യാത്ര

നീണ്ട കഥയാണു ജീവിതം ...
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...

പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...

ജനിച്ചവന്‍ ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...

ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...

ആറാറു മാസം കാടിനും നാടിനും പകുത്തു നല്‍കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...

ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം

മഞ്ഞുമലയുടെ നെറുകയില്‍
സ്വപ്ന കംബളം വിരിക്കുന്ന ,
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...

എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .

കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...

മനസ്സിലാക്കാത്തത് മനസ്സ് മാത്രം..
മനുഷ്യനറിയാത്തതും അതു മാത്രം..
മറന്നു വയ്ക്കുന്നതും അതത്രേ ..
മരണം ബാക്കി വയ്പതും അതു തന്നെ …


താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍ ,
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...

പ്രണയത്തിനു പ്രാണന്‍ നല്‍കിയവന്‍റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ,
പിടയുന്ന ജീവന്‍റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …

പ്രണയത്തിനു ജീവന്‍റെ വില നല്‍കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..

സ്നേഹത്തിന്‍റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്‍റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...

വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...

ഹൃത്തിന്‍ മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന്‍ അഗാധതയില്‍ നിന്നും പ്രാണന്‍
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .

മഴയുടെ ഈണം

എന്‍റെ എല്ലാ മഴയിലും നീ ഒപ്പമുണ്ടായിരുന്നു
കുളിരായ് നീയെന്നെ പുണര്‍ന്നിരുന്നു
നിന്‍റെ മഴയിലും ഒപ്പമുണ്ടായിരുന്ന ഞാന്‍
നനവായ് നിന്നിലലിഞ്ഞിരുന്നു .

ഇലച്ചാര്‍ത്തുകള്‍ കാത്തു വച്ചത് നമ്മുടെ
സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു...
പിന്നീടവ പൊഴിച്ചത് നമ്മുടെ
കുഞ്ഞുങ്ങളെയായിരുന്നു ...
അവര്‍ക്കുള്ള താരാട്ടായിരുന്നു
താരാട്ടിന്നീണങ്ങളായിരുന്നു ...

മരുഭൂമിയിലെ മഴയ്ക്ക്‌ പ്രണയത്തിന്‍റെ
മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ടോയെന്നു
കളിയായും കാര്യമായും നീ ചോദിച്ചിരുന്നു ...
പ്രണയത്തിന്‍റെ ഉന്മാദ ഭാവം തന്നെയാണു
മരുഭൂവില്‍ മഴ നല്‍കുന്നതെന്ന്
കാര്യമായിത്തന്നെ ഞാനറിയിച്ചിരുന്നു .

പിന്നീട് പൊഴിയുവാനായ് നമ്മുടെ മനസ്സിലായിരുന്നു
കാത്തു വച്ചിരുന്നതെന്നു മാത്രം ...
സ്വപ്നങ്ങളിലെ നമ്മുടെ കുരുന്നുകള്‍ക്കായ്
താരാട്ടിന്നീണം തേടി നമുക്കലയേണ്ടി വന്നിരുന്നില്ല .
പരസ്പരം കണ്‍കളില്‍ നോക്കി നമ്മള്‍ വായിച്ചിരുന്നു .
രാവേറെ ചെല്ലുവോളമത് മൂളിയിരുന്നു ..
സുഖദുഖങ്ങളുടെ ഏറ്റിറക്കങ്ങള്‍
ഈണങ്ങളായ് നമ്മള്‍ പകര്‍ന്നിരുന്നു ...

വേഴാമ്പലിനെ പോല്‍ കാത്തിരുന്നു നമ്മള്‍
പ്രണയം പൊഴിയുന്ന മഴകള്‍ക്കായ് ...
കുഞ്ഞുങ്ങള്‍ക്ക്‌ മറ്റൊരു താരാട്ടിന്നായ് ,
അവര്‍ക്കു കൂട്ടിന് ഇനിയുമേറെ
സ്വപ്ന സന്താനങ്ങള്‍ക്കായ് ...

ഇന്നു കാര്‍മേഘങ്ങള്‍ കാണ്‍കെ
മനസ്സു തേങ്ങിയത് ,
എന്‍ മനവും മാനവും ഒരു പോല്‍
തേടിയത് നിന്നെ മാത്രമായിരുന്നു ...

എന്നെ ത്തേടി എങ്ങോ അലയുന്ന
നിന്നെ ഞാനിനി എങ്ങു നിന്ന് കണ്ടെത്തുവാന്‍
മഴയുടെ ഇരമ്പലിനൊപ്പം ഞാന്‍ കേള്‍ക്കുന്നു
നിന്‍ മനസ്സു മൂളുന്ന ആ അപൂര്‍വ്വ രാഗം ...
പ്രണയത്തില്‍ ചാലിച്ചെടുത്ത,
നമുക്ക് മാത്രം അറിയാവുന്ന ,
കേള്‍ക്കാവുന്ന നമ്മുടെ സ്വന്തം ഈണം ...

ഈ മഴയിലെങ്കിലും എന്നില്‍ വീണ്ടും നീയലിഞ്ഞു
ചേരുമോയെന്നു മാത്രം മന്ത്രിക്കുന്ന
മനസ്സുമായ് കാത്തിരിക്കുന്നു ഇന്നു ഞാന്‍ ...
കാഴ്ചക്കാര്‍ക്ക് വെറുമൊരു ഭ്രാന്തനായ് ...

അശാന്തിയുടെ വിത്തുകള്‍

“തിളയ്ക്കണം ചോര ഞരമ്പുകളില്‍ “
എന്ന ആപ്ത വാക്യം ഇന്ന് രക്തം
തിളച്ചു തൂവുന്ന അവസ്ഥാന്തരം
പ്രാപിക്കുമ്പോള്‍ പല പാതകള്‍ക്കും
നിണപ്പാടുകളുടെ നിറപ്പകര്‍ച്ചകള്‍ …

ചരിത്രത്തിന്‍ ചവറു കൂനകള്‍ മാത്രം
ദൃഷ്ടിയില്‍ പതിയുവോര്‍ ചികഞ്ഞെടുക്കുന്നതെല്ലാം
ഇരുതല വാളുകള്‍ മാത്രമാകുമ്പോള്‍
പിളരുന്ന മാറുകള്‍ നിരപരാധിയുടേത് മാത്രമാകുന്നു …

വീണ്‍ ‍വാക്ക് പറഞ്ഞവന്‍റെ

നാവില്‍ ഗുളികന്‍ ;
വീണു മരിച്ചവന്‍റെ നെഞ്ചത്ത്‌

കൊലയാളി വക പുഷ്പചക്രം ;
കണ്‍കളില്‍ പകയുടെ അഗ്നി നിറച്ചു
രക്തക്കളങ്ങളുടെ ആകൃതി മാറ്റിമറിയ്ക്കുന്ന
പുത്തന്‍ അധീശക്കോയ്മ ..
അവയില്‍ ഹാസ്യം കലര്‍ത്തുന്ന
ആഭാസ ചേഷ്ടകളുടെ പുതുരക്തം ...

നാടു മാറ്റുവാന്‍ , നാട്ടാരെ മാറ്റുവാന്‍
കരാരെടുത്തവന്‍റെ കുടിയിലെ പട്ടിണി മാറ്റുവാന്‍ ,
പേരക്കിടാങ്ങളുടെ കണ്ണീരടക്കുവാന്‍
വിത്തെടുത്തു കുത്തുന്ന മുത്തശി …

വിതയ്ക്കാന്‍ വിത്തില്ലാതെ പടിഞ്ഞാറേയ്ക്ക്
പ്രത്യാശയുടെ നോട്ടമെറിയുന്ന കര്‍ഷകന്‍ ...
ഉഴുതു മറിച്ച പാടത്ത് ഒരു നോക്കുകുത്തിയായ്
അവന്‍; ഇന്നത്തെ കര്‍ഷകന്‍ ...
മട പൊട്ടി ഒഴുകി വരുന്ന രക്തം
നിലവിളി അവസാനിക്കാത്ത ചുടുചോര ...
നിമിഷ നേരം കൊണ്ട് വളര്‍ന്നു
നൂറു മേനി വിളയിക്കുന്ന പകയുടെ
വിത്തുമായ് ചെഞ്ചോര ...

ദിക്കുമാറി ഒഴുകി വരുന്ന വഞ്ചനയെ
മുക്കിക്കൊല്ലുവാനായ് ഓടിയണയാന്‍
വെമ്പല്‍ കൊള്ളുന്ന സമുദ്രങ്ങള്‍ ...
ജനിതക മാറ്റത്തിലൂടെ ആ ആഗ്രഹത്തിനും
തടയിട്ടവന്റെ ദംഷ്ട്രകള്‍ക്ക് തിളക്കമേറുന്നു ...

അന്തിച്ചു നില്‍ക്കുന്ന കര്‍ഷകന്‍റെ
തലയും തോളും കാക്കകള്‍ക്ക് വിശ്രമസ്ഥാനം
അവന്‍റെ മുതുകിലവയുടെ കാഷ്ടം...

ഇത്രയും പറഞ്ഞതിന്‍ പേരില്‍
എനിക്കായ് പണിത കത്തിയാഴ്ന്നിറങ്ങുന്നെന്‍ മാറില്‍
എങ്ങോട്ടൊഴുകണമെന്ന ആശങ്കയേതുമില്ലാതെ ,
മണ്ണില്‍ മറയുന്നെന്‍ ചോര …
ഒപ്പം എന്‍ വാക്കും ...

അച്ഛന്‍

മകനേ, നിന്‍ കൈ പിടിച്ചു നടത്തുവാന്‍
നിന്‍ നിറ മിഴികളോപ്പുവാന്‍
ഇന്നു വിരലുകളെനിക്കില്ലാ...
മകനേ, നിനക്കൊരു താങ്ങായിടുവാന്‍
ഇന്നെനിക്കു കൈകളില്ല...
മകനേ, നിന്‍ നെറ്റിയിലൊരു ചുടു ചുംബന -
മേകുവാന്‍ ചുണ്ടുമെനിക്കില്ലാ ...

നിദ്രാ വിഹീനങ്ങളാം പാതിരാവുകളില്‍
എല്ലാമോര്‍ത്ത്‌ നിന്‍ മിഴികള്‍ നിറഞ്ഞിടുമ്പോള്‍ ,
തലയിണയില്‍ മുത്തുകളടര്‍ന്നു വീണിടുമ്പോള്‍ ,
സാന്ത്വനമേകുമൊരു തലോടലിനായ് നീ
കൊതിച്ചിടുമ്പോള്‍ ,
നിന്നരികത്തണയുവാന്‍ കാലുകളും എനിക്കില്ലാ ...

ജീവിത പ്പെരുവഴികളില്‍ എവിടെയൊക്കെയോ നീ
പതറുമ്പോള്‍ ,
ആശ്രയമേതുമില്ലാതെ ശൂന്യതയില്‍ നീ
പരതുമ്പോള്‍
സ്വന്തം നിഴലുപോലും നിന്നില്‍ നിന്നകലുമെന്നു
ഭയപ്പെടുമ്പോള്‍
എന്നെയൊരിക്കലും അറിയിക്കാതെ ഉള്ളിലൊതുക്കിയ
നിന്നാശങ്കകള്‍
കാള സര്‍പ്പം പോലെ ഇന്നു നിന്‍ മനസ്സിനെ
കീഴടക്കുമ്പോള്‍ ,
മകനേ , ഈ അച്ഛന്റെ മനസ്സ് മാത്രം
നിന്നൊപ്പമുന്ടെന്നു അറിക ...
മകനേ , ഇതൊന്നു നിന്നെയറിയിക്കുവാന്‍
നാവു പോലുമില്ലാത്ത അച്ഛന്‍ ...
ആറടി മണ്ണില്‍ ഇന്നെനിക്കു ഞാനും അന്യന്‍ ...

തെറ്റുകള്‍

ഇരിക്കുക, അല്പം വിശ്രമിക്കുക
കുടിക്കുക, ദാഹമകറ്റുക
ഉറങ്ങുക, ഇറക്കുക ഭാരങ്ങള്‍
ഉണരുക, ഉന്മേഷവാനായ് ...
ഇത്രയുമേ ചെയ്തുള്ളൂ
ഞാനെന്‍ അതിഥിയോട് .

എന്നിട്ടുമെന്തിനായ് അപഹരിച്ചൂ
എന്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ...
എന്തിനായ്‌ കനല്‍ നിറച്ചൂ
എന്‍ തലയിണകളില്‍ ...

മുടിയിഴകള്‍ കത്തിയമര്‍ന്ന

ചാരത്തില്‍ പരതുവാന്‍ നിന്‍
വിരലുകള്‍ തുടിക്കുന്നത് പോലും
ഞാന്‍ അറിഞ്ഞിരുന്നതേയില്ലല്ലോ

കരളിന്‍റെ കഥകള്‍ പറഞ്ഞു -

കാളകൂട വിഷം കുടിപ്പിക്കുവാന്‍
മടിയേതുമില്ല നിനക്കെന്ന അറിവ്
വൈകിയുദിച്ച വിവേകമായ്‌ ...
ഇനിയില്ല പ്രയോജനമെങ്കിലും .

പഴയതും പുതിയതുമായ

കഥകള്‍ ഒത്തിരി കേട്ടു പഴകിയ
കാതുകളില്‍ ഘനമേറിയതൊന്നും
പറയരുതിനി , താങ്ങുവാനാകില്ല ...

അസ്ഥിത്തറകള്‍ തിരികളെ

കാത്തിരിക്കുമ്പോള്‍, എരിഞ്ഞു തീരുക
അവയുടെ നിയോഗം എന്നിനി
ആരും പഠിപ്പിക്കേണ്ടതില്ല ...
അല്പം എണ്ണ പകരുകയെന്നത്
നിന്‍ കര്‍മ്മം മാത്രം...
ആ ദീപം നിന്‍ മനസ്സില്‍
നിന്നും തമസ്സിനെ അകറ്റട്ടെ

നീയെടുത്ത, എന്‍ കാലടിയിലെ മണ്ണില്‍

നിന്‍ പ്രതിരൂപങ്ങള്‍ വളര്‍ന്ന്
നിനക്കു തന്നെ തണലായ്‌ തീരട്ടെ..
വളമായ്‌ നല്‍കാം അല്പം ചാരം.

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …

പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …

കാലം പറയട്ടെ

കാലത്തെ സാക്ഷിയാക്കുവാന്‍
മോഹിച്ചവര്‍
കാലത്തിന്‍ അടിമകളാകുമ്പോള്‍
സമയ നിഷ്ടകള്‍ ആര്‍ക്കുവേണ്ടി,
എന്തിനു വേണ്ടിയെന്നത്
സമയം തെറ്റിവന്ന
അറിവുകളായ്‌ ഭവിച്ചീടുന്നു …

വീര്‍ത്തു പൊട്ടാറായ രക്തക്കുഴലുകള്‍
വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുമ്പോള്‍
സമയമായില്ല എന്നു പറയേണ്ടി-
വരുന്നത് എന്ത് കൊണ്ടാവാം …?

ധമനികള്‍ മര്‍ദ്ദം താങ്ങാനാകാതെ
കേഴുമ്പോള്‍ കണ്ണീര്‍ച്ചാലുകള്‍ രൂപപ്പെടുന്നത്,
കാഴ്ചകള്‍ ഇനിയുമേറെ ബാക്കിയില്ലാത്ത
മിഴികളുടെ വകതിരിവില്ലായ്മ ആയിരിക്കാം...

രക്തം ദുഷിക്കുന്നുവെന്ന അറിവ്
കാലം നല്‍കുമ്പോള്‍ ,
തിരിഞ്ഞു നോക്കി കൊഞ്ഞനം കാണിക്കുന്നത്
സൈദ്ധാന്തിക മേന്‍മയെന്നു അവകാശപ്പെടുന്നത്
വിവരക്കേടിന്‍റെ മൂര്‍ദ്ധന്യത്തിലാവാം…

പ്രബന്ധങ്ങള്‍ വാരി നിരത്തി,
പരിശീലനങ്ങള്‍ സംഘടിപ്പിച്ച്,
പ്രോജ്വല കാലത്തെ കുറിച്ച്
പറഞ്ഞു കൊണ്ടേയിരിക്കുന്ന
വിഡ്ഢിത്തങ്ങളെ കണ്ണും പൂട്ടി
പരിഹസിക്കുന്നത് അവര്‍ക്കു പോലും
അജ്ഞാതമായ കാരണത്താലാവാം…

പുതു വസന്തം സ്വപ്നം കണ്ടവരുടെ
പുത്തനന്വേഷണം,
ഇനിയുള്ള വഴിത്താരകളില്‍
കെടാവിളക്കിനു ഇന്ധമാകേണ്ടത്
ഏതു ഹൃത്‌രക്തം എന്നതാകുന്നത്
സാക്ഷിയാകുവാന്‍ മടിക്കുന്ന
കാലത്തിന്‍റെ പ്രതികാരമാവാം…

രൂപാന്തരം

എന്നോടന്നവള്‍ ആവശ്യപ്പെട്ടതൊന്നു -
മാത്രമായിരുന്നു .,
"എനിക്കൊരു മകളെ തരൂ
ജീവിത കാലം മുഴുവന്‍ എനിക്കൊരു
നല്ല കൂട്ടായിരിക്കുവാന്‍ ..."

ഞാനാവശ്യപ്പെട്ടത്‌ ,
എന്‍റെ നല്ലൊരു കൂട്ടുകാരിയായ്‌
മാറുക നീയെന്നു മാത്രവും....
പകരം നിന്‍ ഇച്ഛ പോല്‍ ഭവിച്ചിടും
വരും നാളുകളില്‍ ...

പക്ഷേ, ഭോഗ തൃഷ്ണകളാല്‍
ജ്വലിച്ചു നിന്ന അഗ്നി കെടവേ,
അവള്‍ പറഞ്ഞത് മറ്റൊന്നായിരുന്നു ;
നീയെനിക്ക് സ്വന്തമായുള്ളപ്പോള്‍
എന്തിനു ഞാന്‍ വേറെ കൊതിക്കുന്നു…

ഇന്ന്,ഒന്നും മോഹിക്കാനില്ലെന്നു
വിധിയെഴുതി, മെഴുകുതിരികള്‍
ഓരോന്നായ്‌ കൊളുത്തി വയ്ക്കുന്നു.
ഉരുകുന്ന മെഴുകില്‍ നിന്നും
വിട വാങ്ങും നേരത്ത്
തീയുടെ ചൂട് കൂടിയത്
ഒരു നൊടിയിട അവന്‍റെ
ഉള്ളം പിടഞ്ഞതിനാലാകാം…

അതറിയാതെ,
ഉരുകിത്തീര്‍ന്ന മെഴുക്
പുതിയ രൂപത്തിലേയ്ക്ക്
ഉറയ്ക്കുകയായിരുന്നു ...

മാറാത്ത കാഴ്ചകള്‍

ഇസങ്ങള്‍ വ്യഭിചരിക്കപ്പെട്ടപ്പോള്‍
പിറന്നു വീണ വൈരൂപ്യങ്ങള്‍
തട്ടിത്തടഞ്ഞു വീഴുന്നു പാതകളില്‍
ഇഴഞ്ഞു നീങ്ങുന്നു ഇന്നലെകളിലേയ്ക്ക്
ദുരന്തക്കാഴ്ച്ചകളായ്‌ ..,
ഇന്നിന്‍റെ നോവായ്‌ പടരുന്നു ….

കൈകളില്ലാതെ, കാല്‍കളില്ലാതെ,
എങ്ങും ചവിട്ടേറ്റ് ഞെരിയുന്നു..
വീര്‍ത്തുന്തിയ തലയോട്ടികളില്‍
തിളച്ചു മറിയുന്നു തലച്ചോര്‍ ...
അസ്തമയ സൂര്യനെടുത്ത മിഴിഗോളങ്ങള്‍
ബാക്കിയാക്കിയ ഗര്‍ത്തങ്ങളില്‍
തമസ്സ് നിറയുന്നു …

നാസിക എന്തെന്നറിയാത്ത കോലങ്ങളില്‍
ഘ്രാണശക്തി പരീക്ഷിക്കപ്പെടുമ്പോള്‍
ശ്രവണോപാധിയായ കുണ്ടുകളില്‍
ഒന്നിലൂടെ പോയവന്‍ ,
പലതിലൂടെ പുറത്തു ചാടുന്നു ….

ത്വക്ക് അന്യമായ, ചെഞ്ചോര-
ക്കട്ടകളില്‍ പുരണ്ട ഇന്നിന്‍റെ
അഴുക്കുകള്‍ ,നാളെയുടെ നേര്‍ക്കു
ചലമൊഴുക്കുമ്പോള്‍ , അമ്പരപ്പോടെ
തിരിയുന്നില്ല കാനയില്‍ ഒളിച്ച -
ഉടല്‍ വേര്‍പെട്ട തലകള്‍ .

ഇവയെ വാരിപ്പുണര്‍ന്നു
നിര്‍വൃതിയടയുന്ന ജനയിതാക്കള്‍
മദ്യലഹരിയില്‍, ശീതീകരണിയുടെ
മുരള്‍ച്ചയില്‍, മദിരാക്ഷിയുടെ
മാറില്‍ കാമകലയുടെ നവഗീതങ്ങള്‍
രചിക്കവേ, അടര്‍ന്നു വീഴുന്ന മുലകള്‍
ഏതോ അധരം തേടി യാത്രയാകുന്നു.

നഖക്ഷതങ്ങള്‍ പതിഞ്ഞ കവിളിണകള്‍
രേതസ്സ് പുരട്ടി ഉണക്കി മിനുക്കവേ,
തൂലികയിലെ അവസാന തുള്ളിയിലൂടെ
ആദ്യ സന്തതികളെ കൊന്നുടുക്കുന്നു.
നീരാളിയുടെ പിടിയിലമര്‍ന്ന
മേദിനിയുടെ അരവയര്‍ ഒഴിയുകയായ്‌...
മൂപ്പ് തികയാത്ത പുത്തന്‍ -
യാത്രക്കാര്‍ ഇഴയുകയായ്‌ ഇന്നലെയുടെ
ചവറുകൂന ലകഷ്യമാക്കി, നിശ്ശബ്ദം...

പറയാതിരുന്നത്


തിരശീലയ്ക്കു പിന്നിലായ്‌
താതനെന്ന ഓര്‍മ്മയല്ല
ഇന്നിന്‍റെ നീറ്റലായ് മാറിടുവത്...
ഒരു നോക്കു കാണുവാന്‍ കൊതിച്ച നേരം
ഒരു വാക്കു മിണ്ടുവാന്‍ കൊതിച്ച നേരം
ആ ചാരെയണയുവാനായില്ലല്ലോ...
അതിന്‍ കനല്‍ കെടില്ല ഇനിയുള്ള കാലം.

തൊട്ടരികെ, കൈയെത്തും ദൂരെ,
അല്ല, കൈയ്ക്കുള്ളില്‍ അവന്‍റെ
തണുപ്പ് അരിച്ചു കയറും നേരം
ആരോടിനി യാചിക്കേണ്ടൂ ഒരു
നിമിഷമെങ്കിലും എനിക്കായ്‌
നല്കിടുവാന്‍ എന്നറിയാതെ
വിതുമ്പാതെ വിതുമ്പിയ നേരം …
വിയോഗം തീര്‍ക്കും ശൂന്യതയെക്കാള്‍
മൃത്യുവിതാ വന്നെത്തുന്നുവെന്ന
അറിവെത്ര ദുഖകരം എന്നറിഞ്ഞ നേരം …

ഇന്നെങ്ങും തേടുവതിത്ര മാത്രം .,
ബന്ധനത്തിലായ നാവിനാല്‍
അന്യമാക്കിയ വാക്കുകള്‍ തന്‍ മധുരം,
സ്നേഹ മുത്തങ്ങളുടെ ചൂട്,
കൈവെള്ളയില്‍ നിന്നൂര്‍ന്നു പോയ
സ്നേഹ സാന്ത്വനം…

ഇനിയില്ല ഒന്നുമെന്നറിവില്‍ നിന്നും
മുന്പുണ്ടായിരുന്നവയുടെ തിളക്കം
കൂടുന്നതും അറിയുന്നു …
തിളങ്ങുന്ന ഓര്‍മ്മകള്‍ ഇന്നിന്‍റെ
ഇരുള്‍ മായ്ക്കുമെന്നൊരു വ്യാമോഹവും
പിടിമുറുക്കുന്നു, അയഞ്ഞു പോകുന്ന
ഹൃദയ തന്ത്രികള്‍ ആരിനി മുറുക്കുവാന്‍ …
ആരിനി മീട്ടുവാന്‍ … ആരിനി കേള്‍ക്കുവാന്‍…

വളപ്പൊട്ടുകള്‍

എന്തേ തല്ലിപ്പൊട്ടിച്ചൂ
നിന്‍ കുപ്പിവളകള്‍
എന്തിനായ്‌ തച്ചുടച്ചൂ
നീ അവയൊക്കെയും…
പിറന്നാള്‍ സമ്മാനമായ്‌
ഞാനണിയിച്ച വളകള്‍
ഇന്നെന്തിനായ്‌ പൊട്ടിച്ചു നീ
പൊട്ടിപ്പെണ്ണേ…

എന്നെയും നിന്നെയും നമ്മളെന്ന
ഒറ്റക്കമ്പി നാദത്തില്‍
ലയിപ്പിച്ച സ്വപ്‌നങ്ങള്‍
ഇത്രവേഗം ഉടച്ചു കളഞ്ഞതെന്തിനേ...
നിസ്സാരമൊരു ചൊടിയോടെ
എന്തിനെറിഞ്ഞൂ നിന്‍ സ്വപ്‌നങ്ങള്‍
എന്നെയെവിടെ കളഞ്ഞൂ നീ...?
നിന്‍ ഹൃദയത്തില്‍ നിന്നെന്നെ
എങ്ങു കളഞ്ഞു കൂട്ടുകാരീ...?

ശൂന്യമായ നിന്‍ കൈത്തണ്ടകളില്‍
നിസ്സംഗമായൊരു മനസ്സല്ല
കാണുവതു ഞാന്‍ ...
ഇനി അണിയിക്കുവാന്‍ സ്വപ്നങ്ങളില്ല,
ഇനി പെയ്യുവാന്‍ കാര്‍മേഘങ്ങള്‍ വരില്ല ...

കൂടിച്ചേരാനാകാതെ തേങ്ങുമീ
വളപ്പൊട്ടുകള്‍ തന്‍ ദുഃഖം
കാണ്മതില്ലേ പ്രിയ തോഴീ ...
കിനാവുകള്‍ക്ക് കൂട്ടായ് ,
ചിതറിയ വളപ്പൊട്ടുകള്‍ക്കിടയില്‍
ചില ചുവപ്പു തുള്ളികളായ് ഞാനും...

കാലവിശേഷം

കലികാലമല്ല ഇതു
കലിയ്ക്കും കഷ്ടകാലം .
കാലക്കേട്‌ മാറാനായ്
കലി നോമ്പു നോല്‍ക്കും കാലം.

കരുവാളിച്ച ദിനങ്ങളുടെ
പെരുക്കപ്പട്ടിക കണ്ടു
മടുക്കും കാലമിത്‌.
കടവു തേടിയലയുന്ന
തോണികളുടെ എണ്ണവും,
നിലയില്ലാക്കയത്തില്‍ മുങ്ങി –
ത്താഴുന്നവരുടെ എണ്ണവും
പരസ്പരപൂരകങ്ങള്‍
ആകുന്ന കാലം …

അനുവാചകന്‍റെ കാതില്‍
ഈയമുരുക്കിയൊഴിച്ചു,
സുഷുപ്തിയിലാണ്ടു കൊള്ളാന്‍
കല്‍പ്പിക്കുന്നവന്‍റെ കാലമിത്‌ ...
അശ്ലീലം ശ്ലീലമാകാന്‍
കൊമ്പത്തിരിക്കുന്നന്‍ മൊഴിഞ്ഞാല്‍
മതിയാകുന്ന കാലം.

മരിച്ചതല്ല, കൊന്നതാണ്,
ഞാനൊന്നൊതുക്കി തീര്‍ത്തതേയുള്ളൂ...
അതവരുടെ കാലം കഴിയും
നേരത്തായ് വന്നു ചേര്‍ന്നതാണെന്‍
കത്തിമുനയില്‍ എന്ന് പുലമ്പുന്നവന്‍റെ
വല്ലാത്ത കാലമിത്‌ …

മണ്ണുമാന്തി യന്ത്രങ്ങള്‍
ചുരണ്ടിയെടുക്കുന്നത് ജീവിതങ്ങള്‍
മാത്രമാകുന്നത്
അവയുടെ കാലം മോശ -
മായതിനാലാവാം …

രഹസ്യമായ് കാലവിശേഷം
പറയുന്നവരുടെ കാലദോഷം
മാറിടുവാനായ്,
ആരുടെയൊക്കെയോ കഴുത്തിലും
തലയിലും പിന്നെ മാനത്തുമായ്‌
അകന്നു പോയ മുത്തുകളെ
നോക്കി നെടുവീര്‍പ്പിടുന്നവന്‍റെ
സങ്കടങ്ങളുടെ കാലം ...

പ്രിയ മുത്തുകളെ കോര്‍ത്തെടുക്കുവാന്‍,
ഇഴകളേറെ പിരിച്ചു ചേര്‍ത്തിട്ടുമാ
ചരടിനു ബലമില്ലാതെ പോകുന്ന
നിസ്സഹായതയുടെ കാലമിത്‌ ...
ഏറെ പറഞ്ഞാല്‍ കലിയ്ക്കും ,
കലി വരും കാലമിത്‌ ...

എന്തിനെന്നറിയാതെ

എഴുതിത്തീര്‍ന്നു,
എല്ലാം എഴുതിത്തീര്‍ന്നു ...
ഇനി പൂര്‍ണ്ണ വിരാമം മാത്രം...
എഴുത്തിനും, എഴുത്തുകാരനും
വെറുമൊരു ബിന്ദുവില്‍
ഏറെ തുടക്കങ്ങളുടെ ഒടുക്കം മാത്രം …

കാലമെത്ര കഴിഞ്ഞു ഈ വല്മീകത്തില്‍ ...
സ്വയം തീര്‍ത്ത കുരുക്കുകളില്‍
കുടുങ്ങി എണ്ണിത്തീര്‍ന്ന ദിനരാത്രങ്ങള്‍ ,
കണ്ണടച്ചാല്‍ തെളിയുന്നതു വേര്‍തിരിച്ചറിയാന്‍
കഴിയാത്ത ഒരായിരം കറുത്ത പൊട്ടുകള്‍ ,
വലിയൊരു ബിന്ദുവായ്‌ രൂപാന്തരം
പ്രാപിച്ച പോലെ…

ദേശാടനമെല്ലാം എന്തന്വേഷിച്ചായിരുന്നു-
വെന്നത്, മറ്റാര്‍ക്കൊക്കെയോ കൈമോശം
വന്നതെല്ലാം വീണ്ടെടുക്കാന്‍ മാത്രം
ആയിരുന്നുവെന്നത്‌,
നാളെകള്‍ അന്യമായിരിക്കുമെന്ന
നഗ്നസത്യം മറച്ചു വച്ച ഇന്നുകളുടെ
വെറുമൊരു നേരമ്പോക്കെന്നോ...

നിറം മങ്ങിയ പ്രണയത്താളുകളില്‍
ഇന്നു തെളിഞ്ഞു കാണുവതെല്ലാം
കണ്ണീര്‍ത്തുള്ളികള്‍ എന്നോ വരുത്തിയ
നിറഭേദങ്ങളുടെ നിറഞ്ഞ മൌനം മാത്രം …

പറയാതെ പറഞ്ഞും, കരയാതെ കരഞ്ഞും
കാലം കഴിക്കുവാന്‍ , യാന്ത്രികമാം ജീവിതത്തിന്‌
തീരെ മധുരമി ല്ലെന്നതും സത്യം ...
ആഗ്രഹങ്ങള്‍ ചെറുതാകുമ്പോള്‍,
വിശാലമായ പാതകളില്‍ സന്തോഷത്താല്‍
മതിമറക്കുക വെറും സ്വാഭാവികം ...
ആനന്ദത്തിന്‍ നിറ വെളിച്ചത്തില്‍ കാഴ്ചകള്‍
വലുതായതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്നല്ലോ ...

പുതു വെളിച്ചം ജീവിതത്തിനും
ജീവനുമേകിയ ഊര്‍ജ്ജം
എന്തിനെന്നറിയാതെ എങ്ങോ ചോര്‍ന്നു പോകവേ
ഇനിയെന്ത് കാംക്ഷിക്കുവാന്‍ പുതുതായ്‌...
അര്‍ത്ഥമില്ലാതൊന്നുമില്ല ഈ ലോകത്തെന്ന
സത്യം പുലരണമെങ്കില്‍ ,
നിരര്‍ത്ഥകമായ ഈ ജീവിതം
ഇനിയുമെന്തിനുന്തണം മുന്നോട്ട് …

ഏതു രൂപത്തിലേതു ഭാവത്തില്‍
എന്നു വരും നീയെന്നരികെ
മരണമേ, നീ പുല്‍കും നാള്‍ കാതോര്‍ത്തിരിപ്പൂ...
നീളെ നീളെ എന്നു പറയിപ്പിക്കാതെ
തണുത്തുറഞ്ഞ കരങ്ങളാല്‍ പുണരുക നീ..
അല്ലെങ്കില്‍ , അനുവദിക്കുക നിന്നെ പുണരുവാന്‍ ,
ആ കൊടും തണുപ്പില്‍ ചേര്‍ന്നൊന്നാകാന്‍ .

വേദാന്തം

ആരോ ചെവിയിലോതിയ
വേദം കേട്ടു പഠിച്ച പോത്ത്
സന്യസിക്കുവാന്‍ പോയി…
പുറപ്പെട്ടു പോയ പോത്തിനൊരു
പകരക്കാരനെ വേണം ...
പകരക്കാരനെ വേണം...

പല നാവിന്‍ രസമുകുളങ്ങളും,
മസാലക്കൂട്ടുകളും , പച്ചയിറച്ചി
കെട്ടിത്തൂക്കാനുള്ള കൊളുത്തുകളും,
ചോരകുടിച്ചു വീര്‍ത്ത തടിക്കട്ടയും,
കാലങ്ങളായി തേച്ചു മിനുക്കിയ കത്തിയും,
അവസാന പിടച്ചില്‍ പോലും
അന്യമാക്കാന്‍ ഒരു പിടി കയറും,
ജീവശ്വാസമിടയ്ക്കു നിറുത്തുന്ന പാപം
കഴുകാനെന്ന പോല്‍ വായിലൊഴിക്കാന്‍
ഒരു കൈക്കുമ്പിള്‍ ജലവും,
പിന്നെ,
കൊന്തയും തലപ്പാവും,
രഹസ്യമായി ഭസ്മവും,
കാത്തിരിക്കുന്നു …

അമ്പിളിക്കലയില്‍ നിന്നു
നക്ഷത്രങ്ങളോട് പിണങ്ങിപ്പോയ
ജിന്നുകളെ ഭസ്മം മണക്കുന്ന
കുരിശെടുത്ത് ഓടിക്കുന്നു …
കുരിശിന്‍റെ കണ്ണുവെട്ടിച്ചു
പാഞ്ഞ സാത്താന്‍
ചന്ദ്രക്കീറിന്‍റെ വാളിനെ ഭയന്ന്
അമവസിയെത്തേടിപ്പോയീ ...
ശൂല മുനകളെ ഭയന്നോടിയ
മാടനും മറുതയും,
നിലാവത്തു തിളങ്ങുന്ന
കുരിശു കണ്ടമ്പരന്നു
അന്ധകാരം തേടി
പാതാളത്തിലേക്ക് പോയി...
പക്ഷേ,
ആരുമെവിടെയും പോത്തിനെ കണ്ടില്ലാ...
പകരക്കാരനെയും കണ്ടില്ലാ...

പാത്രത്തില്‍ കാടി കലക്കി വച്ചു
പിന്നിലൊളിപ്പിച്ച കത്തിയുമായി
നില്‍പ്പവരെക്കണ്ടാ പോത്ത്
കടലില്‍ച്ചാടി ആത്മഹത്യ ചെയ്തെന്ന
വാര്‍ത്ത അറിഞ്ഞില്ലാരും ....

അകലങ്ങളില്‍

നിനക്കായ് കരുതിയോരു പാരിജാതമിതാ
ചൂടുക നിന്‍ കൂന്തലില്‍ ...
ഇതളുകളോരോന്നും ചൊല്ലിടുമെന്‍
പ്രണയാര്‍ദ്ര നിമിഷങ്ങള്‍ തന്‍
വേദനയില്‍ ചാലിച്ച മധുരരാഗങ്ങള്‍ ...
ചുടുക നിന്‍ കൂന്തലില്‍ ...

കാത്തിരുന്നതെത്ര നാള്‍
ഇതെനിക്കായ്‌ വിരിയുവാനായ്‌...
നെയ്തുകൂട്ടിയ സ്വപ്നങ്ങളെത്ര
നീയൊന്നരികത്തെത്തുവാനായ്‌...

ഇന്നതു വിരിഞ്ഞ നേരം,
നീയെന്നരികത്തെത്തിയ നേരം
എന്‍ കരങ്ങള്‍ നിശ്ചലമല്ലോ
കാണുന്നു ഞാനാ പുഷ്പമെന്നാലും
കാണിച്ചു തരുവനാകുന്നില്ലല്ലോ
ഒരു നോട്ടത്താല്‍ പോലുമേ ...

എന്‍ പ്രണയ സുഗന്ധം പോലും
നീ അറിയാതെ പോകുവാനായ്‌
മാത്രമാണ് ഈ വകകളെല്ലാം
ഇന്നിവടെ പുകച്ചു തീര്‍ക്കുവതെന്നോ ...?

ചുറ്റിലും നിറഞ്ഞ കപടതകള്‍
കള്ളിമുള്‍ച്ചെടികളാല്‍ തീര്‍ത്ത-
മതിലുകള്‍ക്കിടയില്‍ ഞാന്‍ നട്ട
പാരിജാതമിതാ വച്ചു നീട്ടുന്നു ,
ആദ്യ പുഷ്പം, നിനക്കായ് ...
ചൂടുക, കാണട്ടെ ഞാനത്
അവസാനമായ്‌...

നിഴലുകള്‍

വേശ്യയുടെ കുഞ്ഞേ പോവുക
അസത്തേ പോവുക ദൂരേയ്ക്ക്,
ആട്ടിയോടിക്കുന്ന ആഢൃത്വം
ആര്‍ത്തിയോടെ പുല്‍കുന്നു വേശ്യയെ…

ചെറിയൊരു മറവിന്നപ്പുറത്തായ്
ഉറക്കിക്കിടത്തിയ കുഞ്ഞില്‍
ഏതോ ഹിംസ്രജന്തു
പുതുബീജം നിക്ഷേപച്ചത്
അറിയാതെയമ്മ കപട രതിമൂര്‍ച്ച
അനുഭവിക്കവേ, മാന്യന്‍റെ പോക്കറ്റിനു
അഗാധ തലങ്ങളുണ്ടെന്ന് ,
അത് അനന്തമാണെന്നു
പഠിക്കുകയായിരുന്നു…

ഇനിയൊരു വേശ്യ കൂടി
വേണ്ടെന്നോതി ആ കുരുന്നിന്‍
ആത്മാവ് പറന്നകലുമ്പോള്‍
ചൊല്ലിയതൊന്നു മാത്രം .,
നശിച്ച ലോകമേ,
കാമമോഹങ്ങള്‍ ഹവ്വയിലും
പരീക്ഷിക്കപ്പെടും മുമ്പേ
ദിനകരനില്‍ മാത്രം ദിനങ്ങള്‍ക്കു
തിളക്കം കൂട്ടുന്ന
കാപട്യത്തിന്‍ മേലേയ്ക്കു
ഹിമഗിരികള്‍ തകര്‍ന്നടിഞ്ഞിരുന്നെങ്കില്‍ ….

നീട്ടിത്തുപ്പി നടന്നകന്ന
ദുര്‍ഗന്ധ വാഹിയുടെ കീറിയ–
അടിവസ്ത്രത്തില്‍ ഭാരതമൊഴികെ ,
ഭൂഖന്ധങ്ങള്‍ മത്സരിച്ചു കൊണ്ടിരുന്നു ,
അതുപോലും നീയര്‍ഹിക്കുന്നില്ലെന്ന്
എങ്ങുനിന്നോ വിതുമ്പലോടെ
ഒരു പിഞ്ചു സ്വരം …

കൂകിപ്പാഞ്ഞ തീവണ്ടിക്ക്
അന്നും നാവു നൊട്ടിനുണയാന്‍
അല്പം ചുടു ചോര …
നെന്ചോടോട്ടിയ പൈതലുമായ്
വേശ്യയുടെ തുറിച്ച കണ്ണുകളില്‍
ലോകത്തോടുള്ള പരിഹാസം ...

പിഞ്ചു മാംസം കടിച്ചു പറിച്ച
പട്ടിയെയും കാമദാഹത്തോടെ നോക്കുന്ന
സദാചാര മൊത്തക്കച്ചവടക്കാരുടെ
നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പാന്‍ അല്പം-
കഫം പോലും കടം വാങ്ങണമല്ലോ ….

വേശ്യയുടെ കുഞ്ഞേ പോവുക…
അനന്തതയിലേയ്ക്ക് പോവുക …
ലോകം ചീത്തയാക്കിയവര്‍ക്ക് ,
ലോകത്തെ ചീത്തയാക്കിയവര്‍ക്ക് ,
കാലം, വേണമെങ്കില്‍ മാപ്പ് നല്‍കട്ടെ ...

അറിയാതെ പോകുന്ന “അവന്‍റെ “ വിളികള്‍ ..

പാതിരാക്കോഴീ നീ
പിന്‍ വിളി വിളിക്കയോ ?
വരുവാനാവില്ല എന്നാലും നിന്‍
വിളി കേള്‍ക്കാതിരിപ്പതെങ്ങിനെ …?

വൈചിത്ര്യം നിറഞ്ഞതാം
താളഭംഗങ്ങളുടെ വിരുന്നൊ–
രുക്കുമീ ഭൂമികയില്‍
നീ മാത്രമല്ലേയുള്ളൂ വിളിപ്പാനായ്‌ …

സേവനം മറന്നവര്‍‍ ,
കടമകള്‍ മറന്നവര്‍ ,
അന്ത്യ കര്‍മ്മങ്ങളുടെ
തുടക്കക്കാരാകുമ്പോള്‍ ,
അനേകം കണ്ണുകളില്‍
ഘനീഭവിക്കുമാ നീര്‍ക്കണങ്ങള്‍
നിങ്ങളുടെ ഹൃദയങ്ങളില്‍
സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍
തീര്‍ക്കുന്നതറിയുന്നില്ലയോ ...?

ധാര്‍ഷ്ട്യങ്ങളുടെ തഴമ്പ് തെളിഞ്ഞ
കരങ്ങളാല്‍ വലിച്ചിടുക
സഹോദങ്ങള്‍ തന്‍ മുഖത്തേയ്ക്ക് ,
നിറം മങ്ങിയ ആ ചേലത്തുമ്പ്‌...
അല്പം കൂടെ മുകളിലേയ്ക്ക്
വലിച്ചിടുക …. അങ്ങനെ ,
ഒളിക്കുക, പല മിഴിമുനകളില്‍ നിന്ന് ...

ഇനിയൊന്നു മാത്രം,
ഇനിയൊരിക്കലും ദുസ്വപ്നമായ് ‌
ജീവന്‍ പിടയുന്ന കാഴ്ചകള്‍
വരാതിരിക്കുവാനായ്‌,
എത്ര ചേലകള്‍ വലിച്ചിടണമെന്നു
നീ മാത്രം തീരുമാനിക്കുക …
ഒടുവില്‍ ,
ഒരേയൊരെണ്ണം
പാതിരാപ്പുള്ള് നിനക്കായ്
വലിക്കും മുന്നേ ….

പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …

ഇലച്ചാര്‍ത്തുകള്‍ എന്തിനായ്
പാഴ്പണികള്‍ ചെയ്‌വൂ ...
തടയുവാന്‍ നോക്കുവതെന്തിനേ
അവയീ മഴ തന്‍ പ്രണയ ഗീതങ്ങള്‍ ...

നിന്‍ സാമീപ്യമോ,
മഴയോ,
ആരു നല്‍കുവതീ കുളിരിന്‍
മോഹന സുന്ദരാനുഭവമെന്‍ സഖേ...

പെയ്തിറങ്ങട്ടെ സാന്ത്വനമായ്‌
ഒഴിയട്ടെ മനസ്സിന്‍ ഭാരങ്ങള്‍
ഒഴുകട്ടെ മാലിന്യങ്ങള്‍ പേറുന്ന
ഓര്‍മ്മകള്‍ തന്‍ നൊമ്പരങ്ങള്‍ …

ഇല്ലൊരു ചിന്തയും നീയല്ലാതെ
ഇല്ലൊരു സ്വപ്നവും നീയില്ലാതെ
ഈ കുളിരില്‍ ഉറയുന്ന
ഇന്നലെയുടെ നിനവുകളാല്‍
മുറുകെ പിടിക്കട്ടെ നിന്‍ ചുമലില്‍
തളരാതെ താങ്ങാം എന്നുമീ കരങ്ങള്‍ ...
ചേര്‍ന്നു നടക്കൂ സഖേ
എന്നാത്മാവിനോട് ഒട്ടി നില്‍ക്കൂ നീ...

കൈകോര്‍ത്തു പോകാം നമ്മുടെ ലോകത്ത്
പോകാം നമുക്കാ സ്വപ്നതീരത്ത്‌
അലിഞ്ഞു ചേരാം ഈ പെരുമഴയില്‍
ഒടുവില്‍ ഇലത്തുമ്പിലൊരു തുള്ളിയായ്‌ മാറാം …

ഇരകള്‍

ചൂണ്ടയില്‍ കൊരുക്കാനൊരു
ഇരതേടി ഇറങ്ങിയവനു കിട്ടിയത്
ഒരു പെരുമ്പാമ്പിനെ ...
ആ ചൂണ്ടയില്‍ കുടുങ്ങിയത്
ഒരു കുഞ്ഞു പരല്‍ മീനും ...
പിന്നാലെ അവന്‍റെ കുടുംബം
കരയില്‍ കയറി ആത്മഹത്യ ചെയ്തു.

വിവരം തിരക്കാനെത്തിയ
പത്രക്കാരന്‍ , ടീവീക്കാരന്‍റെ
ക്യാമറയ്ക്ക് മുന്നില്‍ നിന്ന്
മുടി മാടിയൊതുക്കി ...
ആകെയുള്ള അഞ്ചാറു
നീളന്‍ മുടികള്‍ വളച്ചൊടിച്ചു
കഷണ്ടി മറയ്ക്കാന്‍
പെടാപ്പാട് പെട്ടപ്പോള്‍
അതാ വരുന്നൂ പെരുമ്പാമ്പ്‌,
അതേ പാമ്പ് ...
ചൂണ്ട അന്വേഷിച്ചാണത്രേ
പുള്ളിയുടെ ഇപ്പോഴത്തെ ഇഴയല്‍ ...

പരമ്പര കണ്ടു കരഞ്ഞു-
തളര്‍ന്നവര്‍ അന്നം-
വേണ്ടെന്നു വച്ച് ഉറങ്ങിയത്
തസ്കരന്, ദൂരദര്‍ശനം
സ്വന്തമാക്കാന്‍ സഹായമാത്
മടിയോടെ നോക്കിക്കിടന്നു പാമ്പ്.

അരും കൊല ചെയ്യപ്പെട്ട
അടുത്ത വീട്ടിലെ ബാലന്‍റെ
നഗ്ന ശരീരം കണ്ടു
തളര്‍ന്നു പോയ അമ്മമാരുടെ
നിലവിളികള്‍ മുങ്ങിപ്പോയത്,
തേങ്ങലുകള്‍ അലിഞ്ഞു പോയത്,
കണ്ണുപോലും അറിയാത്ത
കള്ളക്കണ്ണീരിന്‍റെ പെരുമഴയിലായിരുന്നു
എന്നറിഞ്ഞ ചൂണ്ട നിവരുകയായിരുന്നു ...
ഇനിയൊരിക്കലും വളയില്ല
എന്ന തീരുമാനത്തോടെ ...

പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …

പ്രണയമെന്നാല്‍ പ്രാണന്‍
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…

മിഴികളിലെ നൊമ്പരം
വായിച്ചെടുക്കാനാകുന്നത്,
കണ്ണീരിന്‍റെ ഉപ്പുരസം
നിത്യ പരിചയം
ആയതു കൊണ്ടാകാം…

തെറ്റുന്ന ശ്വാസ താളം,
ഹൃദയതാള ഗതി
പറഞ്ഞു തരുന്നത്,
കാലം തെറ്റി പെയ്യുന്ന
മഴ പതിവായതു കൊണ്ടാകാം…

വിറയാര്‍ന്ന വിരലുകളില്‍
നിന്നൂര്‍ന്ന അക്ഷരങ്ങള്‍ പറഞ്ഞത്,
ആത്മാവിന്‍റെ പിടച്ചിലാണെന്ന്
പറയാതെ അറിയുന്നത്,
ആത്മാവുകള്‍
ഒട്ടിച്ചേരുമ്പോഴാകാം …

എങ്കിലും ,
പ്രാണനില്‍ ലയിച്ച
പ്രണയത്തെ വേറിട്ടു കാണാന്‍
പാഴ്ശ്രമം നടത്തുന്നത്
പ്രാണനില്‍ കൊതിയില്ലാത്തതു
കൊണ്ടാകാം…

ചുടു നിശ്വാസവും
ചൂടുകാറ്റും
ഒരുപോലെ എന്ന തോന്നല്‍
ചുടുകാടിന്‍ അകലം
കുറവായതിനാലാകാം ...

ഏതോ ഓര്‍മ്മയില്‍

അന്നു പകര്‍ന്ന അഗ്നിയില്‍
വെണ്ണീറായ ഹൃദയത്തില്‍ നിന്നൊരു നുള്ള്
ഇന്നു നീ നെറുകയില്‍ തൊടാന്‍
ആവശ്യപ്പെടുന്നുവോ… ?

പിന്നീട് നീയയച്ച കൊടുങ്കാറ്റ്

എല്ലാം ചിതറിച്ചു കളഞ്ഞത്
അറിഞ്ഞില്ലെന്നു ഭാവിക്കയോ… ?
ധൂളികള്‍ വീണ്ടും ഒത്തു കൂടുമെന്ന്
വൃഥാ നീ മോഹിക്കയോ… ?

അന്തിത്തിരി തെളിക്കാനായ്‌

ഒരു തറ കാത്തിരിക്കുമെന്ന്
വെറുതേ നിനയ്ക്കുകയോ …. ?

അപ്പോഴും എന്തേ നീയോര്‍ക്കാത്തൂ,
ചാരത്തിനെന്തേ ഇപ്പോഴുമിത്ര ചൂടെന്ന് ...
വഴിത്താരകളില്‍ ,

ഈറന്‍ കാറ്റിനു കൂട്ടായ്
വരുന്നൂ സ്വപ്നങ്ങളെന്ന് …
നിനക്കിനി ആ സ്വപനങ്ങള്‍
മാത്രം സ്വന്തമെന്ന്…

കാട്ടുപൂവിനോട്

കണ്ടു കൊതി തീര്‍ന്നില്ല കാട്ടുപൂവേ
നിന്നെ കൂടാതെ കാടു വിട്ടവനു ജീവനില്ല കാട്ടുപൂവേ...
വഴിയിലെങ്ങോ മറന്നു വച്ച നിന്നെ
ഇരു മിഴികള്‍ തേടിയുഴറുന്നു പൂവേ …

നിന്‍ സുഗന്ധമില്ലാതെ കരിഞ്ഞുണങ്ങുന്നു
അവന്‍റെ ദിനരാത്രങ്ങള്‍ കാട്ടുപൂവേ...
കാടേതു നാടേതെന്ന് അറിയാത –
ലയുന്നു അവനിന്നു പൂവേ ..
നിന്‍ ഹൃത്‌സ്പന്ദനങ്ങള്‍ മാത്രം
ഘടികാര ശബ്ദം പോല്‍ അവനിന്നു
കേള്‍ക്കുന്നു കാട്ടുപൂവേ…

മരണ താഴ്വാരത്തു നിന്നവനെ
തിരികെ വിളിച്ച പൂവേ,
ഇന്നു നീയവനുടെ എത്ര
അകലത്താണ്‌ കാട്ടുപൂവേ...
സ്മരണകളില്‍ നിറയുന്ന
നിന്‍ അനന്യ രൂപമാ മനസ്സില്‍
തെളിയ്ക്കുന്നു ദീപങ്ങള്‍ പൂവേ …

ഋതു ഭേദങ്ങളറിയാതെ അവനിന്നു
യുഗാന്തരങ്ങളിലേയ്ക്ക് തിരികെ
പോകുന്നു കാട്ടുപൂവേ...
കൈക്കുമ്പിളിലൊതുക്കാന്‍ ,
ഹൃദയത്തോടു ചേര്‍ക്കാന്‍
അവനിന്നെവിടെയോക്കെയോ
തേടിയലയുന്നു കാട്ടുപൂവേ…

നീയവനില്‍ ലയിച്ചെന്നോ,
അവന്‍ നിന്നില്‍ ലയിച്ചെന്നോ
അറിയാതെയവന്‍ നിന്നെ
തേടിയലയുന്നു കാട്ടുപൂവേ….

ശൂന്യതയിലേയ്ക്ക്‌

പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍
ഓര്‍മ്മിപ്പിച്ചത് അവളായിരുന്നു .
കൊടുത്ത് നേടാനുള്ളതു തന്നെയാണ്
സ്നേഹമെന്ന് അവള്‍ പറയുകയായിരുന്നില്ല ...
തുള്ളിക്കുതിച്ചു ഒഴുകും കാട്ടാറുപോല്‍
പായുന്ന സ്വപ്‌നങ്ങള്‍ അവള്‍ക്കേറെ -
ഇഷ്ടമായിരുന്നു …. നിശ്ചലമാം തടാകം അവനും ...

കാതങ്ങള്‍ പിന്നിട്ടു തടാകത്തിലെത്തിയ നേരം

ഒന്നായിത്തീര്‍ന്ന നേരം
ഒരു നിമിഷം എല്ലാം നിശ്ചലമായതും
ഒടുവിലാ സ്നേഹം അടിത്തട്ടുവരെ
ചലനം കൊള്ളിച്ചപ്പോള്‍
അവന്‍റെ മനസ്സും ശരീരവും
കാട്ടാറില്‍ ലയിക്കുകയായിരുന്നു .

വേര്‍തിരിച്ചറിയാന്‍ കഴിയില്ല

ഇനിയതിനൊട്ടു ശ്രമവുമില്ലാ
എങ്കിലും … എവിടെയോ .. ആരോ …,
തടയണ ഉയര്‍ത്തിയതും
സ്വപ്‌നങ്ങള്‍ ജലോപരിതലത്തില്‍
പൂര്‍വസ്ഥിതി പൂകുന്നതും
കണ്ടു മൂകമുരുകുന്നു അവര്‍ …

ഹൃത്തിന്‍ സ്പന്ദനം അറിയാതെ പോകുന്ന

നിര്‍വികാരതകള്‍ തീര്‍ക്കുന്ന തടസ്സങ്ങള്‍
ഗോളാന്തര ശൂന്യത വിലയ്ക്കു വാങ്ങുമ്പോള്‍
തമസ്സില്‍ നിന്നുയരുന്ന തേങ്ങലുകള്‍
കേള്‍ക്കാനൊരു കാതിനും
കഴിവില്ലാതെ പോയിരിക്കാം …

ഇടയ്ക്കിടെ മുഴങ്ങുന്ന കുളമ്പടിയൊച്ചകള്‍
മണിനാദങ്ങള്‍ , അറിയിക്കുന്നത്
നിശ്ചലതയില്‍ നിന്നും കല്ലോലിനിയെ
അടര്‍ത്തി മാറ്റുവാന്‍ ശ്രമം തുടങ്ങിയെന്നോ ... ?
പാഴ്വേലകള്‍ നിര്‍ത്തുക, മുഴങ്ങുന്നത്
'അവന്‍റെ' വരവിന്‍ മുന്നോടിയെന്ന് അറിയുക …

ആത്മഗതം

ഇരുളിന്നാഴങ്ങളില്‍ എവിടെ നിന്നോ
ഇണക്കിളികള്‍ തന്‍ ആത്മവേദന
നേര്‍ത്തൊരീണമായ്, നൊമ്പരമായ്‌ ,
പ്രപഞ്ചമേറ്റു വാങ്ങീടവേ
ഉന്മേഷമില്ലാതുണരുന്ന അര്‍ക്കനിലും
തെളിയുന്നതിന്‍ പ്രതിഫലനം .

നെഞ്ചോടൊട്ടിയ ഓര്‍മ്മകളെ
കമ്പിളിയില്‍ പൊതിഞ്ഞു വച്ച്
വീണ്ടും കാണാമെന്ന പാഴല്ലാതൊരു
വാക്കും നല്‍കി പുറപ്പെട്ടത്‌
ഓര്‍മ്മ പോലും അല്ലാതാകുന്ന
ഇന്നിന്‍ ചാരം മൂടിയ കനല്‍
വാരിയെടുക്കാനായിരുന്നു എന്നത്
വൈചിത്ര്യം ആയിരിക്കാം .

അകക്കാമ്പില്‍ തെളിയുന്ന
ചിത്രങ്ങളില്‍ ഏതിനു നിറ-
മേതിനു നിഴലിന്‍ നിഴലു-
മെന്നതും അജ്ഞാതം .

പിടി തരാതലയുന്ന വന്ധ്യമേഘങ്ങളെ
പിന്തുടരാന്‍ മനസ്സ് വെമ്പിയതും
ഏതോ ഭ്രമാത്മകമാം ചിന്തകളാല്‍
ഒപ്പം യാത്രയാകാന്‍ പ്രേരിതമായതും
ജീവിതത്തിന്‌ നാനാര്‍ത്ഥങ്ങള്‍
കണ്ടെത്താനുള്ള ശ്രമം ആയിരുന്നിരിക്കാം.

അല്ലെന്നും , ഒരെയൊരര്‍ത്ഥം മാത്രം,
ഇതാണ് നേരായ വഴിയെന്നും
മന്ത്രിച്ചത് ഹൃദയം തന്നെയായിരുന്നു.
ഇളം കാറ്റേകിയ സുഗന്ധവും
കൊടുങ്കാറ്റിന്‍ രൌദ്രതയും
ഏറ്റു പാടിയ കവി തൊണ്ട-
പൊട്ടിയലറിയതും അതു തന്നെ
ആയിരുന്നു എന്നത് കാലത്തിന്‍
വികൃതി മാത്രമായിരിക്കാം .

സന്ധ്യയ്ക്ക്‌ കൂടണഞ്ഞ്
ഓര്‍മ്മകള്‍ തിരഞ്ഞവര്‍ക്ക്
നെറ്റിയില്‍ തൊടാനോ അതോ,
ഉമ്മറത്ത് തൂക്കാനോ,
ഇന്നിന്‍ ചാരം നല്‍കിയതെന്നത്‌
ഒരു കടങ്കഥയുമായിരിക്കാം.

അറിവും തിരിച്ചറിവും

ഉറയ്ക്കാത്ത ചുവടുകള്‍
മുറ്റാത്ത ചിറകുകള്‍
അരിഞ്ഞു വീഴ്ത്തുന്ന കാടത്തം
നിരത്തുന്ന നീതി ശാസ്ത്രം,
പിളരുന്ന ഹൃദയത്തിന്‍ നേര്‍ ‍പകുതി
ഉണക്കി സ്മാരകമാക്കണമെന്നത്രേ .

ഉപ്പുലായനിയില്‍ മുക്കിയും പൊക്കിയും
പിന്നെ ഉണക്കിയും രസിക്കട്ടെ ..
അതു കണ്ടുണങ്ങുന്നത്
സ്വഹൃദയമെന്നറിയുമ്പോള്‍ പിന്നീടൊരു
സ്മാരകം വേണ്ടെന്നതു തിരിച്ചറിവാകും .

വേദനകള്‍ക്കു പകരം വേദാന്തം
വിളമ്പി ഊരിന്‍ മാനം ,
മാനം മുട്ടെ വളര്‍ത്തുമ്പോള്‍
ചിതറിത്തെറിക്കുന്ന തൂവലുകളില്‍
രക്തക്കറ ഉണങ്ങിത്തുടങ്ങിയിരുന്നില്ല
എന്നാതാരറിഞ്ഞു ...?

അലറി വിളിച്ച വായ്
അടയാതെ തന്നെ നില കൊള്‍കെ
വായ്ക്കരി തേടി പോയവന്‍റെ പിണം
വഴി വക്കില്‍ ഉറുമ്പരിക്കുന്നു .
പൂക്കള്‍ ഒത്തുചേര്‍ന്ന് ഉരുണ്ടുരുണ്ട്‌
അവന്‍റെ നെഞ്ചില്‍ സ്ഥാനമുറപ്പിക്കുന്നു .

പുഞ്ചിരിയാല്‍ പുഷ്പ ഹാരങ്ങള്‍
മുന്നില്‍ നിരന്ന നാളുകളില്‍ ,
പിന്നിലെ കത്തികള്‍ കാണ്‍കെ
ആര്‍ത്തിയോടെ ആ നെഞ്ചിലേക്കു
പടരാന്‍ അവ വെമ്പിയതും കണ്ടതില്ല .
ദംഷ്ട്രകള്‍ തിളങ്ങുന്നു ,
നാവു നൊട്ടി നുണയുന്നു..
അറിയാതെ പോകുന്ന പിന്നാമ്പുറ-
ക്കാഴ്ചകള്‍ നല്‍കുമോ ,
മലരുകള്‍ക്കു പുത്തന്‍ കോലങ്ങള്‍ ?

ചാക്രികം

പഴുത്തിലയ്ക്കു യാത്രാമൊഴി ചൊല്ലാന്‍
പൂതിയോടെ കാത്തിരുന്ന പച്ചില വീണു.
ഏതോ വിരലുകളാല്‍ നുള്ളിയെറിയപ്പെടവേ
ഒരു തുള്ളി കറയിറ്റിച്ച് പാഥേയമൊരുക്കുന്നു താതന്‍ ...

വേരുകള്‍ ആലിംഗനം ചെയ്തെങ്കിലും
മാരുതനുടെ മനം മയക്കും പ്രലോഭനത്താല്‍
എങ്ങോ മറഞ്ഞ പച്ചില തന്‍ തേങ്ങലുകള്‍
ഉലച്ചതിനാലോ, അറിയാതെ പോയീ,
പഴുത്തിലയുടെ വിധി ആ മാതൃഹൃദയം...
അന്ത്യ കര്‍മ്മത്തിന്നായ് ഒരു തുള്ളി കറയിറ്റിയില്ല..
ആലിംഗനം ചെയ്തില്ല ശാഖകളുമേ ...

ഗുണമേറും മണ്ണു തേടി പാഞ്ഞ വേരുകള്‍
രക്തത്തെ തിരിച്ചറിയവേ,
തളിരുകളില്‍ തെളിഞ്ഞത് ഇന്നലെ
കണ്ടവരുടെ കരച്ചിലുറങ്ങിയ
പുഞ്ചിരിയായിരുന്നു ..

തായ് വേരിന്‍ മനം തുടിച്ചത്‌
ആ ഇളം തളിരിനെ പുണരാനായിരുന്നു.
എന്നിട്ടുമാ നാവു ചൊന്നത്
അറിയാതെ പോലും നോക്കരുതീ
നൂല്‍ ബന്ധങ്ങളെ എന്നായിരുന്നു.
തലയുയര്‍ത്തി തുള്ളിച്ചു തുള്ളിച്ചു
നിന്‍ ജീവിതം മുന്നോട്ടുന്തുക …

കൊടുങ്കാറ്റില്‍ സഹായിക്കും
നിന്നെ ആ ചില്ലകളെന്നാലും
അതുമൊടിഞ്ഞു വരിക താഴേയ്ക്ക്
എന്നത് ആ പടുമനസ്സിന്‍
ദുശ് ചിന്തകള്‍ മാത്രവും .

കാലവും ഞാനും

കരയരുത് നീയിനി കരയരുത്
കടലുകള്‍ നിന്‍ കണ്ണീരിന്‍
ഉപ്പു ഏറ്റു വാങ്ങുമെന്ന്
കരുതരുത് ...
അവയ്ക്കുണ്ട് മറ്റു ധര്‍മ്മങ്ങള്‍
എന്നത് മറക്കരുത് .

ചിരിക്കരുത് ...
അത് ഭ്രാന്തിന്‍റെ തുടക്കവും
ഒടുക്കവുമെന്നു വിധിയെഴുതാന്‍
കച്ചകെട്ടിയ വമ്പന്‍ ഭ്രാന്തുകളിവിടെ
കാത്തിരിക്കുന്നു ... മറക്കരുത് ...

മിണ്ടരുത് ...
നിന്‍ വാക്കുകള്‍
തേനില്‍ മുക്കിയ വിഷമെന്നും
വിഷം പുരട്ടിയ ശരമെന്നും
വിലപിക്കുവാന്‍ തൂലികകള്‍
ഉറക്കമിളയ്ക്കുന്നു .

എന്നിട്ടും ,
നിന്‍ മിഴികള്‍ വരണ്ടുണങ്ങുന്നതു വരെ
ചിരിച്ചു കൊണ്ടു നീ പുലമ്പുന്നുവോ ..
നിന്‍ ഭാഷണങ്ങള്‍ പതിച്ച കര്‍ണ്ണങ്ങള്‍
കണ്ണ് ചൂഴ്ന്നെടുക്കപ്പെടുന്ന കുരുന്നുകളുടെ
നിലവിളികള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നുവോ ...?
അറിയാ തീരത്തെവിടെയോ
ഉപ്പു പരലുകള്‍ തിരയുന്നുവോ
ആ വിരലുകള്‍ ..?

ചക്രവാളങ്ങള്‍ മൌനം പാലിക്കുന്നത്
നിന്‍ തേങ്ങലുകള്‍ക്ക് കാതോര്‍ക്കാനെന്നോ ...
ചിറകടിച്ചു പറന്നകലുന്നത്
മോക്ഷം തേടുന്ന ആത്മാക്കളെന്നോ ...
അപ്പോഴും ,
മുന്നിലും പിന്നിലും എന്നിലും
നിറയുന്ന ശൂന്യതയില്‍ മുഴങ്ങുന്നത്
നിന്‍ പ്രഭാഷണങ്ങളല്ലോ
എങ്ങും പ്രതിധ്വനിക്കുന്നതും അവയല്ലോ ...

അരുതുകള്‍ ഒത്തിരി ..
എന്നിട്ടുമെന്തേ ഇന്നു നീയെനിക്കു
നല്‍കിയീ മഹാ ശൂന്യത ..?
കാലമേ നിയതമാം നിന്‍ വഴിക്കു നീ പോകവേ
കഥയറിയാതെ ആട്ടം കാണുവോര്‍ ഞങ്ങള്‍
പിന്നാലെയും...
നമ്മെ ബന്ധിപ്പിക്കുവാന്‍
കാലപാശവും ...

പ്രിയ സഖീ

മയില്‍പ്പീലിയഴകായ് വരൂ സഖീ
നീയെന്‍ ചാരെ അണയൂ സഖീ

സുരലോക റാണിയായ് നീ വരും നേരം
പ്രകൃതി തന്‍ പുണ്യമായി വര്‍ഷവും വരും.

ഓരോ മഴത്തുള്ളിയിലും നിന്‍ രൂപമല്ലൊ-

രായിരം മുത്തുകളുടെ തിളക്കമായിരുന്നുവല്ലോ .
നിന്‍ ചിരിയില്‍ അലിഞ്ഞു പോയതെന്‍
ദുഖമല്ലതു ഞാനായിരുന്നുവല്ലോ .

നിന്‍ തപ്ത നിശ്വാസങ്ങള്‍ മൂലമോ
നിന്‍ ഹൃത്തിന്‍ ചലന ചടുതയാലോ
കാര്‍മേഘങ്ങള്‍ ഇത്ര വേഗമണയുന്നതെന്ന
സന്ദേഹം ഒട്ടുമേ മറയ്ക്കുവതില്ല ഇന്നു ഞാന്‍ .

ഒട്ടു ഞാനൊന്നു കാതോര്‍ക്കട്ടെ പ്രിയേ
ആ നെഞ്ചകത്തിന്‍ സ്വരലയത്തിന് .
ഇന്നാ താളത്തില്‍ അലിഞ്ഞു ചേര്‍ന്ന
എന്നെ ഞാനൊന്നു കണ്ടു കൊള്ളട്ടെ .

നന്ദി സഖീ നിനക്കൊരായിരം നന്ദി

എന്‍ ഹൃദയത്തെ കാത്തു സൂക്ഷിക്കുവാന്‍
എന്തു കാരണമെന്നറിവില്ലെന്നാലും അറിയുക,
നീ നേടിയത് പ്രണയമല്ലെന്‍ പ്രാണന്‍ തന്നെയല്ലോ .

ഇണക്കവും പിണക്കവും

മനസ്സേ എന്തേ നില്‍ക്കാത്തൂ
നീയെന്‍ കൂടെ .
മലകള്‍ കയറുന്ന ഞാനെങ്ങനെ
നീയില്ലാതെ മുകളിലെത്തും ..
മുള്ളുകള്‍ നിറഞ്ഞ വഴിത്താരകളില്‍
നീയില്ലാതെങ്ങനെ ലക്‌ഷ്യം കാണും .

സ്വപ്ന ലോകത്തേയ്ക്ക് പോകുമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
മരണ തീരത്തേയ്ക്ക് നടക്കുന്നു നീ ..
മരണ തീരത്തേയ്ക്ക് ഞാന്‍ പോകും നേരമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
പൂക്കളില്‍ നോക്കുന്നു നീ.

വെള്ളച്ചാട്ടങ്ങളിലൂടെ പതഞ്ഞൊഴുകുന്നത്
ലഹരിയാണെന്നു തെറ്റിദ്ധരിപ്പിച്ച്
എങ്ങു മറഞ്ഞു നീയെന്‍ മനസ്സേ ...
സമാന്തര രേഖകള്‍ക്ക് മുകളിലൂടെ
അലറിപ്പായുനത് ജീവിത സത്യമെന്നു
ചൊല്ലി മോഹിപ്പിക്കുനുവോ ..
അഗ്നിക്ക് തണുപ്പാണെന്ന് ചൊന്ന
നിന്നെ ഞാന്‍ പരിഹസിച്ചില്ലല്ലോ ..
സിരകളിലൊഴുകുന്നത് പാഴ്ജലമാണെന്നും
ഈ സമര ഭൂവില്‍ വളക്കൂറേകാനുള്ള -
താണെന്നും പറഞ്ഞതല്ലേ ഞാന്‍ .

പിന്നെന്തിനു നീയവയ്ക്കു നല്‍കീ
അക്ഷര രൂപങ്ങള്‍ ?
ഇന്നവയുമെന്നെ മാടിവിളിക്കുന്നു .
തൂലികത്തുമ്പില്‍ നിന്നൂര്‍ന്ന പൈതങ്ങള്‍
കുഞ്ഞരിപ്പല്ലുകള്‍ കാട്ടി വിളിക്കുന്നു
അവരുടെ ലോകം വിശാലമത്രേ ...
പ്രണയത്തില്‍ അവിശ്വസിച്ചവര്‍ പറയുന്നു
ഇവിടെ നിത്യ സത്യം പ്രണയം മാത്രമെന്ന് ...
ധീര വിപ്ലവകാരികള്‍ അഭിമാനത്തോടെ വിളിക്കുന്നു
വരിക ... സുവര്‍ണ്ണ സുന്ദര -
സമത്വ പൂര്‍ണ്ണമീ മായാലോകം...

നിലാവില്‍ തിളങ്ങുന്ന ശുഭ്ര വസ്ത്രം
ധരിക്കാനിനി എത്രയെത്ര പാഴ്വേലകള്‍
ചൊല്ലിത്തരും നീ
ദശാസന്ധികളില്‍ പതറാതെ
നീയെന്‍ കൂടെ വന്നാല്‍ നല്‍കാം
നിനക്കായ് ഞാനൊരു മണിമാളിക .
താഴേയ്ക്ക് പണിയുന്ന കൊട്ടാരത്തില്‍
സുല്‍ത്താനായ് വാഴിക്കാം ,
നമുക്കൊന്നായ് തുടരാം .

തിരഞ്ഞെടുപ്പ്

വരവായ് കാഴ്ചക്കോമരങ്ങള്‍
നാനാവിധ കാഴ്ച്ചകളുമായ് ..
കഴുതകളുടെ കാലുതൊട്ടു അനുഗ്രഹം -
തേടും ഭക്തരുടെ ആനന്ദാതിരേകം
കണ്ടു കോള്‍മയിര്‍ കൊള്‍ക ...

ഇന്നലെ ഇരുളിന്‍ മറവില്‍
വെട്ടിമാറ്റിയ തലയില്ലാ ഉടലിനു
ഇന്ന് കണ്ണീരോടെ പൂക്കളര്‍പ്പിക്കുന്ന
അധികാര മൃഗതൃഷ്ണ..

ദന്ത പരിപാലകര്‍ക്ക് ശുക്രകാലം
തെളിയുന്നിവരുടെ പുഞ്ചിരി തെളിച്ച്
എന്തും പറയാം ആര്‍ക്കുമിന്നേരം
മനം മയക്കും മന്ദസ്മിതത്താല്‍
ക്ഷമയുടെ പര്യായമാകുന്ന
അഭിനവ ആചാര്യന്‍മാര്‍ കാട്ടുന്ന
പാത പിന്തുടരാന്‍ കുട്ടിക്കഴുതകള്‍
പിന്നാമ്പുറത്തു കുപ്പായം ഒരുക്കുന്നു .

കൊമ്പത്തേറാന്‍ ‍ മത്സരിപ്പോര്‍
ചൊല്ലുന്നതൊക്കെയും വേദവാക്യമായി
കണ്ടോരു തലമുറ മറഞ്ഞ വിവരം
അറിയാത്ത ഇന്നത്തെ കഴുതകള്‍ ആര്?

ഇന്നലെ കടിച്ചോരു പാമ്പിനെ
ഇന്ന് പാലൂട്ടി തോളേറ്റുന്ന
കാഴ്ചകള്‍ മറയ്ക്കാന്‍ പലരും
നെട്ടോട്ടമോടുമ്പോള്‍ അറിയുക
നിങ്ങള്‍ക്കായി ഒരുങ്ങുന്നു വടികള്‍
ജനഹൃദയങ്ങളില്‍ ഏറെയേറെ .

കാറ്റത്തു പാറിയ പൊടിമണ്ണില്‍
മക്കള്‍ തന്‍ ചോരമണം അറിയുന്ന
അമ്മമാരുടെ തേങ്ങലുകള്‍
ഓര്‍ക്കുക നാം ഇത്തരുണം ...
പണത്തിന്നായ് നാടിനെ ഒറ്റിയ
പിണങ്ങളെ തിരിച്ചറിയുക നാം ...
ഭരണം മറന്ന അധികാരികളുടെ
നിഷ്ക്രിയത്വം കുരുക്കിട്ട
കര്‍ഷകര്‍ തന്‍ ദുര്‍വിധി മറക്കരുത് നാം ...
ബാലികമാരില്‍ കാമപ്പേക്കൂത്ത് നടത്തിയ
പിശാചുക്കളെ നിയമ പുസ്തകത്തിലൊളിപ്പിച്ച
അധികാര കോണിപ്പടികളെ തകര്‍ക്കുക നാം ...

ഇല്ലെങ്കില്‍ ,
ദിശാസൂചി നേര്‍ ദിശയിലല്ലെങ്കില്‍
ഇനി ഉറങ്ങുക ...
ചൂണ്ടു വിരല്‍ മടക്കി ഉറങ്ങുക നാം ...

ഊടും പാവും

അറിഞ്ഞിരുന്നില്ല ആ മിഴികള്‍
ആരുമറിയാതെന്‍ പിന്നാലെയുണ്ടെന്ന്
എന്‍റെ എല്ലാ ചലനങ്ങളും വീക്ഷിച്ചു
നീയെന്‍ കൂടെയുണ്ടെന്ന് .
എങ്ങുമേ കണ്ടില്ലല്ലോ ഒരിക്കല്‍ പോലും ഞാന്‍
ഒടുവില്‍ നിന്‍ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം,
കാതോരം അതൊരു മര്‍മ്മരമായപ്പോള്‍
ഹൃത്തിന്നഗാഥതയില്‍ നിപതിച്ചോരു വാക്കായപ്പോള്‍
അറിയാതെയറിതെ മനമോതുന്നു
ഇന്നു നീയെന്‍റെ ആരോക്കെയോയെന്ന് .
നിന്‍ സ്നേഹത്താല്‍ എന്നിലെ മാറ്റങ്ങള്‍
അത്യത്ഭുതാത്താല്‍ കാണുന്നു ഞാന്‍ .

നിന്‍ സ്വരവ്യത്യാസങ്ങള്‍, നിശ്വാസങ്ങള്‍
നൊമ്പരങ്ങളുടെ അറിയാക്കഥകളായപ്പോള്‍
നമ്മിലെ പൊയ്മുഖങ്ങള്‍ ഊര്‍ന്നു വീഴുകയായിരുന്നു .
നിന്‍ കണ്ണുകളിലെ അഗ്നിത്തിളക്കമറിഞ്ഞ് ,
ആ ചൂടില്‍ എരിയാന്‍ തയ്യാറാകുന്നൊരു-
മനസ്സും പിറക്കുകയായിരുന്നു .

കൈക്കുടന്നയില്‍ ആ പൂര്‍ണ്ണേന്ദുവിനെ
കോരിയെടുത്തു കണ്‍കളില്‍ ആവാഹിച്ചത്
ഹൃദയഭിത്തിയില്‍ പതിപ്പിക്കാനായിരുന്നു .
അന്നേരം കാതുകടിച്ചു നീ ചൊന്നതെല്ലാം
എന്നാത്മാവിനോടായിരുന്നു .
അന്നു നീ പകര്‍ന്ന മധുവിനു വീര്യം കൂടിയത്
നിന്നധരം നല്‍കിയ അധിമധുരം
ആയിരുന്നിരിക്കാം.

ഓരോ കൂടിക്കാഴ്ചകളും
ഒരായുസ്സിന്‍റെ സായൂജ്യം
നല്‍കുന്നതും അറിയുന്നു ഞാന്‍ .
കൈയെത്തും ദൂരത്താകിലും
കാതങ്ങള്‍ക്കകലെ എന്ന പോലാകാന്‍ കാരണം
ബന്ധങ്ങള്‍ ഊടുംപാവും തീര്‍ക്കുന്ന
വലയ്ക്കുള്ളിലാണ് നാമെന്ന സത്യമായിരിക്കാം .

കണ്ണുകള്‍ തീഗോളങ്ങളുടെ
കഥകള്‍ പറയട്ടെ....
കാതുകള്‍ കേള്‍ക്കട്ടെ പ്രണയാര്‍ദ്രമാം
നിസ്വനങ്ങള്‍ ...
സഖീ, നീയിന്നെന്‍ ജീവന്‍റെ ജീവനായ്
സ്വപ്നങ്ങളിലെല്ലാം നിറഞ്ഞു ജീവിക്കുന്നു
ഒരു വിളിപ്പാടകലെ ...

എങ്കിലും ചില അതിര്‍വരമ്പുകള്‍
പാലിക്കപ്പെടേണ്ടവ തന്നെയെന്ന്‌
അംഗീകരിക്കുന്നു വിവേകം.
മനുഷ്യ കുലത്തില്‍ത്തന്നെ നാമെന്ന
ചിന്ത നല്‍കും ആത്മബലത്താല്‍ .

നനവുള്ള നിനവുകള്‍

നിന്‍റെ വാക്കുകളില്‍
സൌമ്യത നിറഞ്ഞപ്പോള്‍
തുടിച്ചതെന്തിനെന്‍ നെഞ്ചകം ?
ഇടയിലെപ്പോഴോ ഘനീഭവിച്ച
മൌനം പറഞ്ഞു തന്നതു
നിന്നുള്ളിന്‍ മന്ത്രണങ്ങളായിരുന്നു.
ആരെന്നോയെന്തെന്നോ
അറിയില്ലെന്നാകിലും
നിന്‍ മനമറിയുന്നു ഞാനിന്നെന്നതും സത്യം

കാലപ്പകര്‍ച്ചകള്‍ നല്‍കിയ

വടുക്കള്‍ നിറഞ്ഞ
വരണ്ടുണങ്ങിയ ഭൂവിലേയ്ക്ക്
രണ്ടിറ്റു കണ്ണീരു പോലും നല്‍കാതെ
എങ്ങോ നീ മറഞ്ഞപ്പോള്‍
നീറിപ്പിടഞ്ഞ ഈ നെഞ്ചിന്‍ കൂടു -
ഞാന്‍ തല്ലിപ്പൊട്ടിക്കുകയായിരുന്നു .

പിന്നെയെപ്പോഴോക്കെയോ

ഒരു മിന്നായം പോലെ
നിന്‍ സാന്നിദ്ധ്യമറിഞ്ഞ മനം
ഇനിയുള്ള വരവുകള്‍ക്കായ്
കാത്തിരിക്കവേ,
പിന്നിലായിപ്പോയീ തങ്ങളെന്ന
ചിന്തയാല്‍ വേഴാമ്പലുകള്‍
വെള്ളം കുടിച്ചു തുടങ്ങുകയായിരുന്നു.

കണ്ണുകളില്‍ കുടുങ്ങിയ കാഴ്ചകള്‍

ഒഴിയാതെ ഞാനെങ്ങനെ
ഉറങ്ങുമെന്ന് ഒരു മാത്ര
നീയൊന്നു നിനച്ചിരുന്നുവെങ്കില്‍ ...

മനസ്സറിഞ്ഞു നല്‍കീടുവാന്‍
കാത്തു വച്ച സ്വപ്‌നങ്ങള്‍
കൊന്നകള്‍ അപഹരിച്ചുവല്ലോ...
എടുക്കില്ലേ അവയെല്ലാം,
എന്‍ ആശകളെന്നോര്‍ത്തെങ്കിലും നീയെടുക്കില്ലേ ...

പാഴ്ജന്‍മങ്ങള്‍

വാക്കുകള്‍ക്കു മൂര്‍ച്ചയേറ്റാന്‍
പേനാക്കത്തി രാകുന്ന
നവലോക കാഴ്ചകള്‍ .
പെരുവിരല്‍ അറുത്തു മാറ്റപ്പെട്ട
വലംകൈ ചൊരിയുന്ന
നിണച്ചാലുകള്‍ എഴുത്തിനു -
നല്‍കുന്ന , ഇനി നല്‍കാത്ത
പുത്തന്‍ മാനങ്ങള്‍ .

കട്ടില്‍ക്കീഴിലെ തുപ്പല്‍ക്കോളാമ്പിയില്‍
നിന്നും വമിക്കുന്ന ദുര്‍ഗന്ധത്താല്‍
വെറുപ്പോടെ കഴിഞ്ഞ കാലത്തേയ്ക്ക്
നോക്കുന്നവന്‍റെ താടിമീശയില്‍
തടഞ്ഞ കഫത്തില്‍ ഈച്ച ഇര തേടുന്നു .

മനസ്സിന്‍ വൈകൃതം കണ്ടു
മുഖം തിരിച്ച ഭാര്യയുടെ കവിളില്‍
അഹങ്കാരത്തിന്‍റെ മേധാവിത്വം .
തട്ടിയെറിഞ്ഞ ആഹാരം
കാല്‍പ്പാദത്തിന്‍ ആകൃതി പൂണ്ടു
അവളുടെ അടിവയറ്റില്‍ .

കണ്ണുതുറിച്ചു മലര്‍ന്നവളുടെ
കഴുത്തില്‍ നിന്ന് അവസാന പൊന്‍മണിയും
അവന്‍റെ കീശയും ബന്ധത്തിലാകുന്നു ...
ചവുട്ടി മെതിച്ചു നടന്നകന്നവന്‍റെ
പിന്നില്‍ ഭൂമി വിണ്ടു മാറിക്കൊണ്ടിരുന്നു...
ഒരു ചുവടു പോലുമിനി പിന്നിലേയ്ക്കവനില്ല..
മുന്നിലെ ഇരുട്ടല്ലാതെ ഒന്നുമില്ലയീ
പാഴ്ജന്‍മങ്ങള്‍ക്ക്‌ ....

മീസാന്‍ കല്ലില്‍ കൊത്തിവയ്ക്കേണ്ടത്

പുഞ്ചിരിയോടെ കൈ പിടിച്ചു കുലുക്കി
പിന്നെ സ്വന്തം നെഞ്ചത്തുവച്ച്
പറയാതെ പറഞ്ഞ സന്ദേശമെന്തെന്‍
പ്രിയ സുഹൃത്തേ ...പറയുക ..
നിന്നുള്ളില്‍ അവനെന്നോ

ഹൃദയം ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നോ ,
ശുദ്ധീകരിക്കുന്നു ബന്ധങ്ങളിലെ കലര്‍പ്പെന്നോ
പറവതില്ല നിന്‍ പുഞ്ചിരിയൊന്നുമേ ..

ഇന്നാ കൈ കഠാരപ്പിടിയിലമരുമ്പോള്‍ ‍
ഇടനെഞ്ചു പൊത്തി നിന്‍റെയാ ചങ്ങാതി
നിലത്തമരുമ്പോള്‍ ,
മായുന്ന നിന്‍ പുഞ്ചിരിയും
നിറയുന്ന ക്രൌര്യവും
അടയുന്ന കണ്ണുകളില്‍ നിന്നും
മറച്ചു നീയെടുത്തതവന്‍റെ വിവാഹ മോതിരമോ ...

മനുജാ നിന്‍ ചിന്തയും പ്രവൃത്തിയും
അറിയില്ല ദൈവത്തിനു പോലുമെന്നറിയുന്നു ...
എന്തിന്‍റെ പ്രതീകമായിരുന്നുവെന്നോ -
യെന്തിന്‍റെ ശിക്ഷയായിരുന്നുവെന്നോ
നിനക്കാരോടെങ്കിലും പ്രതിപത്തിയുണ്ടാകും നാളില്‍ ,
സൂര്യനു താഴെയവന്‍ വിശ്രമിക്കും നാളിലെന്നെങ്കിലും
മൊഴിയണം..

അല്ലെങ്കില്‍
രണ്ടു കരിങ്കല്ലില്‍ കൊത്തി
രണ്ടു ധ്രുവങ്ങളിലായ്‌ കുഴിച്ചിടുക ...
മുഖത്തോടു മുഖം കണ്ടവരമ്പരക്കട്ടെ ..
ഇടയില്‍ നിന്‍ ചങ്ങാതിയൊന്നുറങ്ങട്ടെ
മനസ്സമാധാനമായ് ...

ചുവരുകള്‍

ആര്‍ത്തിരമ്പുന്ന ചിന്തകള്‍ക്ക്
വിരാമാമിടാനെത്രയോ പേര്‍
ഞങ്ങളെ സാക്ഷികളാക്കി ...
നിശ്ചലമാകുന്ന പങ്കയുടെ കാറ്റിനു
കൂട്ടായ് പോകുന്നു യാത്ര പറയാതൊരു
ചുടുനിശ്വാസവും ...

തീരാക്കടങ്ങളെത്ര എഴുതിത്തള്ളി
ഇവിടെത്തീര്‍ക്കപ്പെട്ട ലിഖിതങ്ങളാല്‍ .
ചെറിയോരു ലോഹക്കഷണത്താല്‍
ചെഞ്ചോരയോഴുക്കിയും
നിദ്രയിലൂടെ മാഹാനിദ്രയെ പൂകിയും ചിലര്‍
ഒരേ പാത്രത്തില്‍ നിന്നു പകുത്തെടുത്തു-
ജീവനെ ഒന്നാക്കിത്തീര്‍ത്ത കമിതാക്കളെത്രയോ...

നാട്ടാര്‍ക്കവിഹിതമെങ്കിലും
ഞങ്ങള്‍ക്കിതു ഹിതമെന്നോതി
പലരെയും അപമാനത്തിലാക്കിയും ചിലര്‍ ...
ആരാനും ചെയ്തോരു പാപഭാരം പേറി
കുടുക്കുകള്‍ മുറുക്കിയും ചിലര്‍
കുസൃതികള്‍ , പിന്നെ രതിയുടെ പാഠങ്ങള്‍
പഠിച്ചു രസിച്ചതും
പരീക്ഷാ വിജയമറിഞ്ഞു -
തേങ്ങലോടെ 'സ്വയംവരം' നടത്തിയതും
ചതികളില്‍ പെട്ടു മാനത്തിനായ് കേണതും
ഇവിടൊരു കുരുക്കില്‍ ലയിച്ചതും എത്രയെത്ര …

അവസാന പിടച്ചിലിനു മുന്നേ നൊമ്പരത്തോടെ
അമ്മേയെന്ന വിളിയുടെ പ്രതിദ്ധ്വനി പൊള്ളിച്ചതീ
ചുവരിലെ പാടുകള്‍
പിഞ്ചോമനകള്‍ക്ക് അവസാന ചുംബനമേകും
കാഴ്ചകള്‍ കണ്ടു പൊട്ടിയടര്‍ന്നതീ കുമ്മായക്കൂട്ടുകള്‍
മാനത്തിനായുള്ള അലറിക്കരച്ചിലുകള്‍
നല്‍കിയതീ വിള്ളലുകള്‍
ഒരിക്കലും അവസാനിക്കാത്ത വേദനകള്‍
ഞങ്ങളുടെയീ മങ്ങിയ നിറം .

ധൂര്‍ത്തുകള്‍ കൈയെത്തും ദൂരത്തു
ഞങ്ങളുടെ പുറം കാഴ്ചകളാകുമ്പോള്‍
അവസാന അന്നത്തില്‍ തുള്ളികളിറ്റിച്ചു
കുടുംബത്തോടെ നിത്യ മോചനം നേടുന്ന
ചുവരിന്നുള്‍ക്കാഴ്ച്ചകളും .…
ഇനിയുമെത്ര കാഴ്ചകള്‍ ഞങ്ങള്‍ക്കായ്‌ ബാക്കി ...

പുതുമയില്ലാത്ത പഴമ

പുച്ഛം... പരമ പുച്ഛം..
അച്ഛനുമമ്മയും പഴഞ്ചരായ്
പഴമ തന്‍ ഗന്ധം നിറയുന്നെങ്ങും
അതിനെ ദുര്‍ഗന്ധമെന്നോതി
മൂക്കു പൊത്തുന്ന പുത്തന്‍ മക്കള്‍ക്ക്‌
എല്ലാം പുച്ഛം .. പരമ പുച്ഛം..

ചേറിന്‍ ചൂരടിച്ചു വളര്‍ന്നവര്‍ക്കിന്നു
ചേറില്‍ മുളച്ച നെല്ലരി കണ്ടാലും ഓര്‍ക്കാനം.
അവരുടെ ലോകം വളര്‍ന്നൂ,
മൂക്കിന്‍ താഴെ മാത്രമായ് ചുരുങ്ങീ കാഴ്ചകള്‍...
വളര്‍ച്ചകള്‍ മേലേയ്ക്കു മാത്രല്ലെന്നവര്‍
പഠിച്ചത് കാലടിയിലെ മണ്ണ് യുഗങ്ങള്‍
താണ്ടി എങ്ങോ പോയ് മറഞ്ഞപ്പോള്‍ മാത്രം ..

ഇന്നെനിക്കു നഷ്ടമായതെന്നെ
ഇനി അവര്‍ക്കവരെ നഷ്ടമാകുവതും ഇന്ന്‌ ..
നാളെ പിറവികൊള്ളും മക്കളവരെ
ഇന്നേ തള്ളിപ്പറഞ്ഞിരിക്കുമെന്നതും നിശ്ചയം..

വേണമെനിക്കവരുടെ ദുര്‍ഗന്ധമാം
സുഗന്ധങ്ങള്‍ എന്നോര്‍മ്മയിലെങ്കിലും
ഇത്ര നാളും ഞാന്‍ ജീവിച്ചതിവിടെയെന്ന
എന്‍റെ മാത്രം അത്ഭുതത്തോടെ എന്നുമോര്‍ക്കാന്‍ ...

പുത്തന്‍ കാഴ്ചകള്‍ക്കിടയില്‍
ഇന്നലെ മറന്നു വച്ച എന്നിലെ ഞാനവിടെയാ
കൈത്തോടിന്നരികെ കാത്തിരിക്കുന്നു..
അവനെയും കൂട്ടി പോകട്ടെ
ഞാനാ ചുടലക്കാട്ടിലേയ്ക്ക്.

ഗിനിപ്പന്നികള്‍

ഞങ്ങള്‍ ഗിനിപ്പന്നികള്‍.
പരീക്ഷണ വിഷങ്ങള്‍ മുഴുവന്‍
ഏറ്റുവാങ്ങി, വേദനയുടെ
കാണാക്കയങ്ങളില്‍ ആണ്ടുപോകാന്‍
വിധിക്കപ്പെട്ടോര്‍.
കൊതിയൂറും വിഭവങ്ങള്‍ക്കു നടുവിലും
പട്ടിണിയുടെ പുത്തന്‍ പാഠങ്ങള്‍
പഠിച്ചും പഠിപ്പിച്ചും
ഞങ്ങള്‍ ഗിനിപ്പന്നികള്‍...

മുങ്ങിച്ചാകാന്‍ വേണ്ടത്ര വെള്ളമുണ്ടായാലും
തുള്ളി തൊടാതെ മരിക്കാന്‍ വിധിക്കപ്പെട്ടോര്‍.

മാനവരാശിക്കു വേണ്ടി
പുത്തന്‍ ഔഷധക്കൂട്ടുകള്‍ക്കായ്
കൂട്ടില്‍ ജന്മം കൊണ്ടു ,
ഇവിടെത്തന്നെയോടുങ്ങുന്നവര്‍ ,
ഞങ്ങള്‍ ഗിനിപ്പന്നികള്‍...

ഹേ, മനുഷ്യരേ,
നിങ്ങള്‍ക്കു വേണ്ടി എത്രയെത്ര
വിഷങ്ങള്‍ ഞങ്ങള്‍ രുചിച്ചു ?
എത്ര തരം വിഷങ്ങള്‍
സിരകളിലേറ്റു വാങ്ങി ഞങ്ങള്‍
കരഞ്ഞില്ല , ശപിച്ചില്ല
വിധിയെന്നോര്‍ത്തില്ല
പുണ്യമായ് കണ്ടു, എല്ലാം.
നിന്‍റെ കുഞ്ഞുങ്ങളുടെ ചിരി തൂകുന്ന
മുഖങ്ങളില്‍ എല്ലാ ദുഖവും മറന്നു ഞങ്ങള്‍.

നിങ്ങളോ ?
ലജ്ജയില്ലേ മനുഷ്യാ...
നീ പടച്ചു വിടുന്ന മാരകായുധങ്ങളുടെ
സ്ഫോടക ശക്തി അളക്കുന്നത്
ആ കുഞ്ഞുങ്ങളുടെ ശവക്കൂനകളുടെ
പൊക്കത്തിനനുസരിച്ചോ ?
ഉലകം നടുങ്ങും ശബ്ദത്താല്‍
അലിഞ്ഞു പോകുന്ന
ചാപിള്ളകളുടെ എണ്ണത്തിലോ ?

ഹേ , അധമന്‍മാരേ ,
നിനക്കിനി എന്തിനു മരുന്നുകള്‍
നിനക്കിനി എന്തിനു കുഞ്ഞുങ്ങള്‍
നിനക്കായ് എന്തിനു ഞങ്ങള്‍
വേദനയുടെ ലോകം വാഴണം ?

നിന്‍റെ പരീക്ഷണങ്ങള്‍
ഇനി അയലത്തെ മക്കളില്‍ തുടരൂ ...
നിന്നയല്‍ക്കാര്‍ നിന്‍റെ മക്കളില്‍
അവന്‍റെ വിഷം നിറയ്ക്കട്ടെ
ഞങ്ങള്‍ ഞങ്ങളുടെ വേദനകളുമായ്
കഴിഞ്ഞ ജന്മത്തിലേക്കു മടങ്ങിക്കൊള്ളാം

അവള്‍

മനം തുളുമ്പും നിനവുകളാല്‍
തുളുമ്പി നില്‍ക്കുന്നു അവളുടെ മിഴികള്‍ ...
തുള്ളിയല്ലതൊരു തടാകമാണ് ..
സ്ത്രീയേ നിന്റെ ജീവിതത്തിന്റെ നിഴല്‍ വീണ തടാകം ...

ജീവിതപ്പാതയില്‍ പകച്ചു നില്ക്കുന്ന നിന്നെ,
കരിയും പുകയും മൂടി നിറം കെട്ടുപോയ നിന്നെ ,
ചുമടെടുത്തു നടുവൊടിയുന്ന നിന്നെ ,
കിടാങ്ങള്‍ക്കിത്തിരി അന്നത്തിനായ്
തുണിയുരിയേണ്ടി വരുന്ന നിന്നെ,
ആര്‍ത്തിയോടെ പിന്തുടരുന്ന കാമക്കണ്ണുകളില്‍
നിന്നു രക്ഷ തേടിയോടുന്ന നിന്നെ,
പ്രതിനിധീകരിക്കാന്‍ ലോക സുന്ദരിപ്പട്ടം-
ചൂടാന്‍ തുണിയുരിയുന്ന ആധുനികതയില്ലേ ...
ഇതിലേറെ എന്താണ് നീ തേടിയത്
ഇതിലേറെ ഏത് പട്ടമാണ് നീയാഗ്രഹിച്ചത് ...

പ്രണയത്തില്‍ വിഷം കലര്‍ത്തിയവളെന്ന
പേരുദോഷം നിനക്കു നേടിത്തന്നതും,
നിന്നില്‍ നിന്നു വന്നവര്‍ തന്നെ ,
സ്ത്രീത്വത്തെ കുഴിച്ചു മൂടുന്നതും,
കാലദോഷം മാത്രമെന്നെന്തിനു -
സ്വയം പരിതപിക്കുന്നു ...?
കാണാതെ പോകുന്ന മറുവശങ്ങള്‍
ഒളിക്കുന്നതു നിന്‍ നിഴലിലല്ലേ ?
നിന്റെ മാറില്‍ നിന്നടര്‍ത്തിയെടുക്കപ്പെടുന്ന
കുഞ്ഞുങ്ങള്‍ക്കും ശവക്കുഴിയ്ക്കുമിടയിലെ -
യകലം അളക്കാന്‍ കഴിയാത്ത വിധം
അടുത്തു പോയെന്നതും ഏതു കാലദോഷം...?
അപ്പോഴും തുള്ളി പോലും ചിന്തുന്നില്ല ആ തടാകം
ഹൃദയ നൊമ്പരങ്ങളുടെ ഉള്‍ച്ചൂടില്‍
ഒക്കെയും ബാഷ്പമായ് ....

ഏകാന്തതയില്‍ നോവായ്‌ പടരുന്നത്
സ്വപ്നങ്ങളുടെ ഓര്‍മ്മയെങ്കില്‍
ഇനിയെന്തിനതു പേറണം നീ..?
വേദനിക്കാന്‍ മാത്രമായിട്ടീ ജന്മം
ആര്‍ക്കെങ്കിലും തീറെഴുതിയെന്നു
ആരു ചൊല്ലിപ്പഠിപ്പിച്ചൂ നിന്നെ ..?

സുഖമെന്നാല്‍ കൂടെ ദുഖവും
കാണുമെന്ന ശാസ്ത്രം ചൊല്ലി
രക്ഷയുടെ ദ്വീപു തേടി പലരുമൊളിക്കവേ ,
പിന്നിട്ട വഴിയില്‍ അവര്‍ മറന്ന
ബാധ്യതകള്‍ ഏറ്റെടുത്തു തളര്‍ന്നതും നീയല്ലേ ...

എല്ലാമൊന്നൊതുക്കണമിനി വേഗം
എങ്ങും തടയാതെ ഒഴുക്കണമെല്ലാ ഓര്‍മ്മകളും
പമ്പയിലോ ഗംഗയിലോ എന്നറിയില്ല ...
എന്നിട്ടൊരു ചങ്ങലയില്‍ ബന്ധിക്കണം -
മനസ്സിനൊപ്പം കാലുകള്‍ പായാതെ
നോക്കുവാന്‍ മന്ത്രങ്ങളുതകില്ലല്ലോ ...