്കള്‍ക്കും
കൊമ്പു നാല് , കാലെട്ട് ...
സുരപാനം കഴിഞ്ഞാലിവര്‍ക്കില്ല
സൌഹൃദങ്ങള്‍, അറിയില്ല ,
അമ്മയാര് ... പെങ്ങളാര് ...
അമ്മയുടെ ഗര്‍ഭപാത്രത്തിനു
നേര്‍ക്കുമുയരും കാലുകള്‍
അച്ഛന്റെ കഴുത്തിലമരും കൈകള്‍
നൈമിഷിക സുഖത്തിനായ്
ഇഴയുമേത് ചെളിക്കുണ്ടിലും .
സത്യമാരു പറഞ്ഞാലും
തുറക്കുമാ വായ് ...
പൊഴിയുന്ന പുഴുക്കളെക്കണ്ടു
ബോധം കെടും നാം .
മടക്കയാത്ര
Posted by സനില്‍ എസ് .കെ at 9/09/2008 11:44:00 AM
പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍ പൂര്‍വ്വികരുണ്ട്
മരവുരിയുടുത്ത് കായ്കനികള്‍
ഭുജിച്ചവരവിടെ വാഴുന്നുണ്ട്
കല്ലുകള്‍ കൂട്ടിയുരച്ചു
തീക്കൂട്ടി തണുപ്പിനെ
തോല്‍പ്പിച്ചു കൊണ്ടവര്‍
മുളങ്കുറ്റികളില്‍ ലഹരിയില്ലാത്ത
നുരയുയരാത്ത വെള്ളം മോന്തി
കല്‍പ്പാത്രങ്ങളില്‍ പാകം ചെയ്തു
ഇലയില്‍ വിളമ്പുന്നവര്‍
മരവുരിയാല്‍ മറയ്ക്കപ്പെടാത്ത
സ്ത്രീയിടങ്ങളുടെ ,
അന്നം വിളമ്പിയ കൈകളുടെ
ഭംഗിയാസ്വദിച്ച് നയനങ്ങളാല്‍
മാനഭംഗം ചെയ്യുവോരില്ലവിടെ .
യന്ത്രങ്ങളാകുന്നില്ല പുലര്‍ച്ച മുതല്‍
സ്വന്തമാക്കുവാനൊന്നുമില്ല
സന്തോഷങ്ങളില്‍, വേദനകളില്‍
മൃഗങ്ങള്‍ പോലും സുഹൃത്തുക്കള്‍
ജാതി മത ഭ്രാന്തുകളില്ല
കൈക്കൂലിയില്ലഴിമതിയില്ല
വരവില്ല ചിലവില്ലതിനാല്‍
പൊട്ടിത്തെറിക്കാന്‍ വാതകക്കുറ്റികളില്ല
കത്തിത്തീരുന്നില്ല മക്കള്‍
പ്രണയ മുഖംമൂടിയിലൊളിപ്പിച്ച
പണഭ്രാന്തിന്റെ വികൃത മുഖങ്ങളില്ല
അംഗ പ്രത്യംഗം തുള്ളിച്ചു
ദേഹ വടിവ് ലോകത്തിനു മുന്നില്‍
അനാവൃതമാക്കുവാനായ് പെണ്‍മക്കളെ
പ്രോല്‍സാഹിപ്പിക്കുന്ന
പ്രദര്‍ശന മാമാങ്കങ്ങളുടെ
തല്‍സമയ ദൃശ്യങ്ങളില്ലവിടെ
പച്ച ജീവനോടെ മനുഷ്യര്‍
ചുട്ടെരിക്കപ്പെടുമ്പോള്‍
കസേരക്കാലിനു ഇളക്കം
തട്ടാതിരിക്കുവാന്‍ പാലിക്കുന്ന
നാണം കെട്ട മൌനത്തിന്‍
ഭരണ വൈകൃതങ്ങളില്ലവിടെ
ഒന്നിനെ നൂറു പേര്‍
പീഡിപ്പിച്ചതൊക്കെ നൊടിയിടയില്‍
മുന്നില്‍ നിന്നു പിന്നിലേക്കോടിച്ച് ,
ലോക സുന്ദരിയുടെ
അംഗവടിവിന്നളവുകള്‍
മുന്നില്‍ നിരത്തുന്ന
പത്ര ധിക്കാരങ്ങളില്ല.
ഇടനെഞ്ചില്‍ കുത്തേറ്റവന്‍
പിടഞ്ഞു മരിക്കണോ
പിടയാതെ മരിക്കണോയെന്നതിനു
അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന
ദൃശ്യ മാദ്ധ്യമക്കസര്‍ത്തുകളില്ല
ഒരു തുള്ളി ദാഹജലത്തിന്നായ്
കേഴുന്നവന്റെ വായില്‍
കൂടപ്പിറപ്പിന്റെ രക്തമിറ്റിച്ചു
കൊടുക്കുന്ന കോമരങ്ങളില്ല
ഇരുളില്‍ മറഞ്ഞിരുന്നു
കുതികാല്‍ വെട്ടുന്ന ,
കെണിയിലാക്കി
കൈകാലുകളരിഞ്ഞു രസിക്കുന്ന
ഭീരുക്കളില്ലവിടെ
പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍ പൂര്‍വ്വികരുണ്ട്
കായ്കനികള്‍ കാത്തു വച്ച്
ഗുഹാ മുഖത്തവരെന്നെ
കാത്തിരിക്കുന്നുണ്ടാവാം...
കാണാതാകുന്ന ഹൃദയങ്ങള്‍
Posted by സനില്‍ എസ് .കെ at 8/30/2008 03:43:00 PM
അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നില്ലവള്‍ ആദ്യമാദ്യം
ഒടുവിലാ വാക്കുകള്‍ അമൃതായിത്തീര്‍ന്ന
കാലത്താണ് നഷ്ടമെന്തെന്നു ബോദ്ധ്യമായത്
അവന്റെ പഴയ വാക്കുകള്‍ തേടി ഒത്തിരിയലഞ്ഞവള്‍
പിന്നോട്ട് …. കാലത്തിലൂടെ …
അവിടെ കണ്ടെത്തിയതു മുഴുവനും
അവളുടെ പേരായിരുന്നു
അവളുടെ ഹൃദയത്തുടിപ്പുകളായിരുന്നു
അവന്റെതെന്നു പറയാനൊന്നുമുണ്ടായിരുന്നില്ല
തിരിച്ചെത്തിയപ്പോള്‍
അവളുടെ ഹൃദയം തേടി
അവന്‍ യാത്ര തുടങ്ങിയിരുന്നു , പിന്നോട്ട് ...
സ്വന്തം വാക്കുകളും ഹൃദയത്തുടിപ്പുകളും
ഭംഗിയായി സൂക്ഷിച്ചു വച്ചിരിക്കുന്നത്
കണ്ടാനന്ദത്തോടവന്‍ മടങ്ങി
വീണ്ടും കണ്ടു മുട്ടിയപ്പോഴാണവരോര്‍ത്തതു
സ്വന്തം ഹൃദയമവിടെ
വച്ചിട്ടാണല്ലോ പോന്നതെന്നത്
പിന്നീടവരൊന്നിച്ചായ് പിന്നോട്ടുള്ള യാത്ര
ആദ്യമെത്തിയയിടത്തു അവളുടെ ഹൃദയമില്ലാ...
അടുത്തയിടത്തു അവന്റെ ഹൃദയവുമില്ലാ...
ഇരു ഹൃദയവും ഒന്നായി ചേര്‍ന്നു
പ്രണയ നദിയില്‍ നീന്തിത്തുടിക്കുകയായിരുന്നു
എന്നറിയാതെ
അവനും അവളും
വിരഹാഗ്നിയില്‍ ഉരുകാന്‍ തുടങ്ങുകയായിരുന്നു .
മേഘം
Posted by സനില്‍ എസ് .കെ at 8/30/2008 03:07:00 PM
മേഘമേ അറിയുന്നുവോ നീ മറയ്ക്കുന്നതെന്തെന്നു
രാവും പകലും അലസം നീയോഴുകുമ്പോള്‍
എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നു
ഒരു മാത്ര നീയൊന്നു ചിന്തിക്കുമോ ?
നിന്നിലെ നിറപ്പകര്‍ച്ചകള്‍ ആധിയോടെയും
ചിലരാഹ്ലാദത്തോടെയും വരവേല്‍ക്കുമ്പോള്‍
ആരെയാരെ നീ തൃപ്തിപ്പെടുത്തുന്നു ?
മര്‍ത്യ ഹൃദയം നാന്നായറിഞ്ഞോ , നീയിങ്ങനെ ?
ആശയോടെ കാത്തിരുന്ന അരുണകിരണങ്ങള്‍
എന്നില്‍ നിന്നെന്തിന്നു ഒളിപ്പിച്ചു ?
എത്ര പ്രഭാതങ്ങള്‍ , സന്ധ്യകള്‍ നീയെനിക്കന്യമാക്കി
എത്ര പൌര്‍ണമികള്‍ വേദനയോടെ മറഞ്ഞൂ
എത്ര പൊന്‍ ചന്ദ്രക്കലകള്‍ വിതുമ്പലോടെ നിന്നൂ
നക്ഷത്രക്കുരുന്നുകളുടെ കണ്‍ചിമ്മല്‍ കാണാനാകാതെ
മൂകമുരുകിയത് എത്ര രാവുകള്‍ ...
മധ്യാഹ്നങ്ങളില്‍ തണലേകിയത് മറക്കുന്നില്ലെങ്കിലും
നഷ്ടങ്ങളെത്രയെന്നു ഓര്‍ത്തു പോകുന്നു ഞാന്‍ ...
പൈതൃകം
Posted by സനില്‍ എസ് .കെ at 8/30/2008 03:01:00 PM
ജന്മാന്തരങ്ങളുടെ ആശകള്‍
പുണ്യ നിമിഷത്തിനായുള്ള കാത്തിരുപ്പ്
പ്രതിരൂപം കണ്‍കുളിര്‍ക്കെ കാന്മാനായി
കൊതിയോടെ നടന്നതും
പിഞ്ചു കാലടികള്‍ കനവില്‍ നിറഞ്ഞതും
ചേലെഴും പുഞ്ചിരി അകക്കാമ്പില്‍ നിറഞ്ഞതും
വെണ്ണതോല്‍ക്കും കൈയാല്‍ തലോടലേല്‍ക്കാന്‍
പ്രാര്‍ത്ഥനാ നിരതമായതും
മാലാഖമാരില്‍ നിന്നാ കുരുന്നിനെ
ഏറ്റുവാങ്ങിയോരാ നിമിഷം ..
കാലങ്ങളുടെ കാത്തിരുപ്പ് കുളിരായി
മനസ്സില്‍ നിറയവേ …
കനവുകളിലെ തിളക്കമാ കുഞ്ഞു–
കണ്‍കളില്‍ തെളിയവേ…
നനവാര്‍ന്നോരെന്‍ നയനങ്ങള്‍ കണ്ടോ–
നീയും കരഞ്ഞതെന്നോ ?
എന്നോട് പങ്കുചേരാനായി
ഇന്നേ കൂടുന്നോ നീയെന്‍ അരുമപ്പൈതലേ ?
മാറോടു ചേര്‍ത്തു ഹൃദയങ്ങള്‍ സംസാരിച്ചതും …
ഇന്നുമെന്‍ മാറിലായി ചാഞ്ഞുറങ്ങുന്നതും …
വൃദ്ധനാകുന്ന എന്നെ നിന്‍ ചിരിയിലൂടെ ,
എന്‍ നഷ്ടബാല്യം നിന്‍ പിച്ച വയ്പിലൂടെ
കാണിച്ചു തന്നതും …. ആദ്യ ചുവടുകള്‍ …
ആദ്യ വാക്കുകള്‍ …ഒക്കെയുമെന്‍ നിരവൃതികള്‍ ….
ഇന്നെന്‍ സ്വപ്നങ്ങളൊക്കെയും
നിന്നിലൂടെ പടര്‍ന്നു പന്തലിക്കുമ്പോള്‍
നിന്‍ ലോകങ്ങളൊക്കെയും എന്നിലലിഞ്ഞു ചുരുങ്ങുന്നുവോ ? …
ഓര്‍ക്കുന്നു ഞാനെന്‍ പിതാവിനെ
ഞാനുമൊരുനാള്‍ ഇതു പോല്‍
ആ വിരല്‍ത്തുമ്പു പിടിച്ചു നടന്നതും …
അറിയുന്നു , ആ മാനസം എന്നെയോര്‍ത്തു
എത്ര തേങ്ങിയെന്നു … ഇനി ഞാനുമെത്ര നീറുമെന്നു …
മഴ പറഞ്ഞതു
Posted by സനില്‍ എസ് .കെ at 8/30/2008 02:55:00 PM
കാത്തിരുപ്പ് …
Posted by സനില്‍ എസ് .കെ at 8/30/2008 02:48:00 PM
മഞ്ചാടി മണികള്‍ നിറഞ്ഞ
കൈക്കുടന്നയില്‍ നോക്കവേ …
അവയുടെ കുസൃതികള്‍ നിറഞ്ഞൂ
അവളുടെ മനസ്സിലും
കുഞ്ഞു കൃഷ്ണമണികള്‍ അവളുടെ
കണ്ണുകളിലേക്ക് ആവാഹിച്ചു
നിറഞ്ഞ സ്നേഹമായി
ജീവരക്തതിന്‍ തുള്ളികള്‍
സിരകളിലൂടെ ഹൃദയത്തില്‍
ഒത്തു ചേര്‍ന്ന് കലപില കൂട്ടി
പറയുവാന്‍ മോഹിച്ചവള്‍ ഏറെ
കേള്‍ക്കുവാനൊരാളെ തേടി എമ്പാടും
ഏത് കൈയിലൊരു ചെമ്പനീര്‍ പൂവ് ?
ഏത് കണ്ണുകളില്‍ മഞ്ചാടി തന്‍ കുസൃതികള്‍ ?
ഏത് ഹൃത്തില്‍ സ്നേഹ മണികിലുങ്ങുന്നു ?
കണ്ണും കാതും തുറന്നവള്‍ തേടിയലഞ്ഞു
നിന്നില്ലല്ലോ മേഘങ്ങളൊരു നിമിഷം പോലും
അരിപ്രാവുകള്‍ കുറുകിയകന്നു
ഹംസങ്ങളൊക്കെയും മറ്റേതോ
ദൂതുമായി തിരക്കിലായി
ഇളംതെന്നല്‍ തഴുകാന്‍ പോലും
മറന്നുവല്ലോ …. . ഇനിയാരെ
അറിയിക്കുമീ ആനന്ദം ?
ഇതു കാണുവാനാര് വരും ?
വ്യഥയോടവള്‍ കാത്തിരുന്നു .
വര്‍ഷങ്ങള്‍ കൊഴിയവേ ….
ചെഞ്ചോര മുത്തുകളൊക്കെയും അവളുടെ
ഹൃത്തില്‍ ആരും കാണാതെ പോയ ,
കേള്‍ക്കാതെ പോയ സ്‌നേഹം പോല്‍ …
ഉറഞ്ഞു കൂടി …. എന്നിട്ടും
മഞ്ചാടി മണികള്‍ കൊണ്ടൊരു
തുലാഭാരം നേര്‍ന്നവള്‍ കാത്തിരുന്നു …
വരുമെന്‍ കഥ കേള്‍ക്കാന്‍
ഒരു മഞ്ചാടി മരമെന്നോര്‍ത്ത് ....
മകള്‍ക്ക്
Posted by സനില്‍ എസ് .കെ at 8/28/2008 12:19:00 PM
നിന്‍ കൈക്കുമ്പിളിലര്‍പ്പിക്കുന്നെന്‍
സ്നേഹത്തിന്‍ ചെമ്പനീര്‍ പുഷ്പം ...
കാലാന്തരങ്ങളോളം വാടാതെ
കാത്തുകൊള്‍കയീ പവിത്രത
പ്രിയ മകളേ …
നിന്നിലര്‍പ്പിതമാം ഭാവങ്ങളൊക്കെയും
നല്കീടുക മാതാപിതാക്കള്‍ക്കെന്നും ...
തിളക്കങ്ങളേറെ ലഭിക്കുമാറാകട്ടെ
സ്നേഹ നിര്‍ഭരമാകട്ടെ
ദിനങ്ങളും സംവല്‍സരങ്ങളും.
നിന്നിലൂടെ നിന്‍ കര്‍മ്മങ്ങളിലൂടെ
നന്മയുടെ മാരിവില്ലുകള്‍ തെളിഞ്ഞതു കണ്ട്
മയിലുകള്‍ നൃത്തമാടട്ടെ ,
ഋതുക്കള്‍ കാത്തു നില്‍ക്കട്ടെ നിനക്കായ് .
വീടിന്നു കണിയായുണരും നിനക്കെന്നും –
കണിയായി കണ്ണനുണരേണമേ ….
മലര്‍വാടികള്‍ നിനക്കായി
വാടാമല്ലികള്‍ കാത്തു വയ്ക്കട്ടെ...
ഐശ്വര്യങ്ങളൊക്കെയും നിന്നെത്തേടി –
യെത്തുമാറാകണേയെന്ന പ്രാര്‍ത്ഥന മാത്രം...
നിനക്കായി കാത്തു വച്ചതൊക്കെയും
പകരാനെനിക്കായില്ലെന്നാലും
നിന്നിലൂടെ കൈമാറൂ ഇനിയുമേറെ
കരങ്ങളിലേക്ക് … ഹൃദയങ്ങളിലേയ്ക്കീ
സ്നേഹ പുഷ്പമെന്‍ മകളേ ….
സൂര്യന്റെ തേങ്ങല്‍
Posted by സനില്‍ എസ് .കെ at 8/24/2008 02:34:00 PM
സൂര്യനായി കഴിയുമ്പോഴും കുളിരിനെ
സ്നേഹിച്ചു ഞാന്‍
താപം താങ്ങാനാകാതെ
ഹിമഗിരികളൊക്കെയും ഉരുകിയൊലിക്കുമ്പോഴും
തണുപ്പിനെ പുണരുവാന്‍ മോഹിച്ചു ഞാന്‍ .
പ്രഭാത കിരണങ്ങളെക്കാളേറെ
പ്രദോഷ കിരണങ്ങളെ സ്നേഹിച്ചു
ആസന്നമായ തണുപ്പിനെ ഉള്‍ക്കൊള്ളാന്‍
ഉള്ളം തുടി കൊണ്ടു ...
അവസാന തിളക്കത്തിലും
അതറിഞ്ഞു അരുണനൊന്നു തേങ്ങിയോ ?
മേഘക്കീറില്‍ മുഖമൊളിപ്പിച്ചോ ?
തണുത്തുറഞ്ഞ പാതിരാവില്‍
കേള്‍ക്കുന്നു ഞാനാ മെതിയടിയൊച്ച
അടുത്തടുത്തു എത്തുന്ന താളം ശ്രവിക്കവേ
ഓര്‍ക്കുന്നു ഞാന്‍ ...
ഇതെനിക്കേറെ പരിചിതമാണല്ലോ …
എന്നും ഏതു തിരക്കിലും ഞാനിത് കേട്ടിരുന്നുവല്ലോ …
അമ്മയുടെ മടിത്തട്ടിലെന്ന പോല്‍
ശാന്തമായി കിടക്കുമ്പോള്‍
ആ ശബ്ദം അകന്നകന്നു പോകുന്നതും കേള്‍ക്കുന്നു.
അടുത്ത പ്രഭാതത്തില്‍
തണുപ്പിന്‍ കാഠിന്യം കൂടിയപ്പോള്‍ , ആദ്യമായി
ചൂടിനായി കൊതിച്ചു ഞാന്‍ …. പക്ഷേ..........
അതിരുകള്‍
Posted by സനില്‍ എസ് .കെ at 8/19/2008 03:40:00 PM
വീഴുന്ന വന്‍ മതിലുകള്‍ കണ്ടില്ലെന്നു
നടിച്ചു വൈരത്തിന്‍ കോട്ട കെട്ടി
മനസ്സുകളെ തളയ്ക്കുന്നവരേ …
അന്ധവിശ്വാസങ്ങള്‍ അതിരിട്ട
മനസ്സുകളാല്‍ സ്നേഹബന്ധങ്ങള്‍
വെട്ടിമുറിക്കുന്നവരേ
അറ്റുപോകുന്നത് സ്വന്തം കരങ്ങള്‍ തന്നെയെന്നറിയുക .
മുന്നിലുയരുന്ന സ്നേഹ മതിലുകള്‍
വീഴില്ലൊരിക്കലും , പ്രകൃതി തന്‍ അനുഗ്രഹം
ചൊരിയുമിവിടെ ശക്തിയായി …
താങ്ങായി …തണലായി …
ആതിഥ്യ , ആതിഥേയ മര്യാദകള്‍
തിരസ്കരിക്കപെട്ടോരീ സമൂഹം
ഇരുണ്ട യുഗത്തിന്‍ മനം പേറും പുതുയുഗം …
ആഘോഷമാക്കുന്ന കാടത്തങ്ങള്‍ മനസ്സുകള്‍ക്കു ,
ഭാഷകള്‍ക്ക് ചിന്താശീലങ്ങള്‍ –
ക്കതിരു കല്പിക്കാതിരുന്നോരാദി മനുഷ്യരും
നാണത്താല്‍ തല കുനിക്കുന ജീവിതങ്ങള്‍ .
രാജ്യത്തിന്നതിരുകള്‍ തീയുണ്ടകളാല്‍
തീര്‍ക്കുന്നവര്‍ ,
വീടിന്നതിരുകള്‍ വിദ്വേഷത്താല്‍
തീര്‍ക്കുന്നവര്‍ ,
പ്രണയങ്ങള്‍ക്കതിരുകള്‍
വിശ്വാസ പ്രമാണങ്ങളാല്‍ തീര്‍ക്കുന്നവര്‍ ,
ഓര്‍ക്കണേ ഒരു നിമിഷം …
പകരമിവിടൊരു സ്നേഹത്തിന്‍
പൂവാടികള്‍ തീര്‍ത്തിരുന്നുവെങ്കില്‍
അകാലത്തില്‍ കൊഴിയാതെത്ര പൂക്കള്‍
ചിരിച്ചുല്ലസിച്ചു പരിമളം വീശിയേനെ …
വേണം അതിരുകള്‍ക്കും അതിരുകള്‍ ..
മനസ്സുകള്‍ക്കു, സ്നേഹത്തിന്നു അതിരുകള്‍ കല്പിക്കരുതേ....
പട്ടം
Posted by സനില്‍ എസ് .കെ at 8/19/2008 03:14:00 PM
പൊട്ടിയ ചരടും പിടിച്ചു ,
പാറി അകലുന്ന പട്ടത്തിലേക്ക് നിറകണ്ണുകളുമായി
ആ കുരുന്നുകള്‍ നോക്കി നിന്നു …
ആ പോയതവരുടെ സ്വപ്നകൂടാരതിന്‍
മേല്‍ക്കൂര ആണെന്നറിയാവുന്ന അവരുടെ അമ്മയും …
ഗദ്ഗദം വാക്കുകളെ വിഴുങ്ങിയപ്പോള്‍
കണ്ണീരില്‍ കുതിര്‍ന്നു പോയീ പുഞ്ചിരിയും
കളിക്കൂട്ടുകാരെ പിരിഞ്ഞ നൊമ്പരത്തോടെ
അടുത്തിട്ടും അകന്നകന്നു പോയീ പട്ടം…
കളിക്കൂട്ടുകാരനെ കാത്തിരുന്ന കുഞ്ഞുങ്ങളോട്
ചൊല്ലുന്നു അമ്മ, കാലചക്രം ഒന്നു കഴിയണം
പോയ പട്ടം തിരികെയെത്താന്‍ …
അതുവരെ അതങ്ങനെ നിങ്ങളെ തേടി പറന്നു നടക്കും …
അനന്തതയില്‍ ആശ്രയമില്ലാതെ …
അവരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു …
പ്രിയപ്പെട്ട പട്ടത്തിന്നായി കാത്തിരുന്നു …
ഉറക്കത്തിലും മുറുകെ പിടിച്ചു … ആ ചരട് …
കിട്ടിയാലോടണം കളിക്കാനായി …
അതു മാത്രമായി ചിന്തകള്‍
മറ്റു കളികള്‍ മറന്നൂ അവര്‍ …
പട്ടത്തിനായി കാത്തിരുപ്പ് തുടര്‍ന്നു …
ഒടുവില്‍ വന്നെത്തീ ആ സുദിനം,
ദൂരെ നിന്നും .. പൊട്ടു പോലെ
അവരുടെപ്രിയപ്പെട്ട പട്ടം വരുന്നൂ അടുക്കലേക്കു
ആഹ്ലാദത്താല്‍ തിമിര്‍ത്തു ചാടി അവര്‍ ...
മാറോടു ചേര്‍ത്തു വച്ചവര്‍ വിശേഷങ്ങള്‍ കൈമാറി ….
ചരട് കെട്ടി വീണ്ടും പറത്തീ ...
കൂട്ടുകാരോട് ഒത്തു ചേര്‍ന്ന സന്തോഷത്താല്‍
പൊങ്ങിയും താണും പാറിപ്പറന്ന് അവരെ ആഹ്ലാദിപ്പിച്ചൂ പട്ടം …
ദിനങ്ങള്‍ കഴിയവേ , ചരടു നേര്‍ത്തു നേര്‍ത്തു
വരുന്നതു അറിയുന്നു പട്ടം കാലത്തിന്നൊഴുക്കില്‍
വീണ്ടും പൊട്ടിയകലാന്‍ നേരമായി
എന്നറിയുന്നു വേദനയോടെ ….
അടുത്ത കൂടിചേരലിന്‍ സ്വപ്നവുമായി ….
ഹൃദയ താളം
Posted by സനില്‍ എസ് .കെ at 8/17/2008 02:56:00 PM
കാര്‍ത്തിക വിളക്കുകള്‍ക്ക് നടുവില്‍
സൌരയൂഥത്തില്‍ സൂര്യനെന്ന പോല്‍
നീ നിന്ന നേരം
അമ്പലനടയില്‍ മറ്റൊരു ശ്രീകോവിലായി
ഈ കണ്ണനെ പ്രതിഷ്ട്ടിച്ച നേരം
മറക്കുമോ ജീവനുള്ള കാലം നാം …
തോട്ടിറമ്പിലും പാടവരമ്പിലും
കഥകള്‍ പറഞ്ഞു നടന്നതും
നാട്ടുമാവിന്‍ ചുവട്ടില്‍ ,
നിന്‍ മുടിയിഴകളില്‍ വിരലോടിച്ച് ,
കവിളിണകളില്‍ വിരല്‍ത്തുമ്പിനാല്‍ ചിത്രം വരച്ച് ,
സ്വപ്നം കണ്ടിരുന്നതും മറക്കുമോ ഇനിയുള്ള കാലം
എന്റെ ഓടക്കുഴല്‍ നാദം കേട്ട്
സ്വയം മറന്നു നീയിരുന്നതും
നിന്റെ ഗാനാലാപത്തില്‍
ഞാനലിഞ്ഞില്ലാതായതും ആവര്‍ത്തിക്കുമോ ? …
ഒരിക്കല്‍ … ഒരിക്കല്‍ കൂടി മാത്രം ..
മറ്റൊരാളുടെ കൈപിടിച്ചു
കണ്ണുകളാല്‍ യാത്ര പറഞ്ഞു നീ പോയതും
വര്‍ഷങ്ങള്‍ പെയ്തൊഴിഞ്ഞതും
വീണ്ടും കണ്ടൊരാ നിമിഷം
കണ്ണുകളാല്‍ ഒരായിരം കഥകള്‍ പറഞ്ഞതും
നെഞ്ചിന്‍ പിടച്ചില്‍ നിനക്ക് കാട്ടിത്തന്ന
മിഴികളെ ഞാന്‍ ശാസിച്ചതും
അതു കണ്ടു തുലാവര്‍ഷം പോല്‍ നീ പെയ്തതും
മറക്കുമോ … മറക്കുമോ … ജീവനുള്ള കാലം
സ്വപ്നമാല
Posted by സനില്‍ എസ് .കെ at 8/17/2008 02:53:00 PM
നക്ഷത്രങ്ങളെ മുത്തുകളാക്കി
സ്വപ്നച്ചരടില്‍ കോര്‍ത്തെടുത്ത്
പൊന്‍ പതക്കമായി പൂന്തിങ്കളും
ചേര്‍ന്നൊരെന്‍ സ്വപ്ന മാല ,
പ്രിയേ നിനക്കു ചാര്‍ത്തുവാനും ,
തിളക്കമാര്‍ന്ന നിന്‍പുഞ്ചിരി
കാണുവാനും കൊതിച്ചു പോയീ …..
മറന്നുവല്ലോ ഞാനതിന്‍
അറ്റം കെട്ടുവാന്‍ ഒടുവിലെന്‍
കൈയില്‍ ശേഷിച്ചത് വെറും …
വെറും നാരു മാത്രം …
ചിതറിയകന്ന മുത്തുകള്‍ പ്രതിഫലിപ്പിച്ച
ജീവന്റെ ജീവനാം നിന്‍ രൂപം
അടുത്തെങ്കിലും അകലെയെന്നോര്‍മ്മിച്ചു …
സ്വപ്‌നങ്ങള്‍ സ്ഫടികങ്ങളായി
യാഥാര്‍ത്ധ്യങ്ങളെ ഏറ്റു വാങ്ങിയപ്പോള്‍
സ്വപ്ന മാല വെറും സ്വപ്നമായി തീരുന്നതു
നീറിപ്പിടയുന്ന വേദനയോടെ കണ്ടു നിന്നു
ഇനിയെന്തു നല്കുമെന്‍ പ്രാണനെന്നോര്‍ത്തു
ഉള്ളകം നുറുങ്ങി പൊടിയുന്നുവല്ലോ …
ജീവിതാഭിലാഷമായിരുന്ന
സ്വപ്നമാല കൈ വിട്ടതും ,
മുത്തുകളൊക്കെ ആകാശ നീലിമയില്‍
നിരന്നതും ഈ നൂലിഴ മാത്രമിന്നു
ബാക്കിയെന്നതും എങ്ങനെയറിയിക്കുമെന്‍ പ്രാണനെ …
ഈറന്‍ നിലാവ്
Posted by സനില്‍ എസ് .കെ at 8/17/2008 02:45:00 PM
കാറ്റേ നിനക്കു നന്ദി
ഈ സൌരഭ്യമെനിക്കു തന്നതിന്
വെളിച്ചമേ നന്ദി
സുരലോക സൌന്ദര്യം കാണിച്ചതിനു
മഴത്തുള്ളികളേ നന്ദി
എനിക്കീ നനവുള്ള ഓര്‍മ്മകളേകിയതിനു
പൂനിലാവേ നിനക്കും നന്ദി
ഇഷ്ട സ്വപ്‌നങ്ങള്‍ കാഴ്ച വച്ചതിനു
നിന്‍ മിഴികളിലെ
പിടയ്ക്കുന്ന പരല്‍ മീനായെങ്കില്‍
നിന്‍ കാര്‍കൂന്തലിലെ പനിനീര്‍ പുഷ്പം ,
അതിലൊരിതളെങ്കിലുമായെങ്കില്‍
തുടുത്ത കവിളിലെ മറുകായെങ്കില്‍
മോഹങ്ങളേറെ നല്കിയ
എന്നന്തരാത്മാവേ നിനക്കും നന്ദി
എനിക്കു നിന്നോട് പ്രണയം
തോന്നിയ നിമിഷമേത് സഖീ ?
മഞ്ഞില്‍ കുളിച്ചൊരാ പ്രഭാതത്തില്‍
ലക്ഷ്മീകോലം വരച്ചുകൊണ്ടിരുന്ന നേരമോ ?
ത്രിസന്ധ്യയ്ക്ക് കണ്ണനു ചാര്‍ത്താന്‍
മാല്യം കോര്‍ക്കുമ്പോഴോ ?
പനന്തത്തകളോട് കിന്നാരം പറഞ്ഞ്
അവരിലൊരാളായി പാറിനടന്ന വേളയിലോ ?
അമ്പലകുളത്തിലെ പൂവാലന്മാരാം മീനുകള്‍ക്കു
നിന്‍ പാദസരത്തിന്‍ കൊഞ്ചല്‍ കേള്‍പ്പിച്ച നിമിഷമോ ?
എല്ലാമോര്‍ക്കുമ്പോഴും
ആ സുന്ദര നിമിഷം മാത്രംമറവിയുടെ
താഴ്‌വരയിലൊളിപ്പിച്ച
എന്‍ മാനസമേ നിനക്കും നന്ദി
നിന്‍ മോഹനരൂപം തെളിഞ്ഞതീ കണ്ണുകളില്‍
നിന്‍ ശബ്ദം തേന്‍മഴ
ചൊരിഞ്ഞതൊക്കെയും ഈ കാതുകളില്‍
തൂവല്‍ തോല്കും സ്പര്‍ശം
അറിഞ്ഞതീ ശരീരമെന്നാല്‍
ഇന്നു ഞാന്‍ പ്രണയിക്കുന്നത്
നിന്നെയോ അതോ എന്നെയോ ?
നഷ്ട സ്വപ്നമെന്നാലും ,
ഇന്നും നിറദീപമായി നീ കുടികൊള്ളുന്ന
എന്‍ മാനസമേ വീണ്ടും ചൊല്ലുന്നു നിനക്കു നന്ദി
എന്നുമോര്‍ക്കുന്നു ഞാനിതൊക്കെയും
അറിയുന്നു നിന്‍ സാമീപ്യം ,
കാണണം എനിക്കെന്നും എന്നില്‍ നിറയുന്ന നിന്നെ ...
അതിനായ് സൂക്ഷിക്കും ഞാനെന്നെ ....
സായൂജ്യം
Posted by സനില്‍ എസ് .കെ at 8/17/2008 02:33:00 PM
നിഴലും നിലാവും ഇടകലര്‍ന്ന ഇടവഴിയില്‍
മറ്റൊരു നിഴലായി ഞാനെത്തുന്നതും
കാത്തിരുന്നതെന്തിനു നീ?
കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചോര്‍ത്തു
നെടുവീര്‍പ്പിടുമ്പോഴും
ആത്മാവില്‍ ചേര്‍ത്തു വച്ചെന്നെ
ആരാധിച്ചതെന്തിനു നീ?
നിന്നെ മനസ്സിലാക്കുന്നില്ലെന്നു കരുതിയോ?
നിന്‍ സ്നേഹം മനസ്സിലാക്കുന്നില്ലെന്നോര്‍ത്തോ ?
അറിയൂ സഖീ.. ഒക്കെയും മനസ്സിലാക്കിയിരുന്നു..
ആരാധനയോളം വളര്‍ന്ന നിന്‍ പ്രണയം ഞാനറിഞ്ഞിരുന്നു...
തിരിച്ചറിവിന്റെ നാളില്‍ നിനക്കായ്
വിലപ്പെട്ട സമ്മാനം തേടിയലഞ്ഞതും
പ്രിയപ്പെട്ടതെതെന്തെന്നു തിരിച്ചറിഞ്ഞ്
പൂര്‍ണ്ണമായും സ്വയം നിന്നിലര്‍പ്പിച്ചതും...
ഇന്നെന്റെ പ്രഭാതങ്ങള്‍ വിടരുന്നതും നിനക്കായ്...
സ്വപ്നങ്ങളും, ചിന്തകളും, പ്രവൃത്തികളും നിനക്കായ് ...
ഇന്നെന്റെ തൂലിക ചലിക്കുന്നതും നിനക്കായ്..
ഇന്ധനമായി നിന്‍ പ്രണയവും..
ഉപമയില്ലാതെ വളര്‍ന്ന നിന്‍ പ്രണയത്തെ
എന്തു പേര് വിളിക്കും ഞാന്‍?
വിളിക്കുകയല്ല, അതു പോലെ ,
അതിനെക്കാളേറെ തിരിച്ചു ഞാന്‍...
അറിയുന്നുവോ സഖിയേ ?
നിലാവിന്‍ പുഞ്ചിരി ഉത്തരമായിക്കണ്ടു
നല്കുന്നു വാക്ക്
എന്നില്‍ നിന്നു ഞാന്‍ പോകും വരെ
നിന്നിലെ പുഞ്ചിരി കാത്തു കൊള്ളാം ഞാന്‍... വാക്ക് .